വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) ഒക്ടോബർ 29 ചൊവ്വാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുമെന്ന് അറിയിച്ചു. മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്ട്രോണിക് രജിസ്ട്രി നിലനിർത്തുന്നതിനായി വികസിപ്പിച്ച യു-വിൻ പോർട്ടലും നിലവിൽ പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാണ്. അതും ഈ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഏത് വരുമാനത്തിൽപെട്ട 70 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്. ഈ ഇൻഷൂറൻസ് പ്രകാരം ആയുഷ്മാൻ കാർഡ് ലഭിച്ചാൽ എ.ബി-പി.എം.ജെ.എ.വൈ എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പൗരന്മാർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഇൻഷൂറൻസ് സ്കീമിന് അർഹതയുള്ളവർ ഇതിനായുള്ള് ആപ്ലിക്കേഷൻ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. അതിനായി PMJAY പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കൂ.
നിലവിൽ ആയുഷ്മാൻ കാർഡ് ഉള്ളവർ
നിങ്ങൾക്ക് നിലവിൽ ഒരു ആയുഷ്മാൻ കാർഡ് ഉണ്ടോ? എങ്കിൽ നിങ്ങൾ വീണ്ടും ഒരു പുതിയ കാർഡിനായി അപേക്ഷിക്കുകയും അവരുടെ ഇ-കെവൈസി വീണ്ടും പൂർത്തിയാക്കുകയും വേണം. മാത്രമല്ല എ.ബി-പി.എം.ജെ.എ.വൈ യുടെ കീഴിൽ വരുന്ന കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും. ഇത് കുടുംബത്തിലെ മറ്റുള്ളവർക്കായി പങ്കിടേണ്ട ആവശ്യമില്ല.

മറ്റ് ഇൻഷൂറൻസ് ഉണ്ടെങ്കിൽ....
മറ്റ് ഇൻഷൂറസ് പോളിസികളിൽ അംഗത്വമുണ്ടെങ്കിലും 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് എ.ബി-പി.എം.ജെ.എ.വൈ യ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാലും മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളായ കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സി.ജി.എച്ച്.എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്) എന്നിവയിൽ നിന്ന് നിലവിൽ ആനുകൂല്യം നേടുന്നവർക്ക് ഏതെങ്കിലും ഒരു ആനുകൂല്യം മാത്രം തിരഞ്ഞെടുക്കാം.
അവർക്ക് താത്പര്യമെങ്കിൽ അവരുടെ നിലവിലുള്ള സ്കീം തിരഞ്ഞെടുക്കാം അല്ലെങ്കിൽ AB PM-JAY തിരഞ്ഞെടുക്കാം. എല്ലാം ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കില്ല.
ജനങ്ങൾക്കു വേണ്ടി.....
49 ശതമാനം സ്ത്രീകൾ ഉൾപ്പെടെ 7.37 കോടി ആശുപത്രി അഡ്മിഷനാണ് നിലവിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രയോജനം ലഭിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനം വരുന്ന 10.74 കോടി ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾ ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 37 ലക്ഷം ആശാ/എ.ഡബ്ല്യു.ഡബ്ല്യു/എ.ഡബ്ല്യു.എച്ച്‌മാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷാ ഉറപ്പാണ്.
നിങ്ങളിത് അറിഞ്ഞോ? റേഷൻകാർഡ് മസ്റ്ററിംഗിനുള്ള തിയ്യതി നീട്ടി; അപ്ഡേറ്റ് ചെയ്യാത്തവർ ഇനി പേടിക്കേണ്ട
യു-വിൻ പോർട്ടൽ
എ.ബി-പി.എം.ജെ.എ.വൈ പദ്ധതിക്കു പുറമേ യു. വിൻ പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും. COVID-19 വാക്‌സിൻ മാനേജ്‌മെൻ്റ് സിസ്റ്റമായ Co-WIN-ൻ്റെ തനിപ്പകർപ്പാണ് U-Win പ്ലാറ്റ്‌ഫോം. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ കീഴിൽ ഗർഭിണികളായ സ്ത്രീകൾക്കും 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമുള്ള വാക്‌സിനേഷൻ്റെ ഡിജിറ്റൽ റെക്കോർഡ് സൂക്ഷിക്കുന്നതിനാണ് ഈ യു-വിൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications