ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആവേശത്തോടെ തുടരുകയാണ്. മുംബൈ പതിവ് തെറ്റിച്ചില്ല. ആദ്യ മത്സരം തന്നെ തോറ്റു. സഞ്ജുവിന്‍റെ രാജസ്ഥാനും തലയുടെ ചെന്നൈയും മികച്ച ഫോമിൽ. കളി വരും ദിവസങ്ങളിൽ കൂടുതൽ ആവേശത്തിലേക്കെത്തും. എന്തായാലും ക്രിക്കറ്റ് ആവേശത്തിനൊപ്പം ഓഹരി വിപണിയിലും മുന്നേറ്റങ്ങളുണ്ടാകുന്നുണ്ട്. ഐപിഎൽ കാരണം ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് സൊമാറ്റോ. അത് എങ്ങനെയെന്ന് ചിന്തിക്കുകയാണോ, വിശദമായി പരിശോധിക്കാം.
ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ സൊമാറ്റോ
കഴിഞ്ഞ ഒരു വർഷമായി സൊമാറ്റോയുടെ ഓഹരി വില വർധിക്കുകയാണ്. ഒരു വർഷം മുൻപ് 50 രൂപയിൽ താഴെയായിരുന്ന ഓഹരി വില ഇന്ന് 180 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം, അതായത് മാർച്ച് 26-ആം തീയ്യതിയാണ് സൊമാറ്റോയുടെ ഓഹരി വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയരത്തിലെത്തിയത്. 183.40 രൂപയായിരുന്നു ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരി വില.

കുതിപ്പിന് കാരണം
സൊമാറ്റോ ഓഹരി വരും ദിവസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ഓൺലൈൻ ഭക്ഷണത്തിനുള്ള ഡിമാൻഡ് കോവിഡിന് മുമ്പുള്ള തലത്തിൽ എത്തിയിട്ടുണ്ട്. ഐപിഎൽ മത്സരങ്ങൾ തടസമില്ലാതെ ആസ്വദിക്കാൻ ആളുകൾ കൂടുതലായി ഓൺലൈൻ ഭക്ഷണ ഓർഡറുകളെ ആശ്രയിക്കാൻ തുടങ്ങി. ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിൽ സൊമാറ്റോയ്ക്ക് ഏതാണ്ട് കുത്തകയുള്ളതിനാൽ സൊമാറ്റോയുടെ ബിസിനസ്സ് ശക്തിപ്പെടുമെന്നുമാണ് വിലയിരുത്തൽ.
സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് അതിൻ്റെ ചാർജുകൾ 200 ശതമാനത്തിലധികം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയെ അതിൻ്റെ ബിസിനസിൽ കൂടുതൽ വരുമാനം ശേഖരിക്കാൻ പ്രാപ്തമാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
247 രൂപ വരെ എത്താൻ സാധ്യത
സൊമാറ്റോ ഓഹരി വിലയിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രഭുദാസ് ലില്ലാധറിലെ ടെക്‌നിക്കൽ അനലിസ്റ്റ് ഷിജു കൂത്തുപാലക്കൽ പറഞ്ഞു. ഓഹരി വില ചാർട്ട് പാറ്റേണിൽ 175 രൂപയിൽ ഒരു പുതിയ ബ്രേക്ക്ഔട്ട് നൽകി. ഓരോ ലെവലിലും 154 രൂപ എന്ന ശക്തമായ അടിത്തറയും ഓഹരിക്കുണ്ട്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി വില 247 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 5 ദിവസത്തിനിടെ 14.16 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി വിപണിയിൽ നിന്നും സൊമാറ്റോ നേടിയത്. ആറ് മാസത്തിനിടെ 82.82 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 265.27 ശതമാനമെന്ന മൾട്ടിബാഗർ നേട്ടവും സൊമാറ്റോ നിക്ഷേപകർക്ക് നൽകി.
ഐപിഎല്ലുമായി നേരിട്ട് സഹകരിക്കുന്ന കമ്പനികളുടെ ഓഹരികളിലും വലിയ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള രണ്ട് കമ്പനികളുടെ വിവരങ്ങൾ കൂടി പരിശോധിക്കാം
1. ടിവി 18 ബ്രോഡ്കാസ്റ്റ്
റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടിവി18 ബ്രോഡ്‌കാസ്റ്റ്, വാർത്തകൾ, വിനോദം, ഇൻഫോടെയ്ൻമെൻ്റ് വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
റിലയന്‍സ് ചെയര്‍മാന്‍മുകേഷ് അംബാനിയാണ് ഐപിഎല്‍സ്ട്രീമിംഗിന്‍റെ അവകാശം 205 ബില്യന്‍രൂപയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ടിവി 18 ബ്രോഡ്കാസ്റ്റ് ഓഹരികളിൽ കുതിപ്പുണ്ടാകാനുള്ള സാധ്യതകളുണ്ട്.
2. ഇൻ്റർഗ്ലോബ് ഏവിയേഷൻ
ഇന്ത്യയിലെ 10 വ്യത്യസ്‌ത വേദികളിലായി ഐപിഎൽ നടക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും മറ്റുള്ളവർക്കും മികച്ച യാത്ര സൗകര്യങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കളിക്കാരെയും കൊണ്ട് രാജ്യത്തുടനീളം പറക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ്. വ്യോമയാന രംഗത്തെ പ്രധാനിയായ ഇൻ്റർഗ്ലോബ് ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications