യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയിട്ടും ഓഹരി വിപണി ഇടിഞ്ഞില്ല; കാരണമിതാണ്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയില്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 0.25 ശതമാനം കൂട്ടി. പണപ്പെരുപ്പം വരുതിയിലാക്കുക ലക്ഷ്യമിട്ട് നടപ്പു വര്‍ഷം നിശ്ചയിച്ചിട്ടുള്ള ആറു നയരൂപീകരണ യോഗങ്ങളിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ 'അതിശക്തമായി' തുടരുന്നുവെന്ന് അഭിപ്രായപ്പെട്ട യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍, ഏതു സാമ്പത്തിക പ്രതിസന്ധി നേരിടാനും രാജ്യം സജ്ജമാണെന്നും അറിയിച്ചിട്ടുണ്ട്.

കുതിക്കുന്നു

എന്തായാലും മാര്‍ക്കറ്റ് കരുതിയതുതന്നെ സംഭവിച്ചു. 0.25 ശതമാനം നിരക്ക് വര്‍ധനവ് ആഗോള വിപണികള്‍ ആദ്യമേ ഉറ്റുനോക്കിയിരുന്നു. രണ്ടു ദിവസത്തെ യോഗത്തിന് ശേഷം നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കും തീരുമാനിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആവേശം കൊടികയറുകയാണ്. തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,000 പോയിന്റിലധികം നേട്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 12:20 സമയം സൂചിക 57,800 -ന് മുകളില്‍ താളംപിടിക്കുന്നുണ്ട്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 17,200 -ന് മേലെയും വ്യാപാരം നടത്തുന്നു.

വിശദീകരണം

'ഈ വര്‍ഷം ആറുതവണ കൂടി ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കും. 'ഹോക്കിഷ്' നിലപാടാണിത്. എന്നാല്‍ ഈ പ്രഖ്യാപനമുണ്ടായിട്ടും എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ യഥാക്രമം 2.24 ശതമാനവും 3.7 ശതമാനവും വീതം മുന്നേറി. തികച്ചും അപ്രതീക്ഷിതമാണിത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? വിശദീകരണം മാര്‍ക്കറ്റ് 'ഓവര്‍സോള്‍ഡ്' ആയിരുന്നു എന്നതുതന്നെ. തുടര്‍ന്നുണ്ടായ ഷോര്‍ട്ട് കവറിങ് സൂചികകളെ മുകളിലേക്ക് ഉയര്‍ത്തി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അതിശക്തമാണെന്ന ഫെഡറല്‍ മുഖ്യന്‍ ജെറോം പവലിന്റെ പ്രസ്താവന മാര്‍ക്കറ്റിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

 
ഷോർട്ട് കവറിങ്

'വ്യാഴാഴ്ച്ച ഇന്ത്യന്‍ വിപണിയിലും ഷോര്‍ട്ട് കവറിങ് കരുത്തുപകരും. ഏറെ നാളുകള്‍ക്ക് ശേഷം വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ സംഭവിക്കുന്ന നേരിയ കുറവും ഇന്ത്യന്‍ സൂചികകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സാമ്പത്തികകാര്യ ഓഹരികളില്‍ അടിയുറച്ച കയറ്റം പ്രതീക്ഷിക്കാം. സമീപകാലത്ത് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വിറ്റൊഴിവാക്കിയ ഗുണനിലവാരമുള്ള സ്വകാര്യ ബാങ്ക് ഓഹരികള്‍ മുന്നോട്ടുള്ള നാളുകളില്‍ കയറും', വിജയകുമാര്‍ അഭിപ്രായപ്പെടുന്നു.

ആശങ്ക

നിലവില്‍ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് അമേരിക്കയിലെ പണപ്പെരുപ്പം. ജനുവരിയില്‍ എണ്ണ, ഭക്ഷ്യ, ഭവന നിര്‍മാണ ചെലവുകള്‍ ക്രമാതീതമായി ഉയര്‍ന്നത് അമേരിക്കയ്ക്ക് ആഘാതമായി. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് വിതരണശൃഖല താളംതെറ്റിയതോടെ ചരക്കുവിലകളും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും താഴേക്കിടറുമോയെന്ന ആശങ്ക ആഗോളതലത്തില്‍ മുഴങ്ങിയിരുന്നു. എന്തായാലും അമേരിക്കയുടെ സമ്പദ്ഘടന 'അതിശക്തമായി' തുടരുന്നുവെന്നാണ് ജെറോം പവര്‍ പ്രസ്താവിക്കുന്നത്.

മുന്നോട്ട്

'സമ്പദ്‌വ്യവസ്ഥ ശക്തമായ നിലയിലാണെന്നും വളര്‍ച്ച മുന്നോട്ടുതന്നെയെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ ഉറപ്പു മുന്‍നിര്‍ത്തി ഇനിയുള്ള പലിശ നിരക്ക് വര്‍ധനവുകള്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കില്ല. ഇന്ത്യന്‍ ഓഹരി വിപണിയുടെ കാര്യമെടുത്താല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുത്തനെ കൂട്ടുമെന്ന ഭയം ആധാരമാക്കി വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ഏതാനും മാസമായി വില്‍പ്പനക്കാരുടെ തൊപ്പിയാണിട്ടത്. എന്നാല്‍ മറുപുറത്ത് ആഭ്യന്തര നിക്ഷേപകര്‍ നടത്തിയ ശക്തമായ വാങ്ങലുകള്‍ ഒരുപരിധി വരെ വിപണിയെ തുണച്ചു. എന്തായാലും ഈ വര്‍ഷത്തെ നിരക്ക് വര്‍ധനവുകളെ പോസിറ്റീവ് കാഴ്ച്ചപ്പാടിലാണ് വിപണി ഉറ്റുനോക്കുന്നത്', ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ നീരജ് കുമാര്‍ പങ്കുവെയ്ക്കുന്നു.

 
പലിശ നിരക്ക്

2022 അവസാനത്തോടെ പലിശ നിരക്ക് 1.9 ശതമാനമായി വര്‍ധിപ്പിക്കാനാണ് യുഎസ് ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിടുന്നത്. 2023 -ല്‍ നിരക്ക് വര്‍ധനവുണ്ടാകില്ലെന്നും വിലയിരുത്തലുകളുണ്ട്. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ട് പണപ്പെരുപ്പത്തെ എതിരിടാനുള്ള ആലോചനയിലാണ് യുഎസ് ഫെഡറല്‍ റിസര്‍വ്. 2018 -ലാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് അവസാനമായി പലിശ നിരക്കുകള്‍ കൂട്ടിയത്. ശേഷം കോവിഡ് മഹമാരി എത്തിയതോടെ എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് പലിശ നിരക്കുകള്‍ കേന്ദ്ര ബാങ്ക് കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X