സമീപ വർഷങ്ങളിൽ ഇന്ത്യക്കാരുടെ കുടിയേറ്റത്തിന്റെ പുതിയ ഇടമാണ് ന്യൂസിലൻഡ്. ഏറ്റവും പുതിയ സെൻസസ് പ്രകാരം ന്യൂസിലാൻഡിലെ ഏറ്റവും മികച്ച ഒമ്പത് കുടിയേറ്റ ഗ്രൂപ്പുകളിൽ ഒന്ന് ഇന്ത്യക്കാരാണ്. വിദ്യാർഥികളും യുവ പ്രൊഫഷണലുകളും സംരംഭകരും അടക്കമുള്ള ഇന്ത്യക്കാർ ന്യൂസിലാൻഡിലെ വിവിധ നഗരങ്ങളിൽ കുടിയേറിയിട്ടുണ്ട്. ഉയർന്ന ജീവിത നിലവാരവും വൈവിധ്യമാർന്ന സംസ്കാരവും നിലനിൽക്കുന്ന ന്യൂസിലാൻഡിലെ അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ പദ്ധതി ഇന്ത്യക്കാർക്ക് അടക്കമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ജോലി വാഗ്ദാനം നൽകുന്നുണ്ട്.
അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസയാണ് ന്യൂസിലൻഡിലെ പ്രധാന താൽക്കാലിക തൊഴിൽ വിസ. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമയുടെ നേതൃത്വത്തിൽ നടക്കുന്ന വർക്ക് വിസ നടപടിയാണിത്. വിദഗ്ധരായ തൊഴിലാളികളെ നിയമിക്കുന്നതിനോ തൊഴിലാളി ക്ഷാമമോ നിലനിൽക്കുന്ന മേഖലകളിൽ വിദേശികളെ നിയമിക്കുന്നതിനോ കമ്പനികൾക്ക് നടപടികൾ ഏളുപ്പമാക്കുന്നതാണ് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ.
വിദേശ തൊഴിലാളികളെ നിയമിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ മാത്രമാണ് അവകാശം ലഭിക്കുന്നത്. കുടിയേറ്റത്തിന്റെ ഭാഗമായുള്ള ചൂഷണങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ന്യൂസിലാന്റിന്റെ ശരാശരി മണിക്കൂർ വേതനമായ 29.66 ന്യൂസിലാൻഡ് ഡോളറെങ്കിലും സമ്പാദിക്കുന്ന ജീവനക്കാർക്ക് റെസിഡൻഷ്യൽ പെർമിറ്റിനുള്ള യോഗ്യതയും ലഭിക്കും.

വിസ ലഭിക്കുന്നതിനുള്ള നടപടികൾ
അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ ലഭിക്കുന്നതിന് മൂന്ന് ഘട്ടങ്ങൾ ആവശ്യമാണ്. തൊഴിലുടമയുടെ അക്രഡിറ്റേഷൻ, തൊഴിൽ പരിശോധന, വിസ അപേക്ഷ എന്നിവയാണിവ. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ വഴി കുടിയേറ്റ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ്, കമ്പനി ആദ്യം ഇമിഗ്രേഷൻ ന്യൂസിലാൻഡിന്റെ അക്രഡിറ്റേഷൻ നേടണം. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ നൽകാനായി അക്രഡിറ്റേഷൻ ലഭിച്ച 29,549 തൊഴിലുടമകളുമാണുള്ളത്.
രണ്ടാമതായി വിസ നൽകുന്ന തസ്തികയിലേക്ക് യോഗ്യതയുള്ള ന്യൂസിലാൻഡ് പൗരനെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തൊഴിൽ പരിശോധന നടത്തണം. വേതനവും വ്യവസ്ഥാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴിലുടമ തൊഴിൽ പരിശോധന നടത്തേണ്ടത്. മൂന്നാമതായി തൊഴിലാളി കമ്പനിയിൽ നിന്നുള്ള ജോലി വാഗ്ദാനത്തോടെ ഓൺലൈൻ വിസ അപേക്ഷ സമർപ്പിക്കുകയും പരിശോധനകളുടെ ഭാഗമാവുകയും വേണം.
ഓൺലൈൻ അപേക്ഷ
അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ അപേക്ഷകൾ ഇമിഗ്രേഷൻ ഓൺലൈൻ വഴിയാണ് നൽകേണ്ടത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഇമിഗ്രേഷൻ ഓഫീസർ അപേക്ഷ പരിഗണിക്കുന്നതിന് മുൻപ് മെഡിക്കൽ, സ്വഭാവം, പോലീസ് പരിശോധനകൾ എന്നിവ നടത്തും. ഒരു തൊഴിലാളിക്ക് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ നൽകുന്നതിന് മുൻപ് തൊഴിലുടമകൾ ന്യൂസിലാൻഡ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന് അപേക്ഷ നൽകണം.
അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസയ്ക്ക് നൽകുന്ന അപേക്ഷ പ്രോസസ്സ് ചെയ്യാൻ 10 ദിവസത്തിൽ കൂടുതൽ എടുക്കും. അക്രഡിറ്റേഷൻ, ജോലി പരിശോധന, വർക്ക് വിസ സ്റ്റെപ്പുകൾ, പോസ്റ്റ്-അക്രഡിറ്റേഷൻ ചെക്കുകൾ എന്നിവയുൾപ്പെടെ അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ അപേക്ഷയ്ക്ക് നിരവധി നടപടി ക്രമങ്ങളുണ്ട്. പുതിയ സ്കീമിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു പതിവ് പ്രക്രിയയാണ് പോസ്റ്റ്-അക്രഡിറ്റേഷൻ പരിശോധന.
പുതിയ രൂപം
നേരത്തെയുണ്ടായിരുന്ന എസൻഷ്യൽ സ്കിൽ വർക്ക് വിസയ്ക്ക് പകരമായാണ് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ സ്കീം ന്യൂസിലാൻഡ് അവതരിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന എസൻഷ്യൽ സ്കിൽസ് വിസ പ്രകാരം കുടിയേറ്റകാരൻ വിസയ്ക്ക് അപേക്ഷിച്ചാൽ തൊഴിലുടമ പരിശോധനകൾ നടത്തേണ്ടതായി വന്നിരുന്നു. പുതിയ വിസ സംബദ്രായം പ്രകാരം ഇവ നീങ്ങി. 2023 നവംബർ 24 നുള്ള കണക്ക് പ്രകാരം ന്യൂസിലാൻഡ് 92,342 അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസകളാണ് അനുവദിച്ചിട്ടുള്ളത്.


Click it and Unblock the Notifications