തുടര്‍ച്ചയായ മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. പ്രധാന സൂചികകള്‍ 0.80 ശതമാനത്തോളം മുന്നേറി. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കി, അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റീവ് സ്റ്റാന്‍സ്) തുടരുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം തീരുമാനിച്ചതാണ് വിപണിയുടെ തിരിച്ചു വരവിന് പിന്തുണയേകിയത്. ഇതോടെ നിഫ്റ്റി 17,800-ന് സമീപമാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
ഈയാഴ്ചയില്‍ വിപണി
- ഇത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. വ്യാപാര ആഴ്ചയുടെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍ ജനുവരി 16-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് നിഫ്റ്റി ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്.
- 75 ശതമാനം ഓഹരികളും ആഴ്ചക്കണക്കില്‍ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
- ഐടി, മീഡിയ, റിയാല്‍റ്റി ഒഴികെയുള്ള എന്‍എസ്ഇയിലെ എല്ലാ വിഭാഗം ഓഹരി സൂചികകളും നേട്ടത്തോടെയാണ് ഈ ആഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.
- ബാങ്ക്- നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഫെബ്രുവരി 13-ന് ശേഷമുള്ള ബാങ്ക്- നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരത്തിലാണ് നില്‍ക്കുന്നത്.
- നിഫ്റ്റി മിഡ് കാപ് സൂചിക തുടര്‍ച്ചയായ അഞ്ചാമാത്തെ ആഴ്ചയാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്.
- സെപ്റ്റംബര്‍ 5-ന് ശേഷമുള്ള നിഫ്റ്റി മിഡ് കാപിന്റെ മികച്ച വ്യാപാര ആഴ്ചയാണിത്. ജനുവരി 16-ന് ശേഷമുള്ള സൂചികയുടെ ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.
- നിഫ്റ്റി സ്‌മോള്‍ കാപ് സൂചികയും തുടര്‍ച്ചയായ അഞ്ചാമാത്തെ ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
- ഫെബ്രുവരി 6-ന് ശേഷമുള്ള സ്‌മോള്‍ കാപ് സൂചികയുടെ ഉയര്‍ന്ന നിലവാരത്തിലാണ് നിര്‍ത്തിയിരിക്കുന്നത്.
- നിഫ്റ്റി എഫ്എംസിജി സൂചിക തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടം ആവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 22-ന് ശേഷമുള്ള എഫ്എംസിജി സൂചികയുടെ മികച്ച വ്യാപാര ആഴ്ചയാണ് കടന്നു പോകുന്നത്.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, വെള്ളിയാഴ്ച 145 പോയിന്റ് മുന്നേറി 17,784-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 412 പോയിന്റ് കുതിച്ച് 59,447-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി, 17,842-ല്‍ ഉയര്‍ന്ന നിലവാരവും 17,600-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 195 പോയിന്റ് ഉയര്‍ന്ന് 37,752-ലും വ്യാപാരം പൂര്‍ത്തിയാക്കി. മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14 സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.07 ശതമാനം മുന്നേറിയ മെറ്റല്‍ വിഭാഗം സൂചികയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 2.03 ശതമാനം ഉയര്‍ന്ന് എഫ്എംസിജി സൂചിക തൊട്ടുപിന്നിലെത്തി. ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ബാങ്കിംഗ്, ധനകാര്യം, മീഡിയ, ഓട്ടോ, ഫാര്‍മ വിഭാഗം ഓഹരികളും നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. അതേസമയം ഐടി വിഭാഗം സൂചിക മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഇതിനിടെ എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,140 ഓഹരികളില്‍ 1,453 എണ്ണവും വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 645 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. 42 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ കഴിയാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2.25-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.80-ലേക്ക് താഴ്ന്നിരുന്നു. എഡി റേഷ്യോ ഉയര്‍ന്നതിലൂടെ വിപണിയിലെ പൊതു അന്തരീക്ഷം വീണ്ടും മെച്ചപ്പെടുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, 7 ശതമാനത്തോളം താഴ്ന്ന് 17.69-ലേക്കെത്തി. വിക്സ് നിരക്കുകള്‍ താഴ്ന്ന് നില്‍ക്കുന്നത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്.
നേട്ടം
എന്‍എസ്ഇയിലെ 67 ഓഹരികള്‍ വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടയില്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 127 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 42 എണ്ണവും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 6.09 ശതമാനം മുന്നേറിയ ഗ്രാസിമാണ് ഇന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഐടിസി, എസ്ബിഐ ലൈഫ് ഓഹരികളും 4 ശതമാനത്തിലേറെ മുന്നേറി. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 3.88 %, അദാനി പോര്‍ട്ട്‌സ് 2.76 %, മഹീന്ദ്ര & മഹീന്ദ്ര 2.70 %, ഡോ. റെഡ്ഡിസ് ലാബ് 2.61 % വീതവും ഉയര്‍ച്ച രേഖപ്പെടുത്തി.
നഷ്ടം
എന്‍എസ്ഇയിലെ 5 ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. 42 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലാണ് വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ 8 ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 2.31 ശതമാനം ഇടിഞ്ഞ സിപ്ലയാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ടെക് മഹീന്ദ്ര 1.20 %, മാരുതി 0.91 %, എന്‍ടിപിസി 0.65 %, എച്ച്‌സിഎല്‍ ടെക് 0.59 %, സണ്‍ ഫാര്‍മ 0.49 % വീതവും നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications