അനുകൂല ഘടകങ്ങളുടെ അഭാവത്തില്‍ നഷ്ടത്തോടെ ഈയാഴ്ചത്തെ വ്യാപാരത്തിന് തിരശീലയിട്ടു. ഗ്യാപ് അപ്പിലായിരുന്നു വെള്ളിയാഴ്ചത്തെ വ്യാപാരത്തിന് തുടക്കമിട്ടതെങ്കിലും വിപണിയിലെ ഉത്സാഹക്കുറവും ജാഗ്രതയും മുന്നേറ്റത്തിന് തടയിട്ടു. ഇതോടെ രണ്ടാഴ്ചകള്‍ക്കു ശേഷം നഷ്ടക്കണക്കോടെ വ്യാപാര ആഴ്ചയ്ക്കും അവസാനമായി. 60 ശതമാനം ഓഹരികളും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി-ബാങ്കും തുടര്‍ച്ചയായ രണ്ട് ആഴ്ചത്തെ നേട്ടത്തിന് ശേഷം ഇടിവോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, സ്‌മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ ആഴ്ചക്കണക്കില്‍ നേട്ടത്തിലാണ് നിന്നത്.
67 പോയിന്റ് ഉയര്‍ന്ന് 17,289-ലാണ് നിഫ്റ്റി ഇന്ന് ഓപ്പണ്‍ ചെയ്തത്. തുടര്‍ന്ന് 17,294-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം താഴേക്ക് പതിച്ചു. പിന്നീട് ഓരു ഘട്ടത്തില്‍ പോലും 17,200 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്‍ക്കാനായില്ല. 17,076-ലാണ് ഇന്നത്തെ താഴ്ന്ന നിലവാരം. ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 70 പോയിന്റ് താഴ്ന്ന് 17,153-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 234 പോയിന്റ് ഇടിഞ്ഞ് 57,362-ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 117 പോയിന്റ് നഷ്ടത്തില്‍ 35,410-ലും വ്യാപാരം പൂര്‍ത്തിയാക്കി.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 10 എണ്ണം നഷ്ടത്തിലും 5 എണ്ണം നേട്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2 ശതമാനത്തോളം ഇടിഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗമാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. ഐടി വിഭാഗം സൂചികയും ഒരു ശതമാനം താഴ്ന്നു. ബാങ്ക്-നിഫ്റ്റി, ഓട്ടോ, ധനകാര്യ വിഭാഗം ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, 1.22 ശതമാനം മുന്നേറിയ റിയാല്‍റ്റി വിഭാഗം സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. മെറ്റല്‍, മീഡിയ, ഓയില്‍ & ഗ്യാസ്, പി.എസ്.യു ബാങ്ക് ഓഹരികളും മുന്നേറി. മെറ്റല്‍ സൂചിക ഇത് ഏഴാം ദിവസമാണ് തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തുന്നത്.
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,114 ഓഹരികളില്‍ 1,338 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 707 ഓഹരികള്‍ നേട്ടത്തിലും ക്ലോസ് ചെയ്തു. 69 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.53-ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.72 നിരക്കിലായിരുന്നു എഡി റേഷ്യോ നിന്നത്. വിപണിയില്‍ ഉടെലടുത്ത ദുര്‍ബലാവസ്ഥ തുടരുന്നതായാണ് എഡി റേഷ്യോ 1-ന് താഴെ നില്‍ക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.12 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 0.49 ശതമാനവും മുന്നേറി.
അതേസമയം, വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 49 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. 24 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനോടൊപ്പം 98 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 99 സ്‌റ്റോക്കുകള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, വെള്ളിയാഴ്ചയും 2 ശതമാനത്തിലേറെ ഇടിഞ്ഞ് 23.43-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 22-20 നിലവാരത്തിലേക്ക് വന്നാല്‍ ബുള്ളുകള്‍ക്ക് പിടിമുറുക്കാനുള്ള സാഹചര്യമൊരുങ്ങും.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 37 എണ്ണവും വെള്ളിയാഴ്ച നഷ്ടം രേഖപ്പെടുത്തി. ബജാജ് ഓട്ടോ 1.90%, അദാനി പോര്‍ട്ട്‌സ് 1.51%, എസ്ബിഐ 0.96%, റിലയന്‍സ് 0.86%, ഏഷ്യന്‍ പെയിന്റ്‌സ് 0.72% എസ്ബിഐ ലൈഫ് 0.70%, എയര്‍ടെല്‍ 0.69% എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ 13 ഓഹരികള്‍ മാത്രമാണ് ഇന്നത്തെ വ്യാപാരത്തില്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ടൈറ്റന്‍ 3.38%, ടെക് മഹീന്ദ്ര 2.23%, മാരുതി സുസൂക്കി 1.69%, ഇന്ത്യന്‍ ഓയില്‍ 1.45%, ഐഷര്‍ മോട്ടോര്‍സ് 1.38%, ഹീറോ മോട്ടോ കോര്‍പ് 1.34% തുടങ്ങിയ ഓഹരികളാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.


Click it and Unblock the Notifications