കുറച്ച് നാളുകളായി നിരവധി പ്രതികൂല ഘടകങ്ങളാണ് വിപണിയെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നത്. ആറ് മാസത്തോളമായി തുടരുന്ന വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ദുര്‍ബല ആഗോള സൂചകങ്ങളുമാണ് ആഭ്യന്തര വിപണിയേയും സമ്മര്‍ദത്തിലാഴ്ത്തിയിരുന്നത്. ഇതിനോടകം 14 ശതമാനത്തോളം പ്രധാന സൂചികകള്‍ തിരുത്തല്‍ നേരിട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം ഓഹരികളുടേയും വിലയാവട്ടെ ചുരുങ്ങിയത് 20 ശതാമനമെങ്കിലും താഴേക്കിറങ്ങിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച അവസരമാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അടിസ്ഥാനപരമായി മികച്ചതെന്ന് പല അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും എല്ലാവരുടേയും അതു സംബന്ധിച്ച നിര്‍വചനം ഏകാത്മകല്ല. എങ്കിലും മൂലധനം ഫലപ്രദമായി വിനിയോഗിക്കുകയും സ്ഥായിയായി പ്രവര്‍ത്തന ലാഭം കരസ്ഥമാക്കുകയും ചെയ്യുന്ന കമ്പനികളെ മികച്ചതെന്നും ഗുണമേന്മയുള്ളതെന്നും വിലയിരുത്തുന്നതില്‍ വിപണി വിദഗ്ധര്‍ക്കിടെയില്‍ യോജിപ്പുണ്ട്. ഒരു കമ്പനിയുടെ ഈ രണ്ട് ഗുണങ്ങളും ആര്‍ഒസിഇ (RoCE), ആര്‍ഒഇ (RoE) എന്നീ രണ്ട് കാര്യങ്ങള്‍ പരിശോധിച്ചാല്‍ എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ.
നിയോഗിച്ച മൂലധനത്തിന്മേലുള്ള ആദായമാണ് ആര്‍ഒസിഇ. ഓഹരിയിന്മേലുള്ള ആദായമാണ് ആര്‍ഒഇ എന്നത്. ഈ രണ്ട് മാനദണ്ഡങ്ങളിലും 20 ശതമാനത്തില്‍ കുറയാത്ത നിലവാരമുണ്ടേല്‍ കമ്പനികളില്‍ മികച്ചവ ഏതെന്ന് തിരിച്ചറിയാനാവും. അതായത് ആര്‍ഒസിഇ-യും ആര്‍ഒഇ-യും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ 20 ശതമാനത്തിന് മുകളിലുണ്ടെങ്കില്‍ കമ്പനിയെ ഗുണമേന്മയുള്ളവയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. എങ്കിലും കമ്പനിയുടെ നേതൃപാടവം, കോര്‍പ്പറേറ്റ് ഭരണനിര്‍വഹണം, വ്യവസായ മേഖലയുടെ ഭാവി സാധ്യതയും കൂടി കണക്കിലെടുക്കണം.
എന്‍എസ്ഇയില്‍ മേല്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന 70 ഓഹരികളാണ് അടുത്തിടെ വിപണിയിലുണ്ടായ തിരിച്ചടിയില്‍ താഴേക്കിറങ്ങിയത്. സാമ്പത്തിക വര്‍ഷം 2019 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ ഈ 70 കമ്പനികളും ആര്‍ഒസിഇ-യും ആര്‍ഒഇ-യും 20 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തിയിരുന്നവരാണ്. വിപണിയിലെ അന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ ഏറ്റവും നേട്ടം കൊയ്യാനാകുന്നതും ഇത്തരം ഓഹരികള്‍ക്കാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും ചുരുങ്ങിയത് 40 ശതമാനം ഡിസ്‌കൗണ്ടിലുള്ള 18 ഓഹരികള്‍ താഴേ ചേര്‍ക്കുന്നു.
സിഗാച്ചി ഇന്‍ഡസ്ട്രീസ് (-55%), വാലിയന്റ് ഓര്‍ഗാനിക്‌സ് (-53%), കെംകോണ്‍ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ് (-51%), ബജാജ് കണ്‍സ്യൂമര്‍ കെയര്‍ (-50%), ടേസ്റ്റി ബൈറ്റ് ഈറ്റബിള്‍സ് (-49%), ഐഒഎല്‍ കെമിക്കല്‍സ് (-48%), ലക്‌സ് ഇന്‍ഡസ്ട്രീസ് (-48%), മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍ (-46%), ബലാക്‌സി ഫാര്‍മസ്യൂട്ടിക്കല്‍സ് (-46%), ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് (-44%), റൊസാരി ബയോടെക് (-43%), ആസ്ട്രാസെനക്ക ഫാര്‍മ (-42%), നുറേക ലിമിറ്റഡ് (-42%), ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്‌സ് (-42%), ടൈംസ്‌കാന്‍ ലോജിസ്റ്റിക്‌സ് (-42%), മഹാനഗര്‍ ഗ്യാസ് (-41%), ദോലത് അഗ്രോടെക് (-41%), കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (-40%).
കഴിഞ്ഞ ദിവസങ്ങളില്‍ മേല്‍ സൂചിപ്പിച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. ആകര്‍ഷകമായ വില നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അയയുന്നതും ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തലും വിപണിയിലെ സാഹചര്യം മെച്ചപ്പെടുത്തുന്നു. എങ്കിലും യുഎസിലേയും ബ്രിട്ടണിലേയും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. എന്നാലും അടിസ്ഥാനപരമായി മികച്ച കമ്പനികള്‍ക്ക് ചാഞ്ചാട്ടത്തിനിടെയിലും നിക്ഷേപകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനാകും എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications