അസ്ഥിരത എന്നത് എല്ലാ കാലത്തും ഓഹരി വിപണിയിലുള്ള കാര്യമാണ്. ഇന്ന് മികച്ച മുന്നേറ്റം നടത്തിയാൽ ഒരു പക്ഷെ നാളെ വലിയ വീഴ്ചയിലേക്ക് ഓഹരി സൂചികകൾ വീഴും. എന്നാൽ വീണ്ടും മുന്നേറും. അങ്ങനെ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടി ഓഹരി വിപണി ട്വിസ്റ്റുകൾ കൊണ്ട് നിക്ഷേപകരുടെ ചഞ്ചിടിപ്പ് കൂട്ടും.
കഴിഞ്ഞ കുറച്ച് നാളുകളായി മുന്നേറ്റത്തിലേക്ക് മാത്രം ശ്രദ്ധിച്ച ഓഹരി സൂചികകൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ ഇടിവിലാണ് വിപണി അവസാനിപ്പിച്ചത്. ബുധനാഴ്ച സെൻസെക്‌സ് 27.09 പോയിൻ്റ് താഴ്ന്ന് 73,876.82 ലെവലിലും നിഫ്റ്റി 50 18.65 പോയിൻ്റ് താഴ്ന്ന് 22,434.65 ലെവലിലും ക്ലോസ് ചെയ്തു. ചില ഓഹരികളും ഇതേ രീതിയിലാണ് അവരുടെ മുന്നേറ്റം നടത്തുക. കുറച്ചു നാളുകൾ വലിയ വീഴ്ചയിലേക്ക് പോകും. എന്നാൽ പിന്നീട് കൂടുതൽ കരുത്തോടെ മുന്നേറി നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകും. അത്തരത്തിലുള്ള ഒരു ഓഹരിയെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

പട്ടേൽ എഞ്ചിനീയറിംഗ്
2022 ജനുവരി മുതൽ 2023 ഫെബ്രുവരി വരെ തുടർച്ചയായ വിൽപന സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ പട്ടേൽ എഞ്ചിനീയറിംഗ് ഓഹരി 50 ശതമാനം ഇടിഞ്ഞു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ ഓഹരി പാത മാറ്റുകയും സ്ഥിരമായി മുകളിലേക്കുള്ള പാത നിലനിർത്തുകയും ചെയ്തു.
കഴിഞ്ഞ 12 മാസത്തിനിടയിൽ ഓഹരി വില 14.95 രൂപയിൽ നിന്നും 63.10 രൂപ വരെ ഉയർന്നു. അതായത് 322 ശതമാനം നേട്ടം. 2024 ഫെബ്രുവരിയിൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 79 രൂപയിലേക്ക് വരെ ഓഹരി എത്തി. സമീപ മാസങ്ങളിൽ കമ്പനി നേടിയ മികച്ച ഓർഡർ വിജയങ്ങളാണ് ഈ മികച്ച മുന്നേറ്റത്തിന് കാരണമായത്..
63 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 2020 മാർച്ചിലെ സ്റ്റോക്കിൻ്റെ ഏറ്റവും താഴ്ന്ന നിരക്കായ 7.10 രൂപ എടുത്താൽ, സ്റ്റോക്ക് നിലവിൽ 788% നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വാർഷിക വളർച്ച 13.23 ശതമാനം
1949-ൽ സ്ഥാപിതമായ പട്ടേൽ എഞ്ചിനീയറിംഗ് ലിമിറ്റഡ് സിവിൽ എഞ്ചിനീയറിംഗ് നിർമ്മാണ മേഖലയിലെ പ്രശസ്തമായ കമ്പനിയാണ്. മുംബൈയാണ് ആസ്ഥാനം. ഹൈവേകൾ, പാലങ്ങൾ, തുരങ്കങ്ങൾ, അണക്കെട്ടുകൾ, വിമാനത്താവളങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ നിർമ്മിക്കുന്നതിൽ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു.
ഡിസംബർ പാദത്തിൽ, കമ്പനി മാന്യമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചു, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.23% വാർഷിക വളർച്ചയോടെ 1,052 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 142 കോടി രൂപയായിരുന്നു , ഇത് 23 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 140 കോടി രൂപയേക്കാൾ അല്പം കൂടുതലാണ്.

23 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ സാമ്പത്തിക ചെലവ് 102 കോടി രൂപയിൽ നിന്ന് 87 കോടി രൂപയായി കുറഞ്ഞു. 43 കോടി രൂപയുടെ അറ്റാദായവും കമ്പനി നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 21 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 100% വർദ്ധനവാണിത്.
കമ്പനിയുടെ ഭാവി
ലാഭക്ഷമത വർധിപ്പിക്കുന്നതിനും കടം കുറയ്ക്കുന്നതിനുമായി കമ്പനി വലിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കടം കുറയ്ക്കുന്നതിനായി നോൺ-കോർ ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്താനുള്ള ശ്രമങ്ങൾ കമ്പനി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്, അത് ഭാവിയിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ജലവൈദ്യുത, ടണലിംഗ്, ജലസേചനം തുടങ്ങിയ മത്സരങ്ങൾ കുറവുള്ളതും മാർജിൻ കൂടുതലുള്ളതുമായ ഇടങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
19,000 കോടി രൂപയിൽ കൂടുതലുള്ള (എൽ1 ഓർഡറുകൾ ഉൾപ്പെടെ) ഗണ്യമായ ഓർഡർ ബുക്ക് ഉള്ളതിനാൽ , 24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ കമ്പനി മികച്ച നേട്ടത്തിലേക്കെത്തും എന്നാണ് വിലിയിരുത്തുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications