ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണത്തിന് ഉടമയാണ് രാധാകിഷന്‍ ധമാനി. ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന ഹര്‍ഷദ് മേത്തയ്ക്കൊപ്പം കൊമ്പുകോര്‍ത്ത ചരിത്രവും അദ്ദേഹത്തിനുണ്ട്. 90-കളില്‍ തികച്ചും അവിചാരിതമായി ഓഹരി വിപണിയിലേക്ക് എത്തിയതാണെങ്കിലും തന്റേതായ സിംഹാസനം അരക്കിട്ടുറപ്പിച്ച ധമാനി, 2001-ല്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ട് സ്ഥാപിച്ച് സംരംഭക ലോകത്തേക്കും കടന്നു. ഒരു വശത്ത് അദ്ദേഹം ഒരു ട്രേഡര്‍ ആയിരുന്നു. മറു വശത്ത് വാല്യൂ ഇന്‍വെസ്റ്ററും ആയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമീപ കാലത്ത് നേരിട്ട വിപണിയിലെ തിരിച്ചടിയില്‍ അദ്ദേഹത്തിനും കൈപൊള്ളിയെന്നാണ് റിപ്പോര്‍ട്ട്. ഏസ് ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ പാദത്തില്‍ ധമാനിയുടെ സമ്പാദ്യത്തില്‍ നിന്നും 26,300 കോടിയാണ് നഷ്ടമായത്. പോര്‍ട്ട്‌ഫോളിയോ മൂല്യത്തില്‍ 14 ശതമാനം ഇടിവാണിത്. മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ധമാനിയുടെ പോര്‍ട്ട്‌ഫോളിയോ മൂല്യം 1,73,822 കോടിയായിരുന്നു. ജൂണ്‍ 30-നുള്ള ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോ മൂല്യം 1,47,534 കോടിയായി താഴ്ന്നു.
(ഏപ്രില്‍- ജൂണ്‍ കാലയളവില്‍ പുതിയതായി വാങ്ങിയ/ ഒഴിവാക്കിയ ഓഹരികള്‍ സംബന്ധിച്ച കണക്കുകള്‍ ലഭ്യമായി വരുന്നതേയുള്ളൂ. അതിനാല്‍ മാര്‍ച്ച് പാദത്തില്‍ ലഭ്യമായ രേഖകളില്‍ സൂചിപ്പിച്ചിട്ടുള്ള ഓഹരി കണക്കുകള്‍ തിട്ടപ്പെടുത്തിയാണ് മേല്‍സൂചിപ്പിച്ച വിവരം ക്രോഡീകരിച്ചത്.)

രാധാകിഷന്‍ ധമാനിയുടെ തന്നെ സംരംഭകത്വത്തിലുള്ള റീട്ടെയില്‍ സ്‌റ്റോര്‍ ശൃംഖലയായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (ഡി-മാര്‍ട്ട്) ഓഹരികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം ചോര്‍ത്തുന്നതിലും മുന്‍പന്തിയിലുളളത്. ധമാനി 65.2 ശതമാനം വിഹിതവും കരസ്ഥമാക്കിയിട്ടുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഓഹരികളാവട്ടെ ജൂണ്‍ പാദത്തില്‍ 15 ശതമാനത്തിലേറെയാണ് ഇടിവ് നേരിട്ടത്. ഏപ്രില്‍ തുടക്കത്തില്‍ 3,999 രൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരി 3,396 രൂപയിലേക്കാണ് വീണത്. ഇതിലൂടെ മാത്രം 25,463 കോടിയുടെ നഷ്ടമാണ് ധമാനി നേരിടുന്നത്.

സമാനമായി ധമാനിക്ക് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ ഇന്ത്യാ സിമന്റ്‌സ് ഓഹരികള്‍ 2023 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 25 ശതമാനത്തിലേറെ ഇടിഞ്ഞു. അദ്ദേഹത്തിന് 12.7 ശതമാനം പങ്കാളിത്തമുള്ള ഈ സ്‌മോള്‍ കാപ് സിമന്റ് കമ്പനിയുടെ ഓഹരിയിലൂടെ 208 കോടി രൂപയുടെ നഷ്ടവും നേരിട്ടു. അതുപോലെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ ഓഹരി വില താഴ്ന്നതിലൂടെ 110 കോടി രൂപയുടെ നഷ്ടവും അഭിമുഖീകരിക്കുന്നു. ധമാനിക്ക് 1.5 ശതമാനം വിഹിതം സ്വന്തമായുള്ള ട്രെന്‍ഡ് ഓഹരികള്‍ ജൂണ്‍ പാദത്തില്‍ 16 ശതമാനത്തോളം ഇടിഞ്ഞു.

ജൂണ്‍ പാദത്തില്‍ ധമാനിക്ക് നഷ്ടം വരുത്തിയ മറ്റ് ഓഹരികള്‍-: സുന്ദരം ഫൈനാന്‍സ്, മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍, യുണൈറ്റഡ് ബ്രുവറീസ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, മംഗളം ഓര്‍ഗാനിക്‌സ്, ആസ്ട്രാ മൈക്രോവേവ് പ്രോഡക്ട്‌സ്, ബിഎഫ് യൂട്ടിലിറ്റീസ് എന്നിവയാണ്. ഈ 7 ഓഹരികള്‍ 38 ശതമാനം വരെ ഇടിവ് കുറിച്ചു. ഇതിലൂടെ 0.37 കോടി മുതല്‍ 37 കോടി രൂപയുടെ നഷ്ടം ധമാനിയുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് നേരിടേണ്ടിവന്നു. അതായത് മേല്‍സൂചിപ്പിച്ച 7 ഓഹരികളും കൂടി 101 കോടിയുടെ നഷ്ടം ധമാനിക്ക് നല്‍കി.

അതേസമയം പൊതുയിടത്തില്‍ അറിയാവുന്ന 14 ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും 4 എണ്ണം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ധമാനിക്ക് നേട്ടം സമ്മാനിച്ചു. ഈ ഓഹരികള്‍ 4 മുതല്‍ 14 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ആന്ധ്രാ പേപ്പര്‍, സുന്ദരം ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സ്, ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്, 3എം ഇന്ത്യ എന്നീ ഓഹരികളാണ് ഒന്നാം പാദത്തില്‍ ധമാനിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. ഇതിലൂടെ 70.6 കോടിയുടെ നേട്ടം ലഭിച്ചു. മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം ഈ കമ്പനികളില്‍ 1.3% മുതല്‍ 2.4% വരെ ഓഹരി പങ്കാളിത്തം അദ്ദേഹത്തിനുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.