പൊറിഞ്ചു വെളിയത്ത് എന്ന പേര് കേൾക്കാത്ത നിക്ഷേപകരുണ്ടാകില്ല അല്ലേ. വേണമെങ്കിൽ ഇന്ത്യൻ സ്മോൾ ക്യാപ് ഓഹരികളുടെ രാജാവ് എന്നോ രാജകുമാരൻ എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ട്ഫോളിയോയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് കേരള കമ്പനിയായ കേരള ആയുർവേദ. കമ്പനിയുടെ ഓഹരി വരും നാളുകളിൽ വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതിനുള്ള കാരണം മറ്റൊന്നുമല്ല, കേരള ആയുർവേദയുടെ കൂടുതൽ ഓഹരികൾ പൊറിഞ്ചു വെളിയത്ത് വാങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ്.
മൾട്ടിബാഗർ ഓഹരി
നിലവിൽ 200.75 രൂപയാണ് കേരള ആയുർവേദയുടെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.12 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 5.36 ശതമാനമാണ് ഒരു മാസത്തിനിടയിലെ ഓഹരി മുന്നേറ്റം. ആറ് മാസത്തിനിടെ 18.79 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കേരള ആയുർവേദ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 200 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 325 ശതമാനമാണ് ഓഹരി നേടിയ വളർച്ച.
ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്ക് 329.75 രൂപയാണ്. അതേ സമയം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 89 രൂപയാണ്.

0.36 ശതമാനം ഉയർത്തി പൊറിഞ്ചു
2024 മാർച്ചിൽ അവസാനിച്ച പാദത്തിലെ കേരള ആയുർവേദത്തിൻ്റെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, പൊറിഞ്ചു വെളിയത്ത് സ്മോൾ ക്യാപ് കമ്പനിയിലെ തൻ്റെ ഓഹരി 4.82 ശതമാനത്തിൽ നിന്ന് 5.18 ശതമാനമായി ഉയർത്തി. പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സ്ഥാപനമായ ഇക്വിറ്റി ഇന്‍റലിജൻസ് വഴിയാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപങ്ങൾ നടത്തുന്നത്.
2023 ഒക്ടോബർ - ഡിസംബർ ത്രൈമാസ കാലയളവിൽ കേരള ആയുർവേദയുടെ 1.64 ശതമാനം ഓഹരികളാണ് പൊറിഞ്ഞു വെളിയത്ത് വാങ്ങിയത്. അതോടെയാണ് അദ്ദേഹത്തിന്‍റെ ഓഹരി വിഹിതം 4.82 ശതമാനമായി ഉയർന്നത്. കേരള ആയുർവേദ കൂടാതെ പിജി ഫോയിൽസ്, സെന്‍റം ഇലക്ട്രോണിക്സ്, കായ, മാക്സ് ഇന്ത്യ, ഷാലിമാർ പെയിന്‍റ്സ്, സിംഗർ ഇന്ത്യ എന്നിവയാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള മറ്റ് പ്രധാന ഓഹരികൾ.

കേരള ആയുര്‍വേദ
1945ല്‍ കേരള ഫാര്‍മസി എന്ന പേരില്‍ ആലുവയില്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് കേരള ആയുര്‍വേദയായി മാറിയത്. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. എറണാകുളത്തിന് പുറമേ ബംഗളൂരുവിലും ബാലിയിലുമാണ് റിസോര്‍ട്ടുകള്‍. 330 കോടി രൂപയാണ് വിപണി മൂലധനം.
ആരാണ് പൊറിഞ്ചു വെളിയത്ത്
വിപണിയിൽ അധികം അറിയപ്പെടാത്ത സ്മോൾകാപ് ഓഹരികളിലെ നിക്ഷേപത്തിലൂടെ ശ്രദ്ധേയനാണ് പൊറിഞ്ചു വെളിയത്ത്. ഓഹരി വിപണി നിക്ഷേപർക്ക് ഇടയിൽ സ്മോൾകാപ് ചക്രവർത്തി എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയത്ത്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റും ഇതര നിക്ഷേപ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇക്വിറ്റി ഇന്റലിജൻസിന്റെ സ്ഥാപകനാണ്. നേരത്തെ കൊട്ടക് സെക്യൂരിറ്റീസ്, പരാഗ് പരീഖ് ഫിനാൻഷ്യൽ സർവീസസ് എന്നീ സാമ്പത്തിക സേവന സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications