1 വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കിയ ഈ സ്റ്റോക്കില്‍ ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം; ഇപ്പോഴും വാങ്ങാം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ നിക്ഷേപകരില്‍ ഒരാളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇദ്ദേഹത്തിന്റെ സ്റ്റോക്ക് പോര്‍ട്ട്‌ഫോളിയോ റീടെയില്‍ നിക്ഷേപകര്‍ സാകൂതം നിരീക്ഷിക്കാറുണ്ട്. ജുന്‍ജുന്‍വാല പുതിയൊരു സ്റ്റോക്കില്‍ നിക്ഷേപം നടത്തിയെന്നറിഞ്ഞാലുടന്‍ പലരും രണ്ടാമതൊന്ന് ആലോചിക്കാതെ ഓടിച്ചെല്ലാറുണ്ട്, ഇതേ ഓഹരി വാങ്ങാന്‍.

സെപ്തംബര്‍ പാദത്തില്‍ കാര്യമായ വാങ്ങലുകള്‍ ജുന്‍ജുന്‍വാല നടത്തിയത് കാണാം. ബാങ്കുകളുടെയും മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയും ഓഹരികളിലാണ് ഇദ്ദേഹം പ്രധാനമായും താത്പര്യം പ്രകടിപ്പിച്ചത്. ഒപ്പം, തന്റെ എക്കാലത്തേയും പ്രിയ സ്റ്റോക്കായ ടൈറ്റന്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 0.1 ശതമാനം കൂടി ജുന്‍ജുന്‍വാല വര്‍ധിപ്പിച്ചു.

ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ

കാനറ ബാങ്ക്, നാല്‍കോ, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാരുടെ പട്ടികയില്‍ ഇപ്പോള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പേരും കാണാം. സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം ഈ കമ്പനികളില്‍ ജുന്‍ജുന്‍വാലയ്ക്ക് 1.1 മുതല്‍ 1.6 ശതമാനം വരെ ഓഹരി പങ്കാളിത്തമുണ്ട്. ഒരു ശതമാനമോ അതില്‍ കൂടുതലോ ഓഹരി പങ്കാളിത്തമുണ്ടെങ്കിലാണ് പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാരുടെ പട്ടികയില്‍ നിക്ഷേപകന്റെ പേര് വരിക.

ഇതേസമയം, മറ്റൊരു സ്‌റ്റോക്കായ മന്ദന റീടെയിലിലുള്ള ഓഹരി പങ്കാളിത്തം 5.35 ശതമാനം ഇദ്ദേഹം കുറച്ചിട്ടുണ്ട്. നിലവില്‍ മന്ദന റീടെയിലിന്റെ 7.4 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്.

ടൈറ്റൻ കമ്പനി

പറഞ്ഞുവരുമ്പോള്‍, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് മികച്ച ലാഭം നേടിക്കൊടുക്കുന്ന സ്‌റ്റോക്കുകളില്‍ ഒന്നാണ് ടൈറ്റന്‍ കമ്പനി.

കഴിഞ്ഞ 12 മാസം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാക്കി നല്‍കാന്‍ ടൈറ്റന് കഴിഞ്ഞിട്ടുണ്ട്. 2,432.15 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ വര്‍ഷം നവംബറില്‍ 1,253.50 രൂപയായിരുന്നു ടൈറ്റന്റെ ഓഹരി വില. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 94 ശതമാനം ഉയരാന്‍ ഈ ലാര്‍ജ് കാപ്പ് സ്റ്റോക്കിന് സാധിച്ചു.

ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 56 ശതമാനം നേട്ടമാണ് ടൈറ്റന്‍ തിരിച്ചുനല്‍കിയത്. 2.16 ലക്ഷം കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന കമ്പനി കഴിഞ്ഞ 5, 20, 50, 100, 200 ദിവസങ്ങളിലെ മൂവിങ് ആവറേജിന് മുകളിലാണ് ഇപ്പോള്‍ തുടരുന്നത്.

ബുള്ളിഷ് ട്രെൻഡ്

വിഖ്യാത ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍, സെപ്തംബര്‍ പാദത്തില്‍ അറ്റാദായം 222 ശതമാനം വര്‍ധിപ്പിച്ച് 641 കോടി രൂപയാണ് രേഖപ്പെടുത്തിയത് (വാര്‍ഷികാടിസ്ഥാനത്തില്‍). ജൂലായ് - സെപ്തംബര്‍ കാലയളവില്‍ കണ്‍സ്യൂമര്‍ ബിസിനസ് ഉണര്‍ന്നത് കമ്പനിക്ക് ഗുണം ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ 173 കോടി രൂപയായിരുന്നു ടൈറ്റന്റെ ലാഭം. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 65 ശതമാനം കൂടി 6,571 കോടി രൂപയുമായി. 2020 സെപ്തംബര്‍ കാലഘട്ടത്തില്‍ ഇത് 3,983 കോടി രൂപയായിരുന്നു. എന്തായാലും ടൈറ്റന്‍ സ്റ്റോക്ക് ഇനിയും ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്നാണ് ബ്രോക്കറേജുകളുടെ പക്ഷം.

നേട്ട സാധ്യത

'ഈ ഉത്സവകാലത്ത് സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലകളില്‍ നിന്നും താഴേക്കിറങ്ങി റേഞ്ച്-ബൗണ്ട് മോഡിലാണുള്ളത്. അതുകൊണ്ട് ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയേറെ. ഈ സാഹചര്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും; ടൈറ്റന്റെ ബിസിനസിനെ ഇതു സ്വാധീനിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും ടൈറ്റന്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുക. ഇക്കാരണത്താല്‍ നിക്ഷേപകര്‍ ടൈറ്റന്‍ ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നതാണ് ഉത്തമം', മാര്‍വാഡി ഷെയര്‍സ് ആന്‍ഡ് ഫൈനാന്‍സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് അഡൈ്വസറി അഖില്‍ രതി അറിയിക്കുന്നു.

കോവിഡിന് മുൻപുള്ള നിലയിലേക്ക്

'ജ്വല്ലറി സെഗ്മന്റില്‍ പുതിയ ഉണര്‍വ് ഇപ്പോള്‍ കാണാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശക്തമായ റിക്കവറിക്കാണ് കളം ഒരുങ്ങുന്നത്. വാച്ചുകള്‍, വെയറബിളുകള്‍, കണ്ണടകള്‍ ഉള്‍പ്പെടുന്ന മറ്റു സെഗ്മന്റുകളും തിരിച്ചുവരവിന്റെ പാതയിലാണ്. നിലവില്‍ രാജ്യത്തെ എല്ലാ ടൈറ്റന്‍ സ്റ്റോറുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് ടൈറ്റന്‍ കമ്പനി വൈകാതെയെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', അഖില്‍ രതി പറയുന്നു.

ബ്രോക്കറേജുകളുടെ നിലപാട്

ബ്രോക്കറേജുകളുടെ നിലപാട്

ടൈറ്റന്‍ കമ്പനിയില്‍ വിവിധ ബ്രോക്കറേജുകള്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. വരും നാളുകളില്‍ കമ്പനിയുടെ വില്‍പ്പന ഉയരുമെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. രാജ്യാന്തര ബ്രോക്കറേജായ മക്വയര്‍ ടൈറ്റന്‍ സ്‌റ്റോക്കിലുള്ള ടാര്‍ഗറ്റ് വില 2,780 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ടൈറ്റന്‍ കമ്പനിയുടെ പ്രതിയോഹരി വരുമാന എസ്റ്റിമേറ്റ് 13 ശതമാനമായും ബ്രോക്കറേജ് കൂട്ടി.

മാർജിൻ ഉയരും

'ടൈറ്റന്റെ കാഷ് ബാലന്‍സ് 2,000 കോടി രൂപയിലേറെയാണ്. ശക്തമായ പ്രവര്‍ത്തന മൂലധന മാനേജ്‌മെന്റ്, മെച്ചപ്പെട്ട ഗോള്‍ഡ് ഹെഡ്ജിങ് പോളിസി, ലാഭക്ഷമത എന്നിവ പണമൊഴുക്ക് എളുപ്പമാക്കും', ഷെയര്‍ഖാന്റെ റിപ്പോര്‍ട്ട് പറയുന്നു. 'ജല്ലറി രംഗത്തെ വിശ്വസനീയ ബ്രാന്‍ഡുകളിലേക്ക് ഉപഭോക്താക്കള്‍ ഘടനാപരമായി തിരിച്ചെത്തുന്നതും വാച്ച് ബിസിനസ് മെച്ചപ്പെടുന്നതും ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്കുള്ള മാര്‍ജിന്‍ വിപുലീകരണത്തിന് വഴി തെളിക്കും', ബ്രോക്കറേജ് കൂട്ടിച്ചേര്‍ക്കുന്നു.

മുന്നോട്ട്

ശക്തമായ വിവാഹാഭരണ ഡിമാന്‍ഡും ജല്ലറി രംഗത്തെ ഹാള്‍മാര്‍ക്കിങ് ആനുകൂല്യങ്ങളും ടൈറ്റന് ഗുണം ചെയ്യുമെന്നാണ് പ്രഭുദാസ് ലില്ലാധറിന്റെ പക്ഷം. കണ്ണട സെഗ്മന്റില്‍ 250 മുതല്‍ 300 സ്റ്റോറുകള്‍ വരെ തുറക്കാനുള്ള ഒരുക്കത്തിലാണ് ടൈറ്റന്‍. തനേയ്‌റ പോലുള്ള വളരുന്ന ബിസിനസുകളില്‍ കാര്യമായി ശ്രദ്ധ പതിപ്പിക്കുന്നതും ടൈറ്റന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് ബ്രോക്കറേജ് സൂചിപ്പിക്കുന്നു.

ഡിമാൻഡ്

'ഡിമാന്‍ഡില്‍ കുത്തനെയുള്ള വര്‍ധനവ് മുന്‍നിര്‍ത്തി 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന എസ്റ്റിമേറ്റ് ഞങ്ങള്‍ തിരുത്തുകയാണ്. രണ്ടാം പാദത്തില്‍ ഇബിഐടിഡിഎ മാര്‍ജിനുകള്‍ കാര്യമായ ഉയര്‍ച്ച കുറിച്ചിരുന്നു. അതുകൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ എസ്റ്റിമേറ്റുകളും ഞങ്ങള്‍ മുകളിലേക്ക് തിരുത്തുകയാണ്', ദോളത്ത് കാപ്പിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ജുന്‍ജുന്‍വാലയുടെ പ്രിയ സ്റ്റോക്ക്

ജുന്‍ജുന്‍വാലയുടെ പ്രിയ സ്റ്റോക്ക്

ഇന്ത്യയിലെ വാരന്‍ ബഫറ്റെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയ സ്റ്റോക്കാണ് ടൈറ്റന്‍. സെപ്തംബറിലെ കണക്കുപ്രകാരം ജുന്‍ജുന്‍വാലയും ഭാര്യ രേഖയും ടൈറ്റന്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു ക്വാര്‍ട്ടറുകളില്‍ ആദ്യമായാണ് ജുന്‍ജുന്‍വാല ഇങ്ങനെയാരു നീക്കം നടത്തുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നല്‍കുന്ന വിവരം പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് ടൈറ്റന്റെ 4.87 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്.

റിസ്ക്-റിവാർഡ് അനുപാതം

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവരും ചേര്‍ന്ന് 5.5 ശതമാനം ഓഹരി പങ്കാളിത്തം ടൈറ്റനില്‍ കുറിച്ചിരുന്നു. എന്നാല്‍ 2020 ഡിസംബറില്‍ 5.3 ശതമാനമായും 2021 മാര്‍ച്ചില്‍ 5.1 ശതമാനമായും ഇവര്‍ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു. 2021 ജൂണില്‍ 4.8 ശതമാനം ഓഹരി പങ്കാളിത്തമാണ് ടൈറ്റനില്‍ ജുന്‍ജുന്‍വാല ദമ്പതികള്‍ കയ്യടക്കിയത്. എന്നും റിസ്‌ക്-റിവാര്‍ഡ് അനുപാതം വിലയിരുത്തിയാണ് സ്‌റ്റോക്കുകള്‍ വാങ്ങാറുള്ളതെന്ന് മുന്‍പ് രാകേഷ് ജുന്‍ജുന്‍വാല പറഞ്ഞിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X