ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തിൽ കൃത്യമായ നിരീക്ഷണവും വാങ്ങുന്ന ഓഹരിയെപ്പറ്റി കൃത്യമായ ധാരണയും അത്യാവശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് ഇർകോൺ ഇൻ്റർനാഷണലിൻ്റെ ഓഹരികളാണ്. എന്താണ് മുന്നേറ്റത്തിന്‍റെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 262.60 രൂപ എന്നതാണ് ഇർകോൺ ഇൻ്റർനാഷണലിൻ്റെ ഓഹരി വില. വ്യാഴാഴ്ചത്തെ സെഷനിൽ 7 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നേടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.76 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 18.50 ശതമാനമാണ് ഒരു മാസം കൊണ്ട് ഓഹരി നേടിയ വളർച്ച. 2024-ൽ ഇതുവരെ 50 ശതമാനത്തിന് മുകളിൽ ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ആറ് മാസം കൊണ്ട് 56.88 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 225 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇർകോൺ ഇൻ്റർനാഷണലിൻ്റെ ഓഹരി, നിക്ഷേപകർക്ക് നൽകിയത്. അഞ്ച് വർഷം കൊണ്ട് 590 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 280.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 77.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരിയുടെ കുതിപ്പിന് കാരണം
ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്, ദിനേശ്ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് പുതിയ സംരംഭം ആരംഭിച്ചിരുന്നു. ഇത് ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നിന്ന് 2000 കോടി രൂപയുടെ ഒരു പുതിയ കരാർ നേടിയിട്ടുണ്ട്. ഇതാണ് ഓഹരിയുടെ മുന്നേറ്റത്തെ സഹായിച്ചത്. അതോടൊപ്പം മികച്ച പാദ ഫലങ്ങളും നേട്ടമായി.
കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 22.92 ശതമാനം വർധിച്ച് 2,884.22 കോടി രൂപയായി. പ്രവർത്തന ലാഭം 41.65 ശതമാനം വർധിച്ചു, അറ്റാദായം 207.59 കോടി രൂപയായി. ഇത് മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 4.3 ശതമാനം വർധിച്ചു. 2023 ഡിസംബർ 31 വരെ കമ്പനിയുടെ ഓർഡർ ബുക്ക് 29,436 കോടി രൂപയാണ്.

ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്
1976-ൽ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനിയായാണ് ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ് ബിസിനസ്സ് ആരംഭിക്കുന്നത്. എന്നാൽ 1985 മുതൽ ഒരു സംയോജിത എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ പൊതുമേഖലാ സ്ഥാപനമായി ഇത് ക്രമാനുഗതമായി വൈവിധ്യവത്കരിക്കപ്പെട്ടു ഡിഐഐകൾ 2024 മാർച്ചിൽ കമ്പനിയിലെ തങ്ങളുടെ ഓഹരി വർധിപ്പിച്ചു.
ഇടിവോടെ തുടക്കം
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. സെൻസെക്‌സ് 185.42 പോയിൻ്റ് താഴ്ന്ന് 73,478.30 ലും നിഫ്റ്റി 50.35 പോയിൻ്റ് താഴ്ന്ന് 22,353.50 ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള ആശങ്കകൾ തുടരുന്നതും നിക്ഷേപകരെ ആശങ്കയിലാക്കി. ഐടി, ഫിനാൻഷ്യൽ സർവീസസ് ഓഹരികളാണ് വിപണിയെ ഇടിവിലേക് നയിച്ചത്.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, അൾട്രാടെക് സിമൻറ് കമ്പനി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്‌സ്, എസ്‌ബിഐ ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സിപ്ല, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. ഇന്ത്യ വിക്സ് ഏകദേശം ഒരു ശതമാനം ഉയർന്ന് 20.2 ൽ എത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications