കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ തുറിച്ചു നോക്കുന്നതിനിടെ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബങ്കിന്റെ ദ്വൈമാസ പണനയം പ്രഖ്യാപിച്ചു. ബുധനാഴ്ച്ച രാവിലെ മുംബൈയില്‍ നടന്ന സമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ, തുടര്‍ച്ചയായ ഒമ്പതാമത്തെ ദ്വൈമാസ പണനയ അവലോകന യോഗമാണ് നിരക്കുകളിൽ മാറ്റം വരുത്താതെ കടന്നു പോകുന്നത്. റിപ്പോ റേറ്റ്- 4 %, റിവേഴ്‌സ് റിപ്പോ റേറ്റ്- 3.35 %, ബാങ്ക് റേറ്റ്- 4.25 %, എംഎസ്എഫ്ആര്‍- 4.25 %, കാഷ് റിസര്‍വ് റേഷ്യോ - 4 %, എസ്ആര്‍ആര്‍- 18 % നിരക്കില്‍ തുടരും. അതേസമയം, ജിഡിപി വളര്‍ച്ചാ അനുമാനം 9.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. എന്നാൽ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ പ്രതീക്ഷ 6.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കി കുറക്കുകയും ചെയ്തു. പണപ്പെരുപ്പം 2-6 ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ഒമിക്രോണില്‍ പണപ്പെരുപ്പം മുങ്ങി
കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്, സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത ഉറപ്പുവരുത്തി ആവശ്യകത വര്‍ധിപ്പിക്കാനായി പലിശ നിരക്കുകളില്‍ 2020 മാര്‍ച്ചിലും മേയ് മാസത്തിലുമായി റിസര്‍വ് ബാങ്ക് കുറവു വരുത്തിയത്. ഇതോടെ, കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സമ്പദ് വ്യവസ്ഥ കരകയറാന്‍ തുടങ്ങിയെങ്കിലും പണപ്പെരുപ്പം പുതിയ ഭീഷണിയായി ഉയര്‍ന്നു വന്നു. പൊതുയിടത്തില്‍ വരുമാനം കുറഞ്ഞു നിന്നപ്പോഴും ഇന്ധനവില ഉയര്‍ന്നു നിന്നതടക്കമുളള നിരവധി കാരണങ്ങളാല്‍ പണപ്പെരുപ്പം കുതിച്ചുയുര്‍ന്നു. ഈ പശ്ചാത്തലത്തില്‍, റിവേഴ്‌സ് റിപ്പോ നിരക്ക് ആദ്യം ഉയര്‍ത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വര്‍ധന വരുത്താനായിരുന്നു റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പൊടുന്നനെ ഒമിക്രോണ്‍ ആശങ്കയായി ഉയര്‍ന്നു വന്നതിനാലും കഴിഞ്ഞ മാസം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഗണ്യമായ രീതിയില്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയതിന്റെയും പശ്ചാത്തലത്തില്‍, വളര്‍ച്ച ഉറപ്പാക്കാനും പണപ്പെരുപ്പം കുറയുമോയെന്ന് നോക്കിയിട്ട് ബാക്കി തീരുമാനമെടുക്കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
വിപണി പ്രതീക്ഷ നിറവേറ്റി
കുറെ നാളുകള്‍ക്കു ശേഷം ഇന്നലെ വിപണികളെല്ലാം നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവന്നിരുന്നു. പ്രധാനമായും ധനകാര്യ മേഖലയിലെ ഓഹരികളുടെ കുതിച്ച് ചാട്ടമാണ് സൂചികകളെ നേട്ടത്തിലേക്ക് എത്തിച്ചത്. ഇത് പ്രധാനമായും ബുധനാഴ്ച റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പലിശ നിരക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ഇരട്ടയക്കത്തില്‍ തുടരുന്ന പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റമില്ലെന്ന പ്രഖ്യാപനം ബുധനാഴ്ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചതോടെ വിപണികളും നേട്ടത്തില്‍ തുടരുകയാണ്. നിഫ്റ്റി 232 പോയിന്റും സെന്‍സെക്‌സ് 805 പോയിന്റും ബാങ്ക്-നിഫ്റ്റി- 348 പോയന്റും ഉയര്‍ന്നു.
പണനയം
സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കാനും ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കാനുമായി ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന ഇടക്കാല നടപടികളെയാണ് പണനയമെന്ന് പറയുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കും അതിന്റെ ഭാഗമായ പണനയ സമിതിയുമാണ് (MPC) പണനയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതാത് സമയങ്ങളില്‍ വളര്‍ച്ച താഴോട്ടു പോകുമ്പോള്‍ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരാനായി പണലഭ്യത കൂട്ടുകയും പണപ്പെരുപ്പം ഉയരുമ്പോൾ പലിശ നിരക്ക് കൂട്ടി പണലഭ്യത നിയന്ത്രിച്ച് വരുതിയിലാക്കാനും റിസര്‍വ് ബാാങ്ക് ശ്രമിക്കും.
എന്താണ് റിപ്പോ നിരക്ക്?
വാണിജ്യ ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍, ബാങ്കുകളുടെ കൈവശമുള്ള സര്‍ക്കര്‍ കടപ്പത്രങ്ങളുടെ ഈടിന്മേല്‍ നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ക്ക് ചുമത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. റീപര്‍ച്ചേസ് എഗ്രിമെന്റ് (Repurchase Agreement) എന്നതിന്റെ ചുരുക്കരൂപമാണ് റിപ്പോ (REPO).
റിവേഴ്‌സ് റിപ്പോ ?
റിപ്പോയുടെ ഏകദേശ വിപരീത പ്രവര്‍ത്തനമാണിത്. അതായത്, ബാങ്കുകളുടെ കൈവശം അധികമായി പണം വരുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയാണ് റിവേഴസ് റിപ്പോ (Reverse Repo). ഇത് ശരിക്കും വിപണിയിലെ അധിക പണലഭ്യതയെ നിയന്ത്രിക്കുന്നതിനും അതിലൂടെ പണപ്പെരുപ്പത്തിന്റെ തോത് പിടിച്ചു നിര്‍ത്തുവാനും റിസര്‍വ് ബാങ്ക് ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ്.
കാഷ് റിസര്‍വ് റേഷ്യോ (CRR)
ബാങ്കുകള്‍ നിക്ഷേപമായി സ്വീകിക്കുന്ന പണത്തിന്റെ ഒരു നിശ്ചിത ശതമാനം തുക റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിന് ബാധ്യസ്ഥരാണ്. ആവശ്യ സമയത്ത് ആര്‍ബിഐ, ബാങ്കിന് ഇത് തിരികെ നല്‍കുകയുമാണ് ചെയ്യുന്നത്. അതായത്, CRR 4 ശതമാനം എന്നതിന്റെ അര്‍ഥം, 100 രൂപയുടെ നിക്ഷേപം ബാങ്കിലേക്ക് വരുമ്പോള്‍ 4 രൂപ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കണം.
എസ്എല്‍ആര്‍
എല്ലാ ദിവസവും ബാങ്കിന് ലഭിക്കുന്ന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം തുക, സ്വര്‍ണമായോ സര്‍ക്കാര്‍ കടപ്പത്രങ്ങളിലോ മറ്റു അംഗീകൃത നിക്ഷേപമായായുള്ള സാമ്പത്തിക ആസ്തിയായി അവരുടെ പക്കല്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ബാങ്കുകളുടെ പക്കല്‍ സാമ്പത്തിക ആസ്തിയുടെ രൂപത്തില്‍ നിക്ഷേപമായി കരുതേണ്ട നിശ്ചിത ശതമാനത്തയാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) എന്ന് പറയുന്നത്.
ബാങ്ക് റേറ്റ്
റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്ക് കടം കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് ബാങ്ക് റേറ്റ് എന്നു വിളിക്കുന്നത്. അതിനാല്‍ റിസര്‍വ് ബാങ്ക്, അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ സ്വാഭാവികമായും ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ മേല്‍ പലിശ നിരക്കും കൂട്ടേണ്ടി വരും.
സര്‍വേ ഫലം
രാജ്യാന്തര ബിസിനസ് മാധ്യമമായ ബ്ലൂംബര്‍ഗ്, രാജ്യത്തെ 28 സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ നത്തിയ സര്‍വേയിലും സമാന അഭിപ്രായമാണ് ഉയര്‍ന്നത്. നിലവിലെ റിപ്പോ നിരക്കായ നാലു ശതമാനത്തില്‍ തന്നെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയേക്കും എന്നാണ് സര്‍വേ ഫലവും വ്യക്തമാക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കും നിലവിലെ 3.35 ശതമാനത്തില്‍ തന്നെ തുടര്‍ന്നേക്കാമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു. റിവേഴ്‌സ് റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിവേഴ്‌സ് റിപ്പോനിരക്കും റിപ്പോനിരക്കും തമ്മില്‍ 0.25 ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ നിലനിര്‍ത്താറുള്ളത്. നിലവില്‍ ഈ വ്യത്യാസം 0.65 ശതമാനമാണ്.


Click it and Unblock the Notifications