തുടര്‍ച്ചയായ രണ്ടാം ആഴ്ചയും സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയാണ് കടന്നു പോയത്. ഫെബ്രുവരി 18-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനയും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പരാമര്‍ശങ്ങളുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ മിനിറ്റ്സ് പുറത്തു വന്നതുമൊക്കെ വിപണിയിലെ ചാഞ്ചാട്ടത്തിന് വഴിയൊരുക്കി. ആഴ്ചയുടെ അടിസ്ഥാനത്തില്‍ സെന്‍സെക്സ് 320 പോയിന്റും നിഫ്റ്റി 98 പോയിന്റും നഷ്ടപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ മിഡ് കാപ് സൂചിക 2 ശതമാനവും സ്മോള്‍ കാപ് സൂചിക 3.2 ശതമാനവും ഇടിഞ്ഞു. പി.എസ്.യു ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി വിഭാഗങ്ങള്‍ നഷ്ടക്കണക്കില്‍ മുന്നിലെത്തി. ഈയാഴ്ച വിപണിയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളും വിപണിയുടെ സാധ്യതകളുമാണ് ചുവടെ ചേര്‍ക്കുന്നത്.
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം
ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന ഏറ്റവും നിര്‍ണായക ഘടകമാണ് കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം. നിലവിലെ സ്ഥിതി വഷളാവുകയാണെങ്കില്‍ ആഗോള വിപണികളുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണിയിലും വില്‍പ്പന സമ്മര്‍ദം നേരിടാം. കഴിഞ്ഞയാഴ്ച ഒരു വിഭാഗം സൈനികരെ റഷ്യ പിന്‍വലിച്ചെന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെ പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ നടത്തുന്നത്. ഇതിനോടൊപ്പം മറുചേരിയില്‍ അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകാം.
ക്രൂഡ് ഓയില്‍
വിതരണ ശൃംഖലയിലെ പാളിച്ചകളും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷ ഭീതിയും കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 90 ഡോളറിന് മുകളില്‍ തുടരുകയാണ്. ആവശ്യത്തിനു വേണ്ടതില്‍ 80-85 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഭീഷണിയാണ്. റഷ്യ- ഉക്രൈന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ മറികടക്കും. ഇത് ആഭ്യന്തര വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടകമാണ്. അതിനാല്‍ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ ക്രൂഡ് ഓയില്‍ വിലയിലും തിരുത്തല്‍ സംഭവിക്കും.വ വെള്ളിയാഴ്ച 93.5 ഡോളര്‍ നിരക്കിലാണ് ബ്രൈന്റ് ക്രൂഡിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് വ്യാപാരം അവസാനിപ്പിച്ചത്.
എക്‌സ്പയറി
ഡെറിവേറ്റീവ് വിഭാഗത്തില്‍ ഫെബ്രുവരി 24-ന് മാസ, ആഴ്ച അടിസ്ഥാനത്തിലുള്ള ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകളുടെ എക്‌സ്പയറിയാണ്. നിലവില്‍ പൊസിഷന്‍ എടുത്തിട്ടുള്ളവര്‍ അവസാനിപ്പിക്കാനോ റോള്‍ ഓവര്‍ ചെയ്യാനോ മുന്നിട്ടിറങ്ങുന്നതിനാല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഇതിനോടൊപ്പം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 22 നിലവാരത്തില്‍ തുടരുന്നതും ശുഭസൂചനയല്ല. എങ്കിലും വിക്‌സ് 24 നിലവാരം മറികടക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
വിദേശ നിക്ഷേപകര്‍
ആഭ്യന്തര വിപണിയില്‍ ഫെബ്രുവരി 18-ന് അവസാനിച്ച വ്യപാര ആഴ്ചയും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരുടെ റോളില്‍ തുടര്‍ന്നു. ബജറ്റിന് ശേഷം ഉയര്‍ന്ന തോതിലുള്ള വില്‍പ്പനയാണ് കഴിഞ്ഞയാഴ്ച അരങ്ങേറിയത്. 12,215 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതിനിടെ, ഡെപ്പോസിറ്ററീസിലെ കണക്കുകള്‍ പ്രകാരം 18,856 കോടി രൂപയാണ് ഈമാസം ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതില്‍ 15,342 കോടി ഓഹരികളില്‍ നിന്നും 3,629 കോടി കടപ്പത്രങ്ങളില്‍ നിന്നുമാണ് പിന്‍വലിച്ചത്. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 10,592 കോടിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച വാങ്ങിക്കൂട്ടിയത് തകര്‍ച്ചയില്‍ നിന്നും പ്രതിരോധിച്ചു. അതിനാല്‍ ഈയാഴ്ചയും വന്‍കിട നിക്ഷേപകരുടെ നിലപാട് നിര്‍ണായകമായി തുടരും.
ഓപ്ഷന്‍ ഡേറ്റ
നിലവിലെ ഓപ്ഷന്‍ ഡേറ്റകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം 17,000- 16,800 നിലവാരത്തില്‍ സപ്പോര്‍ട്ടും 17,500- 17,800 നിലവാരത്തില്‍ റെസിസ്റ്റന്‍സും പ്രതീക്ഷിക്കാം.
- കോള്‍ ഓപ്ഷന്‍സിന്റെ ഏറ്റവും കൂടുതല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് 18000, 17800, 17900 സ്‌ട്രൈക്കുകളിലാണ്. 16700, 16600, 16400 സ്‌ട്രൈക്കുകളില്‍ അണ്‍വൈന്‍ഡിങ്ങും കാണാനാകും.
- പുട്ട് ഓപ്ഷന്‍സിന്റെ ഏറ്റവും കൂടുതല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് 17000, 16500, 16800 സ്‌ട്രൈക്കുകളിലാണ്. അതേസമയം, പുട്ട് റൈറ്റിങ് 16800, 17300, 17000 സ്‌ട്രൈക്കുകളില്‍ പ്രകടമാണ്. അതുപോലെ 17400, 18000, 17800 സ്‌ട്രൈക്കുകളില്‍ അണ്‍വൈന്‍ഡിങ്ങും കാണാനാകുന്നുണ്ട്.
ഇനിയെന്ത് ?
17,200 നിലവാരം ശക്തമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഈ നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം സൂചികയ്ക്ക് തിരികെ വരാനുള്ള സാധ്യതകള്‍ ഏറെയാണ്. 17,500 നിലവാരത്തില്‍ ശക്തമായ പ്രതിരോധവും അനുഭവപ്പെടുന്നു. അതേസമയം, കഴിഞ്ഞയാഴ്ച ആദ്യ രണ്ട് ദിവസം 600 പോയിന്റോളം ചലനമുണ്ടാക്കിയെങ്കിലും പിന്നീട് മൂന്ന് ദിവസങ്ങളിലും 17,200-നും 17,500-നും ഇടയിലുള്ള റേഞ്ചിലാണ് സൂചിക തങ്ങിയത്. അതിനാല്‍ ഏത് വശമാണോ ആദ്യം ഭേദിക്കപ്പെടുന്നത്, ആ വശത്തേക്ക് 300 മുതല്‍ 400 പോയിന്റ് വരെ നീങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ 16,800 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications