കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സെന്‍സെക്‌സ് 1700-ഓളം പോയിന്റാണ് ഇടിഞ്ഞത്. ആഭ്യന്തര കാരണങ്ങളേക്കാള്‍ ദുര്‍ബല ആഗോള സൂചനകളാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ പൊതുവില്‍ വിപണിയുടെ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. കൂടാതെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ നിന്നും പിന്തുണ ലഭിക്കുമെന്നും കരുതപ്പെടുന്നു. എന്തായാലും ദീര്‍ഘകാലയളവില്‍ ആഭ്യന്തര വിപണിയുടെ സാധ്യതകള്‍ ശോഭനമാണ്. ഇതിനിടെ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയിലെ ഒരു കമ്പനിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ അംബിറ്റ് രംഗത്തെത്തി. അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയില്‍ 40 ശതമാനത്തിലേറെ കുതിപ്പ പ്രതീക്ഷിക്കപ്പെടുന്നു.
അമി ഓര്‍ഗാനിക്‌സ്
രാജ്യത്തെ സവിശേഷ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നതിലും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ് അമി ഓര്‍ഗാനിക്‌സ് ലിമിറ്റഡ്. മരുന്നുകള്‍ നിര്‍മാണത്തിന് ആവശ്യമായ നവീന രാസസംയുക്ത ഘടകങ്ങളും പുതിയ രാസപദാര്‍ഥം വികസിപ്പിക്കുന്നതിനായി സജീവ രാസസംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ ചെലുത്തുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കെമിക്കല്‍ ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് ആസ്ഥാനം. നിലവില്‍ 3,829 കോടി രൂപയാണ് വിപണി മൂലധനം. സെപ്റ്റംബറിലാണ് ഐപിഒ പൂര്‍ത്തിയാക്കി ലിസ്റ്റ് ചെയ്യപ്പെട്ടത്. 610 രൂപയിലാണ് ഓഹരികള്‍ ആദ്യമായി വിതരണം ചെയ്തത്.
അനുകൂല ഘടകം
ഗവേഷണ വികസന മേഖലയില്‍ ദീര്‍ഘകാലത്തേക്കുള്ള സഹകരണം വിവിധ കമ്പനികളുമായി നേടിയിട്ടുള്ളതാണ് അമി ഓര്‍ഗാനിക്‌സിനെ (BSE: 543349, NSE: AMIORG) വേറിട്ട് നിര്‍ത്തുന്നത്. കൂടാതെ, സഹകരണ കരാറുകള്‍ കെമിക്കല്‍ രംഗത്തെ വിവിധ മേഖലകളില്‍ നിന്നായതും ശ്രദ്ധേയമാണ്. നിയമ പരിരക്ഷകളുള്ളതിനാല്‍ ദീര്‍ഘകാലം ഉത്പന്നങ്ങളില്‍ നിന്നും മികച്ച മാര്‍ജിന്‍ ലഭിക്കും. ഉത്പന്ന ശേണിയും വിപുലമാണ്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഓര്‍ഗാനിക്‌സ് ലിമിറ്റഡിനെ ഏറ്റെടുത്തു. മികച്ച ഗവേഷകരെ കണ്ടെത്താനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ അമി ഓര്‍ഗാനിക്‌സിന്റെ വരുമാനം 122 കോടി രൂപയാണ്. മുന്‍ പാദത്തേക്കാള്‍ 8 ശതമാനം വര്‍ധന നേടി. സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 17 കോടി രൂപയുമാണ്. നിലവില്‍ അമി ഓര്‍ഗാനിക്‌സില്‍ പ്രമോട്ടര്‍മാര്‍ക്ക് 41.05 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 1.34 ശതമാനവും ആഭ്യന്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 3.81 ശതമാനവും പങ്കാളിത്തവുമുണ്ട്. 53.8 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. നിലവില്‍ ഇഷ്യൂ വിലയില്‍ നിന്നും 72 ശതമാനത്തിലധികം ഉയര്‍ന്ന നിലവാരത്തിലാ്ണ് ഓഹരികള്‍ ഉള്ളത്.
ലക്ഷ്യ വില 1,500
വ്യാഴാഴ്ച രാവിലെ അമി ഓര്‍ഗാനിക്‌സിന്റെ ഓഹരികള്‍ 1,048 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,500 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ അംബിറ്റ് നിര്‍ദേശിച്ചത്. ഇതിലൂടെ ദീര്‍ഘകാലയളവില്‍ 43 ശതമാനം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറിലെ ലിസ്റ്റിങ്ങിന് ശേഷമുള്ള കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 1,434.45 രൂപയും കുറഞ്ഞ വില 610 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 6 ശതമാനത്തിലധികം ഇടിവ് ഓഹരിയില്‍ ഉണ്ടായെങ്കിലും ഒരു മാസക്കാലയളവില്‍ 20 ശതമാനത്തോളം നേട്ടമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ അംബിറ്റ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications