എന്തുകൊണ്ട് രാജ്യാന്തര ബ്രോക്കറേജുകള്‍ ഇന്ത്യന്‍ വിപണിയുടെ റേറ്റിങ് കുറയ്ക്കുന്നു?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി വലിയ കുതിച്ചുച്ചാട്ടമാണ് കോവിഡിന് ശേഷം കാഴ്ച്ചവെക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 60,000 പോയിന്റിലും എന്‍എസ്ഇ നിഫ്റ്റി 18,000 പോയിന്റിലും താളം പിടിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇത്രയേറെ ഉയരം കീഴടക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണി മുന്നേറുമ്പോഴും രാജ്യാന്തര ബ്രോക്കറേജുകള്‍ ഓരോരുത്തരായി ഇന്ത്യന്‍ ഇക്വിറ്റികള്‍ 'ഡൗണ്‍ഗ്രേഡ്' ചെയ്യുകയാണ്. ഏറ്റവുമൊടുവില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സും ഈ നിരയിലേക്ക് ചേരുന്നു. ഇന്ത്യന്‍ വിപണിയുടെ റേറ്റിങ് 'മാര്‍ക്കറ്റ് വെയ്റ്റിലേക്ക്' ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഒരുപടി താഴ്ത്തി.

എന്തുകൊണ്ട് രാജ്യാന്തര ബ്രോക്കറേജുകള്‍ ഇന്ത്യന്‍ വിപണിയുടെ റേറ്റിങ് കുറയ്ക്കുന്നു?

പറഞ്ഞുവരുമ്പോള്‍ ഈ വര്‍ഷം ഏഷ്യയില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കയ്യടക്കുന്ന 'എമേര്‍ജിങ്' (വളരുന്ന) വിപണിയാണ് ഇന്ത്യ. എംഎസ്‌സിഐയുടെ എമേര്‍ജിങ് മാര്‍ക്കറ്റ് സൂചിക 0.76 ശതമാനം ഇടിവ് കുറിക്കുമ്പോഴും ഇന്ത്യന്‍ വിപണി നടപ്പു വര്‍ഷം ഇതുവരെ 28 ശതമാനം റാലി കണ്ടെത്തുന്നുണ്ട്. സുഗമമാര്‍ന്ന ധനനയം, ഉയരുന്ന വാക്‌സിനേഷന്‍ കണക്കുകള്‍, സമ്പദ്ഘടനയുടെ തിരിച്ചുവരവ് തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ ഉയര്‍ച്ചയ്ക്ക് കാരണങ്ങളാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരികളിലെ റിസ്‌ക്-റിവാര്‍ഡ് സ്ഥിതി അനുകൂലമല്ലെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ നിരീക്ഷണം.

ഉയരുന്ന എണ്ണവില, ഇന്ത്യയിലും അമേരിക്കയിലും പിടിമുറുക്കാനിരിക്കുന്ന ധനനയം പോലുള്ള മാക്രോ സമ്മര്‍ദങ്ങള്‍ മുന്നോട്ടുള്ള നാളുകളില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് പറയുന്നു. 'അടുത്ത മൂന്നു മുതല്‍ ആറു മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്‍സോളിഡേഷന്‍ സംഭവിക്കാം', നവംബര്‍ 11 -ന് പുറത്തിറക്കിയ ഏഷ്യാ പസിഫിക് പോര്‍ട്ട്‌ഫോളിയോ സ്ട്രാറ്റജി റിപ്പോര്‍ട്ടില്‍ ബ്രോക്കറേജ് വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനകള്‍ വഴി സെക്കണ്ടറി മാര്‍ക്കറ്റില്‍ നിന്നും ഫണ്ടുകള്‍ ഉയര്‍ന്ന തോതില്‍ പൊതുവിപണിയിലെത്തുമെന്ന പ്രതീക്ഷയും ഗോള്‍ഡ്മാന്‍ സാക്ക്‌സ് പങ്കുവെയ്ക്കുന്നുണ്ട്.

അടുത്തിടെ രാജ്യാന്തര ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്ത്യന്‍ ഇക്വിറ്റികളുടെ റേറ്റിങ് 'ഓവര്‍വെയ്റ്റില്‍' നിന്നും 'ഇക്വല്‍-വെയ്റ്റ്' ആയി തരംതാഴ്ത്തുകയുണ്ടായി. ഓഹരികളുടെ ഉയര്‍ന്ന വാല്യുവേഷനാണിതിന് കാരണം. ഹ്രസ്വകാല വീഴ്ച്ചയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ കണ്‍സോളിഡേഷന്‍ സംഭവിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെയും പ്രതീക്ഷ.

നിലവില്‍ ഇന്ത്യന്‍ വിപണിയുടെ പ്രധാന ഫണ്ടമെന്റലുകളെല്ലാം പോസിറ്റീവാണ്. വരുമാനത്തിന്റെ എത്രയിരട്ടിയാണ് വിപണി വില എന്നു അറിയിക്കുന്ന 'പ്രൈസ്-ടു-ഏണിങ്' 24 മടങ്ങ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ധനനയം കര്‍ശനമാക്കാനിരിക്കുകയാണ്. ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയേറെ. ഇതിനൊപ്പം എണ്ണവിലയും ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്‍സോളിഡേഷന്‍ സംഭവിക്കും, മോര്‍ഗന്‍ സ്റ്റാന്‍ലി അറിയിക്കുന്നു. മറ്റു ബ്രോക്കറേജുകളായ നോമൂറയും യുബിഎസും ഉയര്‍ന്ന മൂല്യനിര്‍ണയം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വിപണിയുടെ റേറ്റിങ് കുറയ്ക്കുന്നത്.

പണപ്പെരുപ്പ ആശങ്കകള്‍ മുന്‍നിര്‍ത്തി ആഗോള വിപണികള്‍ ദുര്‍ബലമായി തുടര്‍ന്നിട്ടും 1.3 ശതമാനം നേട്ടത്തിലാണ് സെന്‍സെക്‌സും നിഫ്റ്റിയും വാരാന്ത്യം പൂര്‍ത്തിയാക്കിയത്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വില്‍പ്പന തുടരുന്നതും വിപണിക്ക് കടിഞാണിടുന്നില്ല. വെള്ളിയാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സ് 767 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 60,686.69 എന്ന നില രേഖപ്പെടുത്തി. നിഫ്റ്റി 229 പോയിന്റ് ഉയര്‍ന്ന് 18,102.75 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ വാരം ഒരു ശതമാനത്തിലേറെ ഉയര്‍ച്ച കണ്ടെത്താന്‍ ഇരു സൂചികള്‍ക്കും സാധിച്ചിട്ടുണ്ട്.

എണ്ണ, കാപിറ്റല്‍ ചരക്കുകള്‍, വൈദ്യുതി, ഐടി മേഖലകളാണ് കഴിഞ്ഞവാരം സെന്‍സെക്‌സിനെയും നിഫ്റ്റിയെയും പിന്തുണച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ബിഎസ്ഇ മിഡ് കാപ്പ്, സ്‌മോള്‍ കാപ്പ് സൂചികകള്‍ക്കും സാധിച്ചു (ഒരു ശതമാനം വീതം നേട്ടം). കഴിഞ്ഞവാരം 46 സ്‌മോള്‍ കാപ്പ് ഓഹരികള്‍ 10 മുതല്‍ 21 ശതമാനം വരെയാണ് ഉയര്‍ന്നത്. സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്‌നോളജീസ്, മോണ്‍ടി കാര്‍ലോ ഫാഷന്‍സ്, ഓറം പ്രോപ്‌ടെക്ക്, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ്, സുബെക്‌സ്, കെപിഐടി ടെക്‌നോളജീസ്, സുഷില്‍ ഡിക്കോര്‍, എന്‍ഐഐടി, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, രത്തന്‍ഇന്ത്യ എന്‍ര്‍പ്രൈസസ് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഇതേസമയം, 10 മുതല്‍ 29 ശതമാനം വരെ വീഴ്ച്ച കുറിച്ചവരുടെ നിരയില്‍ വികാസ് ഡബ്ല്യുഎസ്പി, എന്‍ജിഎല്‍ ഫൈന്‍ കെം, ഹെക്‌സ ട്രേഡക്‌സ്, ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ്, ചമന്‍ ലാല്‍ സേഠിയ എക്‌സ്‌പോര്‍ട്ട്‌സ് ഉള്‍പ്പെടെ 21 സ്റ്റോക്കുകള്‍ ഇടംപിടിച്ചു.

English summary

Reason Why Goldman Sachs, Morgan Stanley And Other Global Brokerages Downgrade Indian Equities

Reason Why Goldman Sachs, Morgan Stanley And Other Global Brokerages Downgrade Indian Equities. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X