ചൊവ്വാഴ്ച ആഭ്യന്തര സൂചികകകൾ വ്യപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ഏഷ്യൻ വിപണികളിലെ മികച്ച വ്യാപാരം സൂചികകൾക്ക് കരുത്തേകി. എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളിലെ ഉയർന്ന വാങ്ങലും വിപണിയെ നേട്ടത്തിലെത്തിച്ചു. ഇന്ന് ഓഹരി വിലയിൽ പുതിയ ഉയരങ്ങൾ താണ്ടിയ കമ്പനികളിലൊന്ന് അമരരാജ എനർജി ആൻഡ് മൊബിലിറ്റി ആണ്. ആദ്യ സെഷനിൽ തന്നെ 20 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരി നേടിയത്. എന്താണ് കുതിപ്പിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.
പുതിയ കരാർ, പുതിയ ഉയരം
ചൈന ആസ്ഥാനമായുള്ള ഗോഷൻ ഹൈടെക്കുമായി സാങ്കേതിക ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടതായി ബാറ്ററി നിർമ്മാതാവ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഓഹരി വിപണിയിലെ കുതിപ്പ്. കരാറിൻ്റെ ഭാഗമായി, ഗോഷൻ ഹൈടെക്കിൻ്റെ യൂണിറ്റ് ജിഐബി എനർജിഎക്‌സ്, ലിഥിയം-അയൺ സെല്ലുകൾക്കായുള്ള എൽഎഫ്‌പി സാങ്കേതികവിദ്യയ്ക്ക് അമര രാജ അഡ്വാൻസ്ഡ് സെൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ലൈസൻസ് നൽകും.
സെൽ ടെക്‌നോളജി ഐപിയിലേക്കുള്ള ആക്‌സസ്, ഏറ്റവും പുതിയ തലമുറ പ്രോസസ്സ് സാങ്കേതികവിദ്യകൾക്ക് അനുസൃതമായ ജിഗാഫാക്‌ടറി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പിന്തുണ, നിർണായക ബാറ്ററി സാമഗ്രികൾക്കായുള്ള ഗോഷന്‍റെ ആഗോള വിതരണ ശൃംഖലയുമായി സംയോജിപ്പിക്കൽ, പരിഹാര വിന്യാസത്തിനുള്ള ഉപഭോക്തൃ സാങ്കേതിക പിന്തുണ എന്നിവ ലൈസൻസിംഗിൻ്റെ പരിധിയിൽ ഉൾപ്പെടുന്നു.

മൾട്ടിബാഗർ ഓഹരി
കരാറിന്‍റെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അമരരാജ എനർജി ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1656 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 18 ശതമാനത്തോളം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിരുന്നു. 32.21 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 95.75 ശതമാനം നേട്ടമുണ്ടാക്കാനും അമരരാജ എനർജി ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 150 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും അമരരാജ എനർജി ഇടം നേടി. ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേടിയ വിജയത്തെ തുടർന്ന് ജൂൺ നാലിന് ശേഷം കമ്പനിയുടെ ഓഹരികളിൽ കാര്യമായ നേട്ടമുണ്ടായി. ടിഡിപിയുടെ മുൻ എംപി ജയദേവ് ഗല്ലയാണ് അമരരാജയുടെ മാനേജിംഗ് ഡയറക്ടർ എന്നതാണ് ഈ കുതിപ്പിന്‍റെ കാരണം.

കൂടുതൽ ഉയരങ്ങലിലേക്ക് കുതിച്ചേക്കും
അമര രാജയും ഗോഷനും സ്ലൊവാക്യയിലെ വളർന്നുവരുന്ന ലിഥിയം ബാറ്ററി ടെക്‌നോളജി കമ്പനിയായ ഇനോബാറ്റിൻ്റെ ഷെയർഹോൾഡർമാരും ബോർഡ് അംഗങ്ങളുമാണ്. ഇലക്ട്രിക് ഏവിയേഷൻ പോലുള്ള നൂതന ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുകയും ബാറ്ററി മൂല്യ ശൃംഖലയുടെ ശക്തമായ 'ക്രാഡിൽ ടു ക്രാഡിൽ' ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഇനോബാറ്റ്.
തെലങ്കാന കേന്ദ്രീകരിച്ചു കൊണ്ട് കൂടുതൽ നിക്ഷേപത്തിനും അമര രാജ തയ്യാറെടുക്കുകയാണ്. 2024 മാർച്ച് 31-ന് അവസാനിച്ച നാലാം പാദത്തിൽ 61.4 ശതമാനം വർധനയോടെ 229.8 കോടി രൂപയായിരുന്നു അമര രാജയുടെ അറ്റാദായം. കമ്പനിയുടെ പ്രവർത്തന വരുമാനം 19.5 ശതമാനം വർധിച്ച് 2,908 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,433.2 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications