ഇന്ത്യൻ ഓഹരി വിപണി അടുത്തിടെ കണ്ട എറ്റവും വലിയ തകർച്ചയാണ് ചൊവ്വാഴ്ച സംഭവിച്ചത്. നരേന്ദ്ര മോദി സർക്കാർ തന്നെ വീണ്ടും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെത്തുമെന്നായിരുന്നു വിപണിയുടെ വികാരണം. എന്നാൽ ആ പ്രതീക്ഷകൾക്കൊത്ത് തെരഞ്ഞെടുപ്പ് ഫലം ഉയരാതിരുന്നതോടെ സെൻസെക്സും നിഫ്റ്റിയും 6 ശതമാനത്തോളം ഇടിഞ്ഞു. പൊതുമേഖലാ, ബാങ്ക്, പവർ, മെറ്റൽ തുടങ്ങി ഭൂരിപക്ഷം മേഖലകളും തകർന്ന് തരിപ്പണമായി.
ഓഹരിയുടെ ഇടിവിലും മുന്നോട്ട് കുതിച്ച ഒരു പെന്നി ഓഹരിയെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത്. അതുമാത്രമല്ല ഈ ഓഹരിയുടെ പ്രത്യേകത. മറ്റെല്ലാ ഓഹരികളും താഴോട്ട് പോയപ്പോൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയിലെത്തുകയും ചെയ്തു.
ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡ്
ഇന്ത്യയിലും അന്തർദ്ദേശീയമായും സോളാർ പവർ ജനറേഷൻ പ്ലാൻ്റുകൾ, സബ് സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയുടെ എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, സംഭരണം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, പരിപാലനം തുടങ്ങിയ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡ്.
വൈദ്യുതി ഉത്പാദനം, പ്രസരണ, വിതരണ മേഖലകളിൽ കമ്പനി സേവനം നൽകുന്നു. ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡ് 1998-ൽ സ്ഥാപിതമായി. ഇന്ത്യയിലെ നോയിഡയിലാണ് ആസ്ഥാനം. കമ്പനിയുടെ വിപണി മൂല്യം 50 കോടിയിലേറെയാണ്.

മൾട്ടിബാഗർ പെന്നി ഓഹരി
ബിഎസ്ഇയിൽ 4.94 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 14.45 എന്നതാണ് ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.33 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 50.84 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 98 ശതമാനമാണ് 2024ൽ ഇതുവരെ നേടിയ മുന്നേറ്റം.
ഒരു വർഷത്തിനിടെ 101 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകാനും ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.47 രൂപയിൽ നിന്ന് 140 ശതമാനം നേട്ടമാണുണ്ടാക്കിയത്.

വരുമാനത്തിൽ വർധനവ്
കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ അനുസരിച്ച് അറ്റ വിൽപ്പന 37.23 ശതമാനം വർധിച്ച് 29.36 കോടി രൂപയാണ്. അറ്റാദായം 2024 സാമ്പത്തിക വർഷത്തിൽ 459 ശതമാനം വർധിച്ച് 7.71 കോടി രൂപയാണ്. വാർഷിക ഫലങ്ങളിൽ അറ്റ വിൽപ്പന 23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 24 സാമ്പത്തിക വർഷത്തിൽ 55.71 ശതമാനം വർധിച്ച് 78.42 കോടി രൂപയായി. 23 സാമ്പത്തിക വർഷത്തിലെ 3.32 ശതമാനം അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ 24 സാമ്പത്തിക വർഷത്തിൽ കമ്പനി 1.54 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. അതായത് 146.4 ശതമാനം വർധന.
കൂടുതൽ കരാറുകൾ
യുപി പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും 2.94 കോടി രൂപ മൂല്യമുള്ള ഒരു കരാർ കഴിഞ്ഞ ദിവസങ്ങളിൽ ശാരിക എൻ്റർപ്രൈസസ് ലിമിറ്റഡിന് ലഭിച്ചിരുന്നു. ഉത്തർപ്രദേശിലെ രസറയിലെ ബല്ലിയയിൽ സ്ഥിതി ചെയ്യുന്ന 400 KV സബ്‌സ്റ്റേഷനിൽ രണ്ട് 145 KV ബേകൾക്കായി ഔട്ട്‌ഡോർ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള കരാറാണ് ലഭിച്ചത്. 6 മാസമാണ് പണി പൂർത്തിയാക്കാനുള്ള കാലാവധി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications