വിപണിയെ കൃത്യമായി നിരീക്ഷിക്കുന്നവർക്ക് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികൾ നൽകുന്ന ലാഭത്തെ കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടാക്കും. കഴിഞ്ഞ കുറച്ച് കാലത്തിനിടെ മൾട്ടിബാഗർ നേട്ടമാണ് നിരവധി പ്രതിരോധ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. വർധിച്ച ബജറ്റ് വിഹിതം, പ്രതിരോധ ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാർ ഊന്നൽ, പ്രതിരോധ കയറ്റുമതിയിലെ പുരോഗതി, മെച്ചപ്പെട്ട സാമ്പത്തികം തുടങ്ങിയ കാര്യങ്ങളാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളുടെ കുതിപ്പിന് കാരണം.
വീണ്ടും അധികാരത്തിലേക്ക് നരേന്ദ്ര മോദി സർക്കാർ തന്നെ വരുമെന്ന സൂചനകൾ ലഭിച്ചതോടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തുന്നത്. കാരണം രാജ്യത്തിൻ്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിലും കൂടുതൽ സ്വാശ്രയത്വം വളർത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിക്ഷേപകർ ശുഭാപ്തിവിശ്വാസം പുലർത്തുന്നു. തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിൽ ഊന്നൽ നൽകി, ബജറ്റ് വിഹിതം വർധിപ്പിച്ച്, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ, ഈ മേഖല ശക്തമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്.
ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത് ഡൈനാമിക്സ്. തിങ്കളാഴ്ച ഓഹരി എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. അതുകൊണ്ടു തന്നെ ഭാരത് ഡൈനാമിക്സ് ഓഹരിയെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം.

മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 2.53 ശതമാനം ഇൻട്രാഡേ നേട്ടത്തൊടെ 1,596.70 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.91 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 67.61 ശതമാനം വളർച്ച കൈവരിക്കാനും ഭാരത് ഡൈനാമിക്സ് ഓഹരിക്ക് സാധിച്ചു. 85.02 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ 200 ശതമാനത്തിന് മുകളിലാണ് ഓഹരി നേടിയ വളർച്ച. ഓഹരി വില 487 രൂപയിൽ നിന്നാണ് ആറ് മാസം കൊണ്ട് 1596 രൂപയിലേക്കെത്തിയത്. ഒരു വർഷത്തിനിടെ 178 ശതമാനം നേട്ടത്തൊടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഭാരത് ഡൈനാമിക്സ് ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റോക്ക് 970% അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചു.

മുന്നേറ്റം തുടരും
2024-25 ഓടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 5 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയെന്ന ഗവൺമെൻ്റിൻ്റെ ലക്ഷ്യം ഈ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും സാധ്യതയും അടിവരയിടുന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 152.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാനം വർധിച്ചിട്ടുണ്ട്. അതോടൊപ്പം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 798.3 കോടി രൂപയിൽ നിന്ന് 7% ഉയർന്ന് 854.1 കോടി രൂപയായി.
ഭാരത് ഡൈനാമിക്സ്
ഗൈഡഡ് മിസൈലുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ, എയർ-ടു-എയർ മിസൈലുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1970 ജൂലൈ 16-ന് സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം ഹൈദരാബാദിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications