ഡിസംബറിലെ 'പ്രോഗ്രസ് റിപ്പോര്‍ട്ട്' വന്നു; ജുന്‍ജുന്‍വാലയുടെ ഈ സ്‌റ്റോക്ക് ഇന്നുയര്‍ന്നത് 20%!

ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറുത്തുവിടുന്ന തിരക്കിലാണ് കമ്പനികള്‍. തിങ്കളാഴ്ച്ച മികവാര്‍ന്ന 'പ്രോഗ്രസ് റിപ്പോര്‍ട്ട്' പ്രസിദ്ധീകരിച്ചതിന് പിന്നാലെ സമീപകാലത്ത് ലിസ്റ്റു ചെയ്ത മെട്രോ ബ്രാന്‍ഡ്‌സ് വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. രാവിലെത്തെ വ്യാപാര സെഷനില്‍ 20 ശതമാനത്തോളം ഉയരാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് കഴിഞ്ഞു.

545 രൂപയില്‍ വ്യാപാരം തുടങ്ങിയ മെട്രോ ബ്രാന്‍ഡ്‌സ് 9.40 ആയപ്പോഴേക്കും 600 രൂപയിലേക്ക് ചാടിക്കയറി. ഇന്നത്തെ വ്യാപാരത്തിനിടെ 609.50 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില രേഖപ്പെടുത്താനും സ്റ്റോക്കിന് കഴിഞ്ഞു. വെള്ളിയാഴ്ച്ച 507.95 രൂപയിലാണ് മെട്രോ ബ്രാന്‍ഡ് ഇടപാടുകള്‍ നിര്‍ത്തിയത്.

മെട്രോ ബ്രാൻഡ്സ്

വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കാര്യമായ നിക്ഷേപമുള്ള സ്റ്റോക്കാണ് മെട്രോ ബ്രാന്‍ഡ്‌സ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ മെട്രോ ബ്രാന്‍ഡ്‌സ് ഇനിയും കുതിക്കും. കമ്പനിയുടെ ഓഹരി വിലയിലെ ഇപ്പോഴത്തെ വര്‍ധനവ് ശക്തമായ ഡിസംബര്‍ പാദഫലം മുന്‍നിര്‍ത്തിയാണ്.

രാജ്യത്തെ പ്രമുഖ ഫൂട്ട്‌വെയര്‍ റീടെയില്‍ ശൃഖലയായ മെട്രോ ബ്രാന്‍ഡ്‌സ് അറ്റാദായത്തില്‍ 54.63 ശതമാനം വളര്‍ച്ച കണ്ടുകൊണ്ടാണ് ഡിസംബര്‍ പിന്നിട്ടത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 100.85 കോടി രൂപ ലാഭം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലത്ത് 65.22 കോടി രൂപയായിരുന്നു അറ്റാദായം.

ഡിസംബർ പാദം

കഴിഞ്ഞ ത്രൈമാസപാദം മെട്രോ ബ്രാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 59.02 ശതമാനം വര്‍ധിച്ച് 483.77 കോടി രൂപയായി. ഒരു വര്‍ഷം മുന്‍പിത് 304.21 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 140 നഗരങ്ങളിലായി 629 സ്റ്റോറുകളാണ് മെട്രോ ബ്രാന്‍ഡ്‌സിനുള്ളത്.

കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു മെട്രോ ബ്രാന്‍ഡ്‌സിന്റെ ഓഹരി വിപണിയിലെ അരങ്ങേറ്റം. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 295 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍ വിപണിയില്‍ ചെരിപ്പ് നിര്‍മാതാക്കളായ ഫിറ്റ്ഫ്‌ളോപ്പുമായി സഹകരണത്തില്‍ ഏര്‍പ്പെടുമെന്നും മെട്രോ ബ്രാന്‍ഡ്‌സ് അറിയിച്ചിട്ടുണ്ട്.

 
നിർദേശം

എന്തായാലും ഓഹരി വിപണിയില്‍ മെട്രോ ബ്രാന്‍ഡ്‌സിന്റെ വില ഇനിയും കൂടുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ഫൂട്ട്‌വെയര്‍ രംഗത്തെ എതിരാളികളുമായി വെച്ചുനോക്കുമ്പോള്‍ ആരോഗ്യകരമായ മാര്‍ജിന്‍ മെട്രോ ബ്രാന്‍ഡ്‌സ് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് അടുത്ത രണ്ടു മുതല്‍ മൂന്നു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 700-720 രൂപ വരെയ്ക്കും എത്താം. മെട്രോ ബ്രാന്‍ഡ്‌സില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

പിന്തുണ നില

'സ്റ്റോക്കില്‍ പുതിയ ബ്രേക്കൗട്ട് സംഭവിച്ചിരിക്കുകയാണ്. മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. പോര്‍ട്ട്‌ഫോളിയോയില്‍ മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ ഉള്ളവര്‍ അടുത്ത രണ്ടു മുതല്‍ മൂന്ന് മാസത്തേക്ക് ഹോള്‍ഡ് ചെയ്യുന്നതാണ് ഉചിതം. ഓഹരി വില 700 രൂപ വരെ എത്താന്‍ സാധ്യതയുണ്ട്. 540 രൂപയില്‍ മെട്രോ ബ്രാന്‍ഡ്‌സിന് ശക്തമായ പിന്തുണയുമുണ്ട്', സുമീത് ബഗാഡിയ പറയുന്നു.

 
ടാർഗറ്റ് വില

ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാളും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

'ശക്തമായ പാദഫലം കാരണമാണ് മെട്രോ ബ്രാന്‍ഡ്‌സിന്റെ ഇപ്പോഴത്തെ ഉയര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ 53 ശതമാനം അറ്റാദായ വര്‍ധനവ് കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എതിരാളികളെ അപേക്ഷിച്ച് മെച്ചപ്പെട്ട മാര്‍ജിനുകളും കമ്പനിക്കുണ്ട്. വാസ്തവത്തില്‍ ബാറ്റയെക്കാളും മികവാര്‍ന്ന മാര്‍ജിനാണ് മെട്രോ ബ്രാന്‍ഡ്‌സ് അവകാശപ്പെടുന്നത്. അതുകൊണ്ട് മുന്നോട്ടുള്ള നാളുകളില്‍ കമ്പനിയുടെ ഓഹരി വില ഉയരാനാണ് സാധ്യത കൂടുതല്‍. ഐപിഓ സമയത്ത് മെട്രോ ബ്രാന്‍ഡ്‌സ് കിട്ടാത്തവര്‍ക്ക് സ്‌റ്റോക്ക് വാങ്ങാന്‍ പറ്റിയ സമയാണ് ഇപ്പോള്‍. 570 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 720 രൂപ. സ്റ്റോപ്പ് ലോസ് 540 രൂപ', രവി സിംഗാള്‍ അറിയിക്കുന്നു.

അരങ്ങേറ്റം

ഡിസംബര്‍ 22 -ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും അരങ്ങേറ്റം കുറിച്ച മെട്രോ ബ്രാന്‍ഡ്‌സ് നിറംമങ്ങിയ തുടക്കമാണ് ആദ്യം കണ്ടത്. 485-500 രൂപ പ്രൈസ് ബാന്‍ഡില്‍ ഐപിഓയ്ക്ക് വന്ന കമ്പനി 437 രൂപയ്ക്കാണ് പൊതുവിപണിയില്‍ എത്തിയത്. ഇതുവരെ 609.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 426 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 109.76.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X