'ദൈവത്താല്‍ അനുഗൃഹീതമാണ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍', വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല 2021 -ലെ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. ശരിയാണ്, ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ക്ക് വിപണിയില്‍ പൊതുവേ ഒരു സല്‍പ്പേരുണ്ട്. ടാറ്റ കമ്പനിയില്‍ 'പൈസയിട്ടാല്' നഷ്ടപ്പെടില്ല — ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ഈ വിശ്വാസം ആഴത്തില്‍ വേരിറങ്ങിയത് കാണാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29 -ല്‍ 11 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ 100 ശതമാനത്തിലധികമാണ് മുന്നേറിയത്. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ ഒരു കമ്പനി മാത്രം ടാറ്റയുടെ കുലീനതയ്ക്ക് കളങ്കം വരുത്തുന്നുണ്ട്. സംഭവം ഏതെന്നല്ലേ? റാലിസ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ നഷ്ടം കണ്ട ഏക ടാറ്റ ഗ്രൂപ്പ് കമ്പനിയാണിത്.
മാര്‍ച്ച് പാദത്തിലെ 'പ്രോഗ്രസ് കാര്‍ഡ്' വരുമ്പോള്‍ റാലിസ് ഇന്ത്യയുടെ ഓഹരി വില വീണ്ടും താഴേക്കിറങ്ങുകയാണ്. കീടനാശിനികളുടെയും കാര്ഷികരാസവസ്തുക്കളുടെയും ബിസിനസില്‍ ഏര്‍പ്പെടുന്ന റാലിസ് ഇന്ത്യ, ജനുവരി - മാര്‍ച്ച് കാലത്ത് 14 കോടി രൂപ അറ്റനഷ്ടമാണ് രേഖപ്പെടുത്തുന്നത്. 2021 മാര്‍ച്ച് പാദം നികുതിക്ക് ശേഷം 8 കോടി രൂപ ലാഭം കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ കമ്പനിയായാണ് റാലിസ് ഇന്ത്യ ടാറ്റ നിരയില്‍ തലയുയര്‍ത്തുന്നത്.
എന്തായാലും മാര്‍ച്ച് പാദത്തിലെ ഇടിവ് മുന്‍നിര്‍ത്തി നിക്ഷേപകര്‍ റാലിസ് ഇന്ത്യ ഓഹരികള്‍ വിട്ടൊഴിയുകയാണ്. വെള്ളിയാഴ്ച്ച 9.2 ശതമാനം തകര്‍ച്ചയോടെയാണ് കമ്പനി ഓഹരി ഇടപാടുകള്‍ ആരംഭിച്ചത്. വ്യാഴാഴ്ച്ച 281.45 രൂപയില്‍ ക്ലോസ് ചെയ്ത റാലിസ് ഇന്ത്യ, ഇന്നു 258.05 രൂപയില്‍ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. വെള്ളിയാഴ്ച്ച രാവിലെ 0.78 ശതമാനം നഷ്ടം ബിഎസ്ഇ സെന്‍സെക്സ് സൂചികയിലും സംഭവിച്ചു. നടപ്പുവാരം 5 ശതമാനത്തിലധികം വീഴ്ച്ച റാലിസ് ഇന്ത്യ ഓഹരികള്‍ അറിയിക്കുന്നുണ്ട്.
ജനുവരി - മാര്‍ച്ച് കാലയളവില്‍ റാലിസ് ഇന്ത്യയുടെ ഏകീകൃത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനമാണ് വര്‍ധിച്ചത്. മൂന്നാം പാദം ഏകീകൃത വരുമാനം 471 കോടിയില്‍ നിന്നും 508 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര വിളസംരക്ഷണ ബിസിനസ് 14 ശതമാനവും കയറ്റുമതി ബിസിനസ് 6.2 ശതമാനം വളര്‍ച്ച കുറിച്ചു. എന്നാല്‍ വിത്തു ബിസിനസിലെ പ്രതിസന്ധിയാണ് റാലിസ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ രംഗത്ത് 13 ശതമാനം വരുമാനയിടിവ് കമ്പനിയെ തേടിയെത്തി.
പണപ്പെരുപ്പം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റാലിസ് ഇന്ത്യയുടെ മാര്‍ജിനുകള്‍ സമ്മര്‍ദ്ദത്തില്‍ തുടരുകയാണ്. കര്‍ഷക താത്പര്യങ്ങളും വിപണി സാഹചര്യങ്ങളും മുന്‍നിര്‍ത്തി കമ്പനി നടത്തിയ വിലതിരുത്തലുകളും മാര്‍ജിനുകളെ ബാധിച്ചു. സപ്ലൈ ചെയിനിലെ പാകപ്പിഴവുകളും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് നാലാം പാദം റാലിസ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മാനേജ്മെന്റ് വിശദീകരിച്ചിട്ടുണ്ട്.
എന്തായാലും പതിവുപോലെ മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും ആഗോള-പ്രാദേശിക തലത്തില്‍ ശക്തമാവുന്ന ചരക്കുവിലയും കമ്പനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റാലിസ് ഇന്ത്യയുടെ അറ്റാദായം 228.58 കോടിയില്‍ നിന്നും 164.20 കോടി രൂപയായാണ് കുറഞ്ഞത്. 28.17 ശതമാനം ഇടിവ്. ഇതേകാലയളവില്‍ വില്‍പ്പന വരുമാനം 7 ശതമാനം വര്നവോടെ 2,603.93 കോടി രൂപയായി.
2022 ഏപ്രില്‍ 21 -ന് ചേര്‍ന്ന യോഗത്തില്‍ ഓഹരിയുടമകള്‍ക്ക് അന്തിമ ലാഭവിഹിതം നല്കാന് കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ഓരോ ഓഹരിക്കും 3 രൂപ വീതമായിരിക്കും ഓഹരിയുടമകള്‍ക്ക് ലഭിക്കുക. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 362.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 227.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും റാലിസ് ഇന്ത്യ ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 27.56. ഡിവിഡന്റ് യീല്‍ഡ് 1.14 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
