ചെറുഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും സമ്മര്‍ദ്ദത്തില്‍. റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരവെ, ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയാണ് വിപണിക്ക്. വില്‍പ്പനക്കാരായി തുടരുന്ന വിദേശ നിക്ഷേപകരും ആഗോള വിപണികളിലെ ദുര്‍ബല വികാരവും സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ക്ക് ക്ഷീണം ചെയ്യുന്നുണ്ട്.
ബുധനാഴ്ച്ച ഓഹരി വിപണിയുടെ ആത്മവിശ്വാസം കുറച്ച മറ്റൊരു ഘടകമാണ് ഡിസംബര്‍ പാദത്തിലെ ജിഡിപി കണക്കുകള്‍. കരുതിയതിലും താഴെ, 5.4 ശതമാനം വളര്‍ച്ചാ നിരക്കാണ് ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ സമ്പദ്ഘടന രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ നിരാശജനകമായ വാഹന വില്‍പ്പന കണക്കുകളും ഇന്ന് നിക്ഷേപകരുടെ വീര്യം ചോര്‍ത്തി.
30 ഓഹരികളടങ്ങിയ സെന്‍സെക്സ് സൂചിക 778.38 പോയിന്റ് അഥവാ 1.38 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. സൂചിക 55,468.90 രൂപയില്‍ തിരശ്ശീലയിട്ടു. നിഫ്റ്റി ഫിഫ്റ്റിയിലും സമാനമായ തകര്‍ച്ച കാണാം. 187.95 പോയിന്റ് അഥവാ 1.12 ശതമാനം ഇടിവു നേരിട്ടുകൊണ്ടാണ് നിഫ്റ്റി വിരാമമിട്ടത്. സൂചികയുടെ ഇപ്പോഴത്തെ നില്‍പ്പ് 16,605.95 പോയിന്റില്‍. ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടക്കാന്‍ വിശാല വിപണികള്‍ക്ക് കഴിഞ്ഞെങ്കിലും ബിഎസ്ഇ മിഡ്-കാപ്പും സ്മോള്‍-കാപ്പും ചുവപ്പില്ത്തന്നെ ഇടപാടുകള്‍ അവസാനിപ്പിച്ചു.
യുദ്ധം വീണ്ടും മുറുകുന്നത് ആഗോള വിപണികളില്‍ ആശങ്ക വിതറുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയും ഇതിന്റെ പ്രതിചലനം ഏറ്റുവാങ്ങുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ മിഡ്-കാപ്പ്, സ്മോള്‍-കാപ്പ് ഓഹരികളാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നത്. ബുധനാഴ്ച്ച ക്വിന്റ് ഡിജിറ്റല്‍ മീഡിയ അപ്പര്‍ സര്‍ക്യൂട്ട് തൊടുന്നതിന് വിപണി സാക്ഷിയായി. അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ക്വിന്റ് ഡിജിറ്റല്‍ ഓഹരിയുടെ വന്‍കുതിപ്പ്.
ആഗോള പ്രതിസന്ധി മുന്‍നിര്‍ത്തി മെറ്റല്‍ ഓഹരികളിലും കാര്യമായ ഡിമാന്‍ഡ് വര്‍ധനവ് കാണാം. ഇതേസമയം, ഫെബ്രുവരിയിലെ നിറംകെട്ട വില്‍പ്പന ഓട്ടോ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളില്‍ കരിനിഴല്‍ വീഴ്ത്തി. എവറെഡി ഇന്‍ഡസ്ട്രീസാണ് ഇന്ന് ഏറ്റവുമധികം വീഴ്ച്ച അഭിമുഖീകരിച്ചത്. ബര്മന് കുടുംബത്തില്‍ നിന്നും ഓപ്പണ്‍ ഓഫര്‍ എത്തിയതിന് ശേഷമായിരുന്നു എവറെഡി ഇന്‍ഡസ്ട്രീസിന്റെ ദാരുണമായ പതനം. ഈ അവസരത്തില്‍ ബുധനാഴ്ച്ച കയ്യടി നേടിയവരും തകര്ന്നുതരിപ്പണമായവരും ആരൊക്കെയെന്ന് ചുവടെ അറിയാം.
പ്രധാന നേട്ടക്കാര്‍
1. ക്വിന്റ് ഡിജിറ്റല്‍ മീഡിയ
ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള ഏക ഡിജിറ്റല്‍ മീഡിയ കമ്പനിയാണ് ക്വിന്റ് ഡിജിറ്റല്‍. ബുധനാഴ്ച്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കുറിച്ചുകൊണ്ടാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്. ക്വിന്റ് ഡിജിറ്റലിന് കീഴിലുള്ള ക്വിന്റിലണ് ബിസിനസ് മീഡിയയുടെ ന്യൂനപക്ഷ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ക്വിന്റ് ഡിജിറ്റല്‍ ഓഹരികള്‍ക്ക് 'ശക്തിമരുന്ന്' നല്കി. 405 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 483.40 രൂപയാണ്.
2. ഷാലിമാര്‍ പെയിന്റ്സ്
പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ഷാലിമാര്‍ പെയിന്റ്സും 13 ശതമാനം നേട്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ നിര്‍ത്തിയത്. വിലവര്‍ധന നടപടികള്‍ സ്വീകരിക്കാനുള്ള കമ്പനിയുടെ തയ്യാറെടുപ്പ് ഷാലിമാര്‍ ഓഹരികള്‍ക്ക് ഉണര്‍വേകുന്നുണ്ട്. പ്രതിദിന ചാര്‍ട്ടുകളിലെ ശക്തമായ ടെക്നിക്കല്‍ സെറ്റപ്പും ഓഹരി വിലയ്ക്ക് കരുത്തുപകരുന്നുണ്ട്. 124 രൂപയില്‍ വ്യാപാരം തുടങ്ങിയ ഷാലിമാര്‍ പെയിന്റ്സ് 142.05 രൂപയിലാണ് ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്.
3. ഹിന്ദുസ്താന്‍ സിങ്ക്
വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്താന്‍ സിങ്കില്‍ നിക്ഷേപകരുടെ താത്പര്യം തുടരുകയാണ്. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങള്‍ കൊണ്ട് 20 ശതമാനത്തോളം ഉയര്‍ച്ച ഹിന്ദുസ്താന്‍ സിങ്ക് കയ്യടക്കുന്നുണ്ട്. ബുധനാഴ്ച്ച ഓഹരി വിലയിലേക്ക് 39.90 രൂപ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 12 ശതമാനം നേട്ടത്തില്‍ 351.70 രൂപ കുറിച്ചുകൊണ്ടാണ് ഹിന്ദുസ്താന്‍ സിങ്ക് ഓഹരിയിടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. വേദാന്തയുടെ ബോര്‍ഡ് യോഗം ഉടന്‍ നടക്കുമെന്നത് സ്റ്റോക്കിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
4. ടാറ്റ മെറ്റാലിക്സ്
ആഭ്യന്തര മെറ്റല്‍ ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഉയരവെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മെറ്റാലിക്സ് 12 ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 759 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 834.55 രൂപയില്‍ തിരശ്ശീല വീണു. ആഗോള പ്രതിസന്ധി മുന്‍നിര്‍ത്തി ഇരുമ്പ്, സ്റ്റീല്‍ ഇതര ലോഹങ്ങള്‍ വില കൂടുന്ന സാഹചര്യത്തിലാണ് ടാറ്റ മെറ്റാലിക്സിന്റെ ഉയര്‍ച്ച.
5. കോള്‍ ഇന്ത്യ
ബുധനാഴ്ച്ച 10 ശതമാനം നേട്ടം കണ്ടുകൊണ്ടാണ് പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യ ഓഹരി വ്യാപാരം നിര്‍ത്തിയത്. ഫെബ്രുവരിയില്‍ 64.3 മില്യണ്‍ ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചെന്ന വിവരം ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 4 ശതമാനം വര്‍ധനവാണിത്. കോള്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഓഹരി വില 184.85 രൂപ. ബുധനാഴ്ച്ച മാത്രം 16.20 രൂപ ഓഹരി വിലയിലേക്ക് ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
പ്രധാന നഷ്ടം നേരിട്ടവര്‍
1. എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ
ഇന്ത്യയിലെ പ്രമുഖ ഡ്രൈ സെല്‍ ബാറ്ററി നിര്‍മാതാക്കളാണ് എവറെഡി ഇന്‍ഡസ്ട്രീസ്. ബുധനാഴ്ച്ച ഓഹരി വിപണിയില്‍ 7 ശതമാനത്തിലേറെ തകര്‍ച്ചയ്ക്ക് കമ്പനി സാക്ഷിയായി. ഡാബൂറിന്റെ ഭാഗമായ ബര്‍മാന്‍ കുടുംബം എവറെഡിയുടെ 26 ശതമാനം ഓഹരികള്‍ വാങ്ങാനായി ഓപ്പണ്‍ ഓഫര്‍ സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് ഇന്നത്തെ വീഴ്ച്ച. ബുധനാഴ്ച്ച 380 രൂപ വരെ ഉയര്‍ന്ന ശേഷം 349.20 രൂപയിലേക്ക് നിലംപതിക്കുകയായിരുന്നു എവറെഡി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില.
2. ഫിനോ പേയ്മെന്റ്സ് ബാങ്ക്
സമീപകാലത്ത് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്ത പുതുതലമുറ വായ്പാ സ്ഥാപനമാണ് ഫിനോ പെയ്മെന്റ്സ്. വിപണിയില്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് മൂന്നിലൊന്ന് മൂല്യം കമ്പനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ബുധനാഴ്ച്ചയും നിലംതൊടാത്ത വീഴ്ച്ച ഫിനോ പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു (7 ശതമാനം വിലയിടിവ്). 264.15 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില.
3. ധനവര്‍ഷ ഫിന്‍വെസ്റ്റ്
ബാങ്കിതര ധനകാര്യ സ്ഥാപനമായ ധന്‍വര്‍ഷ ഫിന്വെസ്റ്റിലും കാണാം 7 ശതമാനം വിലയിടിവ്. 117.40 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്. മഹാരാഷ്ട്ര, ഗോവ, ദില്ലി സംസ്ഥാനങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ ഈട് എടുത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്കാന് ധനവര്‍ഷ ഫിന്‍വെസ്റ്റ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിപണിയിലെ വീഴ്ച്ച. ഇതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി കമ്പനി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
4. റേന്‍ ബ്രേക്ക് ലൈനിങ്
വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ ഒന്നാണ് റേന്‍ ബ്രേക്ക് ലൈനിങ്ങ്. ബുധനാഴ്ച്ച 6 ശതമാനം വിലയിടിവോടെ 637.10 രൂപയിലാണ് കമ്പനി ഇടപാടുകള്‍ അവസാനിപ്പിച്ചത്. പ്രതിദിന ചാര്‍ട്ടുകളിലെ ദുര്‍ബലമായ ടെക്നിക്കല്‍ സെറ്റപ്പ് ഓഹരികള്‍ക്ക് ക്ഷീണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തോളം വീഴ്ച്ചയാണ് റേന്‍ ബ്രേക്ക് ലൈനിങ് അഭിമുഖീകരിക്കുന്നത്.
5. മാരുതി സുസുക്കി ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ബുധനാഴ്ച്ച വലിയ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ കയറിക്കൂടി. 6 ശതമാനം തകര്‍ച്ചയോടെ 7,813.85 രൂപ എന്ന നിലയിലാണ് ഓഹരി ഇടപാടുകള്‍ക്ക് തിരശ്ശീല വീണത്. പോയമാസം 1,64,056 യൂണിറ്റ് കാറുകള്‍ വില്ക്കാന് കമ്പനിക്ക് സാധിച്ചു. 2021 ഫെബ്രുവരിയില്‍ 1,64,469 യൂണിറ്റായിരുന്നു വില്‍പ്പന.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications