പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്‍റെ ഓഹരി വില തുടർച്ചയായി ഉയരുകയാണ്. ഓഗസ്റ്റ് 9-ആം തീയ്യതിയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 76 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാൽ, അന്നുതന്നെ ഓഹരി വില 20% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. തിങ്കഴാഴ്ചയും മികച്ച നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഇന്നും മുകളിലേക്ക് കുതിക്കുകയാണ് ഓഹരി. വെറും മൂന്ന് ദിവസത്തിനുള്ളിൽ 58 ശതമാനം ഓഹരി ഉയർന്നു.
ഓഹരി വില
വോളിയങ്ങളെ സംബന്ധിച്ചിടത്തോളം ചൊവ്വാഴ്ച രാവിലെ 15 കോടി ഓഹരികളാണ് കൈമാറിയത്. എൻഎസ്ഇയിൽ 118.59 രൂപ എന്നതാണ് നിലവിൽ ഓല ഇലക്ട്രിക്കിന്‍റെ ഓഹരി വില. ഓഗസ്റ്റ് 14-ന് ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ ക്യു1 ഫലപ്രഖ്യാപനമുണ്ടാതും. ഫലം അനുകൂലമാണെങ്കിൽ ഓഹരി കൂടുതൽ വേഗതയിൽ മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
2023-24 സാമ്പത്തിക വർഷം ഓല 5,009 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 2022-23ലെ 2,630 കോടി രൂപയിൽ നിന്നാണ് വളർച്ച. അതേസമയം നഷ്ടം 1,472 കോടി രൂപയിൽ നിന്നുയർന്ന് 1,584 കോടി രൂപയുമായി.

പുതിയ വാഹനം
സ്വാതന്ത്ര്യ ദിനത്തിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒല ഇലക്ട്രിക്. ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2023 ഓഗസ്റ്റിൽ, ഡയമണ്ട്‌ഹെഡ്, അഡ്വഞ്ചർ, റോഡ്‌സ്റ്റർ, ക്രൂയിസർ എന്നിവയുൾപ്പെടെ കൺസെപ്റ്റ് മോഡലുകൾ ഒല പ്രദർശിപ്പിച്ചിരുന്നു.
ഷെയർ ഹോൾഡിംഗ്
ആകെ ഓഹരി വിഹിതത്തിൽ ആങ്കർ ബുക്കിൻ്റെ 40 ശതമാനം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി നീക്കിവച്ചപ്പോൾ ആഗോള നിക്ഷേപ സ്ഥാപനങ്ങൾക്ക് ലഭിച്ചത് ഏകദേശം 54 ശതമാനമാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ എസ്ബിഐ, എച്ച്ഡിഎഫ്സി, നിപ്പോൺ ഇന്ത്യ എന്നിവ മറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ആങ്കർ ഭാഗത്ത് താരതമ്യേന ഉയർന്ന അലോട്ട്‌മെൻ്റുകൾ നേടി.
ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ടു-വീലർ നിർമാതാക്കളാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. ഇലക്ട്രിക് ടു-വീലർ വിഭാഗത്തിൽ 35 ശതമാനം വിപണി വിഹിതം ബെംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സ്വന്തമാണ്.
ഓഗസ്റ്റ് 2 മുതൽ 6 വരെയായിരുന്നു ഓല ഇലക്ട്രിക് ഐപിഒ. ഉപകമ്പനിയുടെ കീഴിലുള്ള ബാറ്ററി നിർമാണ ഫാക്ടറിയുടെ വിപുലീകരണത്തിനും 800 കോടി രൂപയുടെ കടബാധ്യത തീർക്കുന്നതിനും ഭാവിയിലേക്കുള്ള ഉത്പന്നങ്ങളുടെ ഗവേഷണങ്ങൾക്കായും ഐപിഒയിൽ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുമെന്നാണ് ഓല ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

മന്ദഗതിയിൽ വിപണി
ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളിലെ ഇടിവ് സൂചികകൾക്ക് വിനയായി. വിദേശ നിക്ഷേപകരുടെ ഉയർന്നു വന്ന വില്പനയും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര വ്യാപാരവും വിപണിയെ തളർത്തി.സെൻസെക്‌സ് 134.27 പോയിൻ്റ് ഇടിഞ്ഞ് 79,514.65 ലെത്തി. നിഫ്റ്റി 38.65 പോയിൻ്റ് താഴ്ന്ന് 24,308.35 ലെത്തി.
സെൻസെക്സിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി എയർടെൽ, സൺ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications