പൊറിഞ്ചു വെളിയത്ത് യാത്ര തുടരുകയാണ് ഓഹരി വിപണിയിലെ കാണാപ്പൊന്നുകള്‍ തേടി. അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന കരുത്തന്‍ കമ്പനികള്‍ തേടിപ്പിടിച്ച് കൈനിറയെ ലാഭം കണ്ടെത്തുന്ന 'മാജിക്ക്' ഒരിക്കല്‍ക്കൂടി ഇദ്ദേഹം ആവര്‍ത്തിക്കുകയാണ്. ഇത്തവണ പ്ലൈവുഡ് നിര്‍മാണ കമ്പനിയായ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിലാണ് പൊറിഞ്ചു വെളിയത്തും ഭാര്യ ലിറ്റി തോമസും പിടിമുറുക്കുന്നത്.
ചൊവാഴ്ച്ച ഇരുവരും ചേര്‍ന്ന് ഡ്യൂറോപ്ലൈയുടെ 7,000 ഓഹരികളാണ് പൊതുവിപണിയില്‍ നിന്നും അധികം സമാഹരിച്ചത് (0.11 ശതമാനം ഓഹരികള്‍). ഇതോടെ, ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസില്‍ പൊറിഞ്ചു-ലിറ്റി ദമ്പതികളുടെ ഓഹരി പങ്കാളിത്തം 5.5 ശതമാനത്തില്‍ നിന്നും 5.61 ശതമാനമായി ഉയര്‍ന്നു. 'സ്‌മോള്‍-കാപ്പുകളുടെ തമ്പുരാനെന്ന്' വിളിപ്പേരുള്ള പൊറിഞ്ചു വെളിയത്ത് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസില്‍ നിക്ഷേപം ഉയര്‍ത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ചെറുകിട നിക്ഷേപകര്‍ ഒന്നടങ്കം ഈ സ്‌റ്റോക്കിലേക്ക് ഇരച്ചെത്തുകയുണ്ടായി.
ഫലമോ, ബുധനാഴ്ച്ച രാവിലെത്തന്നെ ഡ്യൂറോപ്ലൈ ഓഹരികള്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടു. ചൊവാഴ്ച്ച 120.55 രൂപ എന്ന നിലയ്ക്ക് ക്ലോസ് ചെയ്ത കമ്പനിയുടെ ഓഹരി വില ഒറ്റയടിക്കാണ് 132.60 രൂപയിലേക്ക് കുതിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 37 ശതമാനവും ഒരു മാസത്തിനിടെ 20 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിന് കഴിഞ്ഞിട്ടുണ്ട്. നടപ്പു വര്‍ഷം ഇതുവരെയുള്ള ചിത്രത്തില്‍ 7 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 162 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 42.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡ്യൂറോപ്ലൈ ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 12.93.
2021 ഡിസംബര്‍ പാദം 55.26 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റവരുമാനം. മുന്‍വര്‍ഷമിത് 56.87 കോടി രൂപയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ 77 ലക്ഷം രൂപയുടെ അറ്റാദായം കണ്ടെത്താനും ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിന് സാധിച്ചു. മുന്‍വര്‍ഷം 15 ലക്ഷം മാത്രമായിരുന്നു അറ്റാദായം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെയുള്ള ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് 127.15 കോടിയില്‍ നിന്നും 137.09 കോടി രൂപയായാണ് കമ്പനിയുടെ അറ്റവരുമാനം കൂടിയത്. ഇതേകാലയളവില്‍ പ്രതിയോഹരി വരുമാനം 0.24 രൂപയില്‍ നിന്നും 1.19 രൂപയായും വര്‍ധിച്ചു.
2021 ഡിസംബറിലെ കണക്കുപ്രകാരം 18 സ്റ്റോക്കുകളിലാണ് പൊറിഞ്ചു വെളിയത്ത് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. 2021 മൂന്നാം പാദം ഓറം പ്രോപ്‌ടെക്, തനേജ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍, അന്‍സല്‍ ബില്‍ഡ്‌വെല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഇദ്ദേഹം പുതുതായി വാങ്ങിക്കൂട്ടുകയുണ്ടായി.
മറുഭാഗത്ത് നാലു കമ്പനികളുടെ ഓഹരികള്‍ വിറ്റൊഴിവാക്കാനും പൊറിഞ്ചു മുന്‍കയ്യെടുത്തു. അഗ്രോ ടെക് ഫൂഡ്‌സ്, ഈസ്റ്റേണ്‍ ട്രീഡ്‌സ്, ഡാന്‍ലോ ടെക്‌നോളജീസ് ഇന്ത്യ, ഐആര്‍എസ് ബിസിനസ് സര്‍വീസസ് എന്നിവയില്‍ നിന്നുമാണ് പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് പിന്മാറിയത്.
മൂന്നാം പാദം ചെറുകിട കമ്പനിയായ കേരള ആയുര്‍വേദയില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയര്‍ത്തിയിരുന്നു. 2021 ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് കമ്പനിയുടെ 1.33 ശതമാനം ഓഹരികള്‍ ഇദ്ദേഹം അധികം സമാഹരിച്ചു. ഇതോടെ കേരള ആയുര്‍വേദയില്‍ പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പങ്കാളിത്തം 2.37 ശതമാനമായി. സമാനമായി മക്ഡവല്‍ ഹോള്‍ഡിങ്‌സിലും ഓറിയന്റ് ബെല്‍സിലും ഇദ്ദേഹം ഓഹരി സമാഹരണം നടത്തിയിരുന്നു.
ഗതി, ഷാലിമാര്‍ പെയിന്റ്‌സ്, സ്വെലക്ട് എനര്‍ജി സിസ്റ്റംസ്, കായ, ക്യൂപിഡ്, എച്ച്പിഎല്‍ ഇലക്ട്രിക് ആന്‍ഡ് പവര്‍, ആര്‍പിഎസ്ജി വെഞ്ച്വേഴ്‌സ്, സൊമാനി ഹോം ഇന്നോവേഷന്‍ തുടങ്ങിയ ഓഹരികളും സ്റ്റാര്‍ നിക്ഷേപകന്‍ പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഇടംപിടിക്കുന്നുണ്ട്.
അറിയപ്പെടാത്തതും എന്നാല്‍ ഗുണനിലവാരമുള്ള കരുത്തുറ്റ കമ്പനികളുടെ ഓഹരികള്‍ തേടിപ്പിടിച്ച് വാങ്ങുകയാണ് പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ രീതി. ഇക്കാരണത്താല്‍ സ്‌മോള്‍-കാപ്പുകളുടെ തമ്പുരാനെന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേരും. നിലവില്‍ വലിയൊരു ശതമാനം ചെറുകിട നിക്ഷേപകര്‍ പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ സാകൂതം പിന്തുടരുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications