സമീപ വർഷങ്ങളിൽ വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് ഡിഫൻസ് ഓഹരികളാണ്. "മെയ്ക്ക് ഇൻ ഇന്ത്യ" പോലെയുള്ള തദ്ദേശീയ ഉൽപ്പാദന സംരംഭങ്ങൾക്കായുള്ള സർക്കാറിന്‍റെ പ്രേരണയും ആധുനികവൽക്കരണ ശ്രമങ്ങൾക്കൊപ്പം ഉയർന്നുവരുന്ന പ്രതിരോധ ബജറ്റുകളുമാണ് കുതിപ്പിന് കരുത്ത് പകർന്നത്.
ഈ പശ്ചാത്തലത്തിൽ, പ്രതിരോധ-സുരക്ഷാ സേനകൾക്കായി യുദ്ധ പരിശീലന പരിഹാരങ്ങളും കൗണ്ടർ-ഡ്രോൺ സംവിധാനങ്ങളും തയ്യാറാക്കുന്നതിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ സെൻ ടെക്നോളജീസ് ഓഹരികളെ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 200 ശതമാനത്തിലധികം വളർച്ചയാണ് ഓഹരി നേടിയത്. ഓഹരിയെക്കുറിച്ച് വിശദമായി അറിയാം.
ശരവേഗത്തിലുള്ള കുതിപ്പ്
മൂന്ന് വർഷം മുമ്പ് 185 രൂപയായിരുന്നു സെൻ ടെക്നോളജീസ് ഓഹരിയുടെ ഇന്നത്തെ വില 956.60 രൂപയാണ്. അതായത് ഏകദേശം 860 ശതമാനം ലാഭം. 21.25 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 30.14 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 210.13 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് സെൻ ടെക്നോളജീസ് ഓഹരി നൽകിയത്. നാല് വർഷത്തിനിടയിൽ 1252 ശതമാനം മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു.
1,130.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 297.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ പ്രോഗ്രസീവ് ഷെയേഴ്സ്, സെൻ ടെക്നോളജീസിന്‍റെ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ശക്തമായ ഓർഡർബുക്കും അതിൻ്റെ സമയോചിതമായ നിർവ്വഹണവും മൂലം കമ്പനി തുടർച്ചയായ വളർച്ച കാണിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ 1,100 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
സെൻ ടെക്നോളജീസ്
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുന്ന സ്മാൾക്യാപ് കമ്പനിയാണിത്. പ്രധാനമായും ട്രെയിനിങ് സിമുലേറ്ററുകളുടെ ഡിസൈൻ, നിർമാണം എന്നിവയാണ് ബിസിനസ്. പോലീസ്, അർദ്ധ സൈനിക വിഭാഗങ്ങൾ, സായുധ സേനകൾ, സുരക്ഷാ സേനകൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് കമ്പനി പ്രൊഡക്ടുകൾ നൽകുന്നു. കമ്പനിയുടെ വിപണി മൂല്യം ബിഎസ്ഇയിൽ 7847 കോടി രൂപയാണ്.
വരുമാനം
കഴിഞ്ഞ പാദത്തിൽ 138.04 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. അറ്റാദായത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി, ഇത് 33.04 കോടി രൂപയായി ഉയർന്നു , ഇത് മുൻ അറ്റാദായമായ 17.27 കോടിയിൽ നിന്ന് 50% വർദ്ധനവ് രേഖപ്പെടുത്തി.
2024 മാർച്ച് 31-ലെ കണക്കനുസരിച്ച് 1,400 കോടി രൂപയിൽ കവിഞ്ഞ വിപുലമായ ഓർഡർ ബുക്ക് ഉള്ളതിനാൽ , 900 കോടി രൂപയുടെ വിൽപ്പന നാഴികക്കല്ല് മറികടക്കാനുള്ള പരിശ്രമത്തിലാണ് സെൻ ടെക്നോളജീസ്.

ചുവപ്പിൽ അവസാനിച്ച് വിപണി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. സെൻസെക്സ് 117.58 പോയിൻ്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 72,987.03 ലും നിഫ്റ്റി 17.30 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,200.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തോടെ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.60 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.96 ശതമാനവും ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications