ഓഹരി വിപണിയിലെ നിക്ഷേപത്തിൽ വലിയ ശ്രദ്ധ ആവശ്യമാണ്. കാരണം ഒരു നിമിഷം കൊണ്ട് വലിയ തുക ലാഭം നേടാനും അതുപോലെ നഷ്ടം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ വാറന്‍ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ ഓഹരി വിപണി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും രാജ്യത്തെ ഏറ്റവും വലിയ ധനികരിലൊരാളുമായ രേഖ ജുൻജുൻവാലയ്ക്ക് ചൊവ്വാഴ്ച രാവിലെ ഉണ്ടായ നഷ്ടം 900 കോടി രൂപയാണ്. വിപണിയിൽ ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഓഹരി 5.5 ശതമാനം ഇടിഞ്ഞതാണ് രേഖയുടെ സമ്പാദ്യത്തെ ബാധിച്ചത്.
കൈവശം 5.15 ശതമാനം ഓഹരി
ഏറ്റവും പുതിയ ഓഹരി പങ്കാളിത്ത കണക്ക് പ്രകാരം ടൈറ്റൻ കമ്പനി ലിമിറ്റഡിൽ 5.15 ശതമാനം ഓഹരികളാണ് രേഖ ജുൻജുൻവാലയുടെ കൈവശമുള്ളത്. തിങ്കളാഴ്ച ടൈറ്റാനിലെ ജുൻജുൻവാലയുടെ ഓഹരി മൂല്യം 15,989 കോടി രൂപയായിരുന്നു. എന്നാൽ ചൊവ്വാഴ്ച ആദ്യസെഷനിൽ തന്നെ ഓഹരി വില 5.52 ശതമാനം ഇടിഞ്ഞ് 3,464.40 രൂപയായി. ഇതോടെ ടൈറ്റാനിലെ ജുൻജുൻവാലയുടെ ഓഹരി മൂല്യം 15,842 കോടി രൂപയായി കുറഞ്ഞു. അതായത് 923 കോടി രൂപയുടെ ഇടിവ്.

ഇടിവിന് കാരണം
ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ജൂൺ പാദ ബിസിനസ് അപ്‌ഡേറ്റുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വില താഴേക്ക് വീണത്. ഈ പാദത്തിൽ ഉപഭോക്തൃ ബിസിനസിൽ 20 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ടൈറ്റൻ പറഞ്ഞു. ടാറ്റ കമ്പനി 10 പുതിയ സ്റ്റോറുകൾ കൂടി കൂട്ടിച്ചേർത്തു. റീട്ടെയിൽ ശൃംഖല 3,322 ആയി വികസിപ്പിച്ചു.സ്വർണ്ണ വിലയിലെ ചാഞ്ചാട്ടം കമ്പനിയുടെ പ്രവർത്തനങ്ങലെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അക്ഷയ തൃതീയ സമയത്ത് നല്ല വളർച്ചയുണ്ടായെങ്കിലും, മെയ് മാസത്തിൽ ജൂൺ പകുതി വരെ സ്വർണ്ണ വിലയിലുണ്ടായ വർദ്ധനവ് ഉപഭോക്തൃ വാങ്ങലുകളിൽ നേരിയ കുറവ് വരുത്തി.
വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3554 രൂപ നിരക്കിലാണ് ടൈറ്റൻ ഓഹരി വ്യാപാരം ആരംഭിച്ചത്. എന്നാൽ പാദഫലത്തിന് പിന്നാലെ 5 ശതമാനത്തിന് മുകളിൽ ഓഹരി ഇടിഞ്ഞു. അതോടെ വില 3460 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.78 ശതനമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. ഒരുമാസത്തിനിടെ 2 ശതമാനവും നഷ്ടം ഓഹരി നേരിട്ടു. 3,867 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എ. 4326 രൂപ ടാർഗെറ്റ് വിലയോടെ ടൈറ്റൻ ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. സ്വർണ്ണ വിലയിലെ അസാധാരണമായ ഉയർച്ചയും ആദ്യ പാദത്തിൽ ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കത്തിലെ വർദ്ധനവും കണക്കിലെടുക്കുമ്പോൾ ടൈറ്റന്‍റെ വിൽപ്പന വളർച്ച ശക്തമായിരുന്നുവെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ടൈറ്റനിൽ "ഓവർവെയ്റ്റ്" റേറ്റിംഗ് നൽകി. 3876 രൂപയാണ് ടാർഗെറ്റ് വില. മെയ് മുതൽ ജൂൺ പകുതി വരെയുള്ള കാലയളവിൽ സ്വർണ്ണ വിലയിലെ ചാഞ്ചാട്ടം ഉപഭോക്തൃ വാങ്ങലുകൾ മയപ്പെടുത്തുന്നതിലേക്ക് നയിച്ചതായി ബ്രോക്കറേജ് പറഞ്ഞു.
സ്റ്റോക്കിൽ കവറേജ് ഉള്ള 35 വിശകലന വിദഗ്ധരിൽ 23 പേർക്ക് "ബൈ" റേറ്റിംഗും ഏഴ് പേർക്ക് "ഹോൾഡ്" റേറ്റിംഗും അഞ്ച് പേർക്ക് "സെൽ" റേറ്റിംഗും ഉണ്ട്.
രേഖ ജുൻജുൻവാല പോർട്ഫോളിയോ
വിവിധ സെക്ടറുകളിൽ സന്തുലിതമായ പോർട്ഫോളിയോ അലോക്കേഷനാണ് രേഖ ജുൻജുൻവാലയുടേത്. ഫിനാൻഷ്യൽസ്, ഓട്ടോ, എമേർജിങ് ടെക്, ഹെൽത്ത് കെയർ തുടങ്ങിയ സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുത്ത ഓഹരികളാണ് ഹോൾഡ് ചെയ്യുന്നത്. ട്രെൻഡ് ലൈൻ ഡാറ്റ വിവരങ്ങൾ പ്രകാരം രേഖ ജുൻജുൻവാല 26 ഓഹരികളാണ് പബ്ലിക്കായി ഹോൾഡ് ചെയ്യുന്നത്. ഇവയുടെ ആകെ മൂല്യം 41,570.9 കോടി രൂപയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications