വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ പെന്നി ഓഹരികളിലൊന്നാണ് അദ്വിക് ക്യാപിറ്റൽ ലിമിറ്റഡ്. ഓഹരികൾ 5 ശതമാനം നേട്ടമാണ് ആദ്യ സെഷനിൽ തന്നെ നേടിയത്. മികച്ച പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണം.
വരുമാനത്തിൽ വർധനവ്
2024 ജൂൺ പാദത്തിൽ അദ്വിക് ക്യാപിറ്റലിൻ്റെ മൊത്തം വരുമാനം 4.97 കോടി രൂപയാണ്. മുൻ പാദത്തിലെ 4.15 കോടി രൂപയിൽ നിന്നും മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 4.47 കോടി രൂപയിൽ നിന്നും ഉയർന്നു. കമ്പനിയുടെ മൊത്ത വരുമാനത്തിൽ പ്രതിവർഷം 11.20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ (NBFC) അറ്റാദായം 2.22 കോടി രൂപയായി ഉയർന്നു , 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 0.42 കോടി രൂപയും മുൻ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ 1.30 കോടി രൂപയും ആയിരുന്നു.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 2.86 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13.04 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 20.17 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 34.27 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ വളർച്ച. ഒരു വർഷത്തിനിടെ 46 ശതമാനം ലാഭം നിക്ഷേപതകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

ഷെയർഹോൾഡിംഗ് പാറ്റേൺ
ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, കമ്പനിയുടെ പ്രൊമോട്ടർമാർക്ക് 21.80 ശതമാനവും പൊതുജനങ്ങൾക്ക് 78.20 ശതമാനം ഓഹരിയും കമ്പനിയിലുണ്ട്.
അദ്വിക് ക്യാപിറ്റൽ ലിമിറ്റഡ്
ഫിനാൻസിംഗ്, ഇന്റർ കോർപ്പറേറ്റ് നിക്ഷേപങ്ങൾ, മൂലധന വിപണി പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണിത്. 122 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. അതിനാൽ തന്നെ മൈക്രോ ക്യാപ് കമ്പനിയാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 149 ശതമാനം സിഎജിആർ ലാഭ വളർച്ച കമ്പനി നേടിയിട്ടുണ്ട്.

2025-ഓടെ പ്രധാനപ്പെട്ട നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (SIB-NBFC) എന്ന പദവി കൈവരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ സമഗ്ര വിപുലീകരണ തന്ത്രങ്ങൾ കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. റിസ്ക്, ഓപ്പറേഷൻസ്, ഗവേണൻസ്, ടെക്നോളജി എന്നിവയിൽ വൈദഗ്ധ്യമുള്ള വ്യവസായ വിദഗ്ധരെ ആകർഷിക്കുന്നതിനും അതിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കമ്പനി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേട്ടത്തോടെ അവസാനം
ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡിൽ. അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികകൾ ഇന്ന് കുതിച്ചുയർന്നത്. സെൻസെക്‌സ് 1,292.92 പോയിൻ്റ് അഥവാ 1.62 ശതമാനം ഉയർന്ന് 81,332.72 ലും നിഫ്റ്റി 428.75 പോയിൻ്റ് അഥവാ 1.76 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആയ 24,834.85 ലും ക്ലോസ് ചെയ്തു.
നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി എന്നിവ 2 ശതമാനം വീതം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 2.4 ശതമാനം ഇടിഞ്ഞ് 12.3 ലെത്തി. ബിഎസ്ഇ മിഡ്‌ക്യാപ്, ബിഎസ്ഇ സ്‌മോൾക്യാപ് സൂചികകൾ 2 ശതമാനം വരെ ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications