കരുതിയതുതന്നെ സംഭവിച്ചു; 'പേയ്മന്റ്സ് ബാങ്കില്‍' പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ് പേടിഎം. തിങ്കളാഴ്ച്ച തുടക്ക വ്യാപാരത്തില്‍ പേടിഎമ്മിന്റെ ഓഹരി വില 12 ശതമാനത്തിലേറെ കൂപ്പുകുത്തി. വെള്ളിയാഴ്ച്ച 775 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി തിങ്കളാഴ്ച്ച 675 രൂപയിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. 9.30 ആയപ്പോഴേക്കും പേടിഎമ്മിന്റെ ഓഹരി വില 684 രൂപയിലേക്കും താഴ്ന്നു.
പേടിഎമ്മിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിജയ് ശേഖര്‍ ശര്‍മയുടെ ആശയമാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക്. പേയ്മെന്റ്സ് ബാങ്കിലെ 'മെറ്റീരിയല്‍ സൂപ്പര്‍വൈസറി' പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ വിലക്ക്. 2018 -ല്‍ കെവൈസി നിയമലംഘനം കാണിച്ചും പേടിഎമ്മിനെതിരെ സമാനമായ നടപടി കേന്ദ്ര ബാങ്ക് സ്വീകരിച്ചിരുന്നു.
വെള്ളിയാഴ്ച്ചയാണ് പേയ്മെന്റ്സ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. കമ്പനി ഉപയോഗിക്കുന്ന ഐടി സംവിധാനങ്ങളുടെ സമഗ്രമായ ഓഡിറ്റ് നടത്തണം. ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ അറിയിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് പേടിഎം പ്രതികരിച്ചെങ്കിലും കമ്പനിയിലുള്ള നിക്ഷേപകരുടെ വിശ്വാസം ദുര്‍ബലമാവുകയാണ്.
കഴിഞ്ഞവര്‍ഷം ഓഹരി വിപണിയില്‍ പേരുചേര്‍ത്ത പേടിഎം ശക്തമായ വില്‍പ്പന സമ്മര്‍ദ്ദമാണ് തുടക്കം മുതല്‍ നേരിടുന്നത്. കമ്പനിയുടെ ഓഹരി വില ഇതിനകം മൂന്നില്‍ രണ്ടായി ചുരുങ്ങി. 2,150 രൂപയായിരുന്നു പേടിഎമ്മിന്റെ ഐപിഓ വില. നിലവില്‍ നിരവധി ബ്രോക്കറേജുകള്‍ പേടിഎമ്മിന്റെ റേറ്റിങ് വെട്ടിക്കുറച്ചിട്ടുണ്ട്.
രാജ്യാന്തര ബ്രോക്കറേജായ മോര്ഗന് സ്റ്റാന്‍ലി 'ഓവര്‍ വെയ്റ്റില്‍' നിന്നും 'ഇക്വല് വെയ്റ്റായി' പേടിഎമ്മിനെ തരംതാഴ്ത്തി. റിസര്‍വ് ബാങ്ക് നടപടികള്‍ മുന്‍നിര്‍ത്തി കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണെന്ന് ബ്രോക്കറേജ് പറയുന്നു.
സ്റ്റോക്കിലെ ലക്ഷ്യവിലയും മോര്ഗന് സ്റ്റാന്‍ലി വെട്ടിച്ചുരുക്കിയത് കാണാം. പുതിയ സാഹചര്യത്തില്‍ 1,425 രൂപയില്‍ നിന്നും 935 രൂപയിലേക്ക് പേടിഎം ഓഹരികളുടെ ടാര്‍ഗറ്റ് വില ഇവര്‍ പുതുക്കി. മക്വാറി സെക്യുരിറ്റീസ് ഇന്ത്യയും സമാനമായ നടപടി എടുത്തിട്ടുണ്ട്. 'അണ്ടര്‍പെര്‍ഫോം' റേറ്റിങ് തുടരുന്ന പേടിഎമ്മില്‍ 700 രൂപയുടെ പ്രൈസ് ടാര്‍ഗറ്റാണ് മക്വാറി സെക്യുരിറ്റീസ് പുതുതായി നിര്‍ദേശിക്കുന്നത്.
ഇതേസമയം, ഇപ്പോഴത്തെ വിലക്ക് പേടിഎമ്മിന്റെ മൊത്തം ബിസിനസിനെ ബാധിക്കില്ലെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. കാരണം ഇതിനോടകം പേയ്മെന്റ്സ് ബാങ്കില്‍ വലിയ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാന്‍ പേടിഎമ്മിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ വിലക്ക് ബ്രാന്‍ഡ് പ്രതിച്ഛായയും ഉപഭോക്തൃ വിശ്വാസവും സാരമായി തകര്‍ക്കുമെന്ന മുന്നറിയിപ്പ് മക്വാറി സെക്യുരിറ്റീസ് നല്‍കുന്നുണ്ട്.
വാസ്തവത്തില്‍ പേടിഎമ്മിന്റെ 'പച്ച പിടിച്ച' ബിസിനസാണ് പേയ്മെന്റ്സ് ബാങ്ക്. ഡിസംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 98 ശതമാനം വരുമാന വളര്‍ച്ചയാണ് പേയ്മന്റ്സ് ബാങ്ക് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന പേയ്മെന്റ് സേവനങ്ങളില്‍ നിന്ന് 60 ശതമാനവും വ്യാപാരികള്‍ക്ക് നല്കുന്ന പേയ്മെന്റ് സേവനങ്ങളില്‍ നിന്ന് 117 ശതാനവും വരുമാന ഉയര്‍ച്ച കമ്പനി കണ്ടു.
ഡിസംബര്‍ പാദത്തില്‍ വായ്പാ വിതരണത്തിലും വന്‍ മുന്നേറ്റം പേടിഎം കയ്യടക്കുകയുണ്ടായി. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 401 ശതമാനം വളര്‍ച്ചയാണ് വായ്പാ വിഭാഗത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications