രാജ്യത്തെ ഏറ്റവും വലിയ ഐപിഒ (പ്രാഥമിക ഓഹരി വിറ്റഴിക്കല്‍) മാമാങ്കത്തിന് അരങ്ങൊരുങ്ങി. ഇന്‍ഷുറന്‍സ് ഭീമനും പൊതുമേഖല സ്ഥാപനവുമായ എല്‍ഐസിയുടെ ഐപിഒ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ മുമ്പാകെ പത്രിക (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 31.625 കോടി ഓഹരികള്‍ അഥവാ കമ്പനിയുടെ 5 ശതമാനം ഓഹരികളാണ് വിഭവ ശേഖരണാര്‍ഥം പ്രാഥമിക വിപണിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക. ഇതിലൂടെ ഏകദേശം 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് വിവരം. ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി മാറിയേക്കും. എല്‍ഐസിയുടെ ഐപിഒയുമായി ബന്ധപ്പെട്ട് ഒരുപാട് സവിശേഷതകള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തയിരിക്കുന്നത്.
എല്‍ഐസി
1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എല്‍ഐസിയുടെ ജനനം. അന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 150-ലേറെ ഇന്‍ഷുറന്‍സ് കമ്പനികളേയും അനുബന്ധ സ്ഥാപനങ്ങളേയും പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ട് മുഖേനയാണ് കമ്പനിയുടെ രൂപീകരണം. 1956 സെപ്റ്റംബര്‍ 1-ന് എല്‍ഐസി സ്ഥാപിതമായി. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ഇന്നൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 69 ശതമാനം വിപണി വിഹിതവും എല്‍ഐസിയുടെ കൈവശമാണ്.
ആസ്തി മൂല്യം
2021 സെപ്റ്റംബര്‍ 30-ലെ അടിസ്ഥാനത്തില്‍ എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം (എയുഎം) 39.56 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തെ ബാക്കിയുള്ള എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആസ്തി മൂല്യത്തിന്റെ 3.3 മടങ്ങും രണ്ടാം സ്ഥാനത്തുള്ള കമ്പനിയുടെ 16.2 മടങ്ങുമാണ്. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ഇരട്ടിയിലധികവും രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനവും മൂല്യം വരും. നിലവില്‍ 28.3 കോടി പോളിസി ഉടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുമുണ്ട്.
ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പിനകളാണുള്ളത്. സ്വീകരിച്ചിട്ടുള്ള പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വിപണി 6.2 ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ 5 വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം സംയുക്ത വളര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്. റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത 5 വര്‍ഷം രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണി 14- 15 ശതമാനം നിരക്കില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് അനുമാനം. ഇതോടെ 2026-ല്‍ ഇന്‍ഷുറന്‍സ് വിപണി 12.4 ലക്ഷം കോടി രൂപയുടേതായി ഇരട്ടിക്കും.
നിക്ഷേപം
ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ (എയുഎം) 37.45 ശതമാനവും അഥവാ 14.81 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എയുഎമ്മിന്റെ 24.77 ശതമാനം അഥവാ 9.8 ലക്ഷ്ം കോടി് രൂപ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം 4.62 ലക്ഷം കോടി രൂപ മാത്രമായിരുന്നു എല്‍ഐസി വിവിധ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നത് എന്നതും ശ്രദ്ധേയം. അതേസമയം, എയുഎമ്മിന്റെ 24.62 ശതമാനം അഥവാ 9.74 ലക്ഷം കോടി രൂപ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുണ്ട്.
ഐപിഒകളുടെ മാതാവ്
ഇന്ത്യന്‍ മൂലധന വിപണിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആണ് എല്‍ഐസിയുടേത്. ഇക്കഴിഞ്ഞ നവംബറില്‍ പുതുതലമുറ സാങ്കേതിക കമ്പനിയായ പേടിഎമ്മിന്റെ 18,300 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയായിരുന്നു ഇതുവരെയുള്ളതില്‍ ഒന്നാമത്. പേടിഎമ്മിന് മുമ്പ് ഈ റെക്കോഡ് മറ്റൊരു പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ കൈവശമായിരുന്നു. 201-ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒ മുഖേന 15,000 കോടി രൂപയാണ് വിപണിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. അതേസമയം, ലോകത്തെ വമ്പന്‍ ഐപിഒയുടെ റെക്കോഡ് സൗദി എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ പേരിലാണ്. 2019-ല്‍ നടന്ന ഐപിഒ മുഖേന സൗദി ഭരണകൂടം 1.92 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications