കഴിഞ്ഞ ദിവസം അപ്രതീക്ഷിതവും ഏകപക്ഷീയവുമായാണ് വമ്പന്‍ സൈനിക ശക്തിയായ റഷ്യ, മുന്‍ സോവിയറ്റ് റിപ്പബ്‌ളിക്കായ ഉക്രൈനെതിരേ സൈനിക നടപടിക്ക് മുതിര്‍ന്നത്. കിഴക്കന്‍ ഉക്രൈനിലെ വിമതരും റഷ്യന്‍ അനുകൂലികളുമായവര്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായിട്ടായിരുന്നു റഷ്യന്‍ സേനയുടെ ആക്രമണം. അതേസമയം, ഉക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയാണ് അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും പ്രതികരിച്ചത്. റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തി. 21-ആം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ ശേഷിയെ തടസപ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അറിയിച്ചു.
ഇതോടെ മറ്റൊരു പ്രതിസന്ധി കൂടി ഇന്ത്യക്ക് അവസരം തുറന്നിടുകയാണ്. റഷ്യക്കെതിരായ ഉപരോധത്തോടൊപ്പം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം മേഖലയിലെ വിതരണ ശൃംഖലയേയും തകരാറിലാക്കുന്നതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. തദ്ദേശീയരായ സ്റ്റീല്‍, കോപ്പര്‍, അലുമിനിയം നിര്‍മാതാക്കള്‍ക്കും എന്‍ജിനീയറിംഗ് ഗുഡ്‌സ്, സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്കും കൂടുതല്‍ ബിസിനസ് സാധ്യതകളാണ് തുറന്നിടുന്നത്. യുദ്ധവും ഉപരോധവും തീര്‍ക്കുന്ന വിതരണ മേഖലയിലെ അനിശ്ചിതത്വമാണ് യൂറോപ്യന്‍ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ആസിയാന്‍ (ASEAN) രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, റഷ്യയോട് കൂടുതല്‍ വ്യക്തതയോടെ ചേര്‍ന്ന് നില്‍ക്കുന്ന ചൈനയ്ക്ക് ഈ അവസരം നഷ്ടമാകും. കാരണം, ഉക്രൈന്‍ ആക്രമണത്തിന് മുമ്പ് ചൈനയും റഷ്യയും തമ്മില്‍ സഹകരണം വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ റഷ്യയെ പിണക്കാതിരിക്കാനും ശാക്തിക ചേരിയുടെ ബാലാബലം വെച്ചും ചൈനയ്ക്ക് റഷ്യക്കെതിരായ ഉപരോധത്തെ എതിര്‍ക്കേണ്ടി വരും. ഇതോടെ പാശ്ചാത്യ ലോകത്തെ ആഗോള കമ്പനികള്‍ക്കും ചൈനയെ ഒഴിവാക്കി മറ്റ് വിപണിയെ ആശ്രയിക്കേണ്ടി വരും. ഇത് ഇന്ത്യയിലെ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ കമ്പനികള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
റഷ്യക്കെതിരായ ഉപരോധത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ചൈന റഷ്യയെ പരസ്യമായി പിന്തുണച്ചാല്‍ പാശ്ചാത്യ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഉപരോധത്തെ എതിര്‍ത്താല്‍, ആഗോള വ്യാപാരത്തില്‍ തുടര്‍ന്ന് ഇടപെടാനുള്ള ചൈനയുടെ ശേഷിയെ അത് പരിമിതപ്പെടുത്തും. ഇത്തരമൊരു സാഹചര്യം ആസിയാന്‍ അംഗങ്ങള്‍, തായ്വാന്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും അനുകൂലമാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം, കോവിഡ് പ്രതിസന്ധി നല്‍കിയ പാഠത്തില്‍ നിന്നും ഉത്പാദന കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളുടെ ചൈന+ നയവും ഇന്ത്യന്‍ കമ്പനികള്‍ക്ക് അധിക അവസരം നല്‍കുന്ന ഘടകമാണ്.
അതുപോലെ റഷ്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം തദ്ദേശീയരായ നിക്കല്‍, അലുമിനിയം, സ്റ്റീല്‍, കോപ്പര്‍ തുടങ്ങിയ മെറ്റല്‍ ഉത്പാദക കമ്പനികള്‍ക്ക് നേട്ടമാകും. എന്നാല്‍ ദീര്‍ഘനാള്‍ റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും ഭീഷണിയാവാനുള്ള സാധ്യതകളുമുണ്ട്. ഇത് അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ബാങ്കുകള്‍ക്ക് സമ്മര്‍ദം സൃഷ്ടിക്കാവുന്ന ഘടകവുമാകും. എങ്കിലും പലിശ നിരക്ക് വര്‍ധന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് താത്കാലിക തിരിച്ചടി മാത്രമാണെന്നും ദീര്‍ഘകാലയളവില്‍ അടിസ്ഥാനപരമായി വളര്‍ച്ച കൈവരിച്ച് മുന്നേറുമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
ഇതിനിടെ, റഷ്യ- ഉക്രൈന്‍ സംഘര്‍ഷം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും വിപണികള്‍ കരകയറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും അതിന്റെ അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണി ഇനി ശ്രമിക്കുക. കടുപ്പമേറിയ വാര്‍ത്തകളോ സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നില്ലെങ്കിലോ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം.


Click it and Unblock the Notifications