ഓരോ ദിവസവും പുതിയ റെക്കോർഡുകൾ തീർത്താണ് ഇന്ത്യൻ ഓഹരി വിപണി മുന്നോട്ട് പോകുന്നത്. ജൂലൈ 23 വരെ ഈ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തൽ. കാരണം അന്നാണ് കേന്ദ്ര ബജറ്റ് അവതരണം. സൂചികകളുടെ മുന്നേറ്റത്തെപ്പോലെ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് മൈക്രോക്യാപ് കമ്പനിയായ രതി സ്റ്റീൽ ആൻഡ് പവർ. ചൊവ്വാഴ്ച ഓഹരി 10 ശതമാനം സൂം ചെയ്ത് തുടർച്ചയായ രണ്ടാം ദിവസവും അപ്പർ സർക്യൂട്ടിലെത്തി. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങളും കുതിപ്പിന്‍റെ കാരണവും പരിശോധിക്കാം.
വളർച്ച ശരവേഗം
എൻഎസ്ഇയിൽ 63.10 രൂപ എന്നതാണ് നിലവിൽ രതി സ്റ്റീൽ ആൻഡ് പവർ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 34.26 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു മാസത്തിനിടെ 19.51 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 62.96 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 102.31 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 1024.78 ശതമാനം ലാഭമാണ് രതി സ്റ്റീൽ ആൻഡ് പവർ നിക്ഷേപകർക്ക് നൽകിയത്. 67.10 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 5.61 രൂപയാണ്.
5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ് സ്‌ക്രിപ്‌പ്പ് നിലവിൽ ട്രേഡ് ചെയ്യുന്നത്.

രതി സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്
1971-ൽ സ്ഥാപിതമായ കമ്പനിയാണ് രതി സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്. പ്രധാനമായും സ്റ്റീൽ അനുബന്ധ ഉൽപ്പന്നങ്ങളുടെ ബിസിനസ്സിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രേഡിംഗ് വെബ്‌സൈറ്റ് സ്‌ക്രീനറിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി കടം കുറച്ചു, ഇപ്പോൾ കടം രഹിതമാണ്. 2024 മാർച്ചോടെ രതി കടരഹിതയായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലും ഒഡീഷയിലെ സംബൽപൂരിലും കമ്പനിക്ക് രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട്.
2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 118.35 കോടി രൂപയായപ്പോൾ അറ്റാദായം 2023 മാർച്ചിൽ രേഖപ്പെടുത്തിയ 4.87 കോടി രൂപയിൽ നിന്ന് 300 ശതമാനത്തിലധികം വർധിച്ച് 20.13 കോടി രൂപയായി.

വിപണിയിൽ റെക്കോർഡ് ക്ലോസിംഗ്
ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. റിയറ്റി, എഫ്എംസിജി, ടെലികോം, ഐടി ഓഹരികളിലെ കുതിപ്പ് വിപണിക്ക് കരുത്തേകി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകൾക്ക് തുണയായി. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയുന്നത്.
സെൻസെക്‌സ് 51.69 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 80,716.55 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ വ്യാപാരത്തിൽ 233.44 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്ന സൂചിക 80,898.30 എന്ന റെക്കോർഡ് ഉയരവും തൊട്ടു. നിഫ്റ്റി 26.30 പോയിൻ്റ് അഥവാ 0.11 ശതമാനം ഉയർന്ന് 24,613 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേയിൽ സൂചിക 74.55 പോയിൻ്റ് അഥവാ 0.30 ശതമാനം ഉയർന്ന് 24,661.25 എന്ന പുതിയ ലെവളിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications