വിപണിയില്‍ ചാഞ്ചാട്ടം; ഏതു സ്‌റ്റോക്ക് വാങ്ങാം, വില്‍ക്കാം, ഹോള്‍ഡ് ചെയ്യാം? വിദഗ്ധര്‍ പറയുന്നു

ചൊവാഴ്ച്ച നേരിയ നേട്ടത്തിലാണ് ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് (ഒക്ടോബര്‍ 12). അവസാന മണിക്കൂറുകളില്‍ പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ഓട്ടോ ഓഹരികളിലുണ്ടായ വാങ്ങല്‍ വിപണിയെ പോസിറ്റീവ് സോണിലേക്ക് കൊണ്ടുവന്നു. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 3 ശതമാനം നേട്ടത്തിലാണ് തിരശ്ശീലയിട്ടത്. നിഫ്റ്റി എഫ്എംസിജി 1.3 ശതമാനവും നിഫ്റ്റി ഓട്ടോ 0.8 ശതമാനവും വീതം മുന്നേറി.

ഇതേസമയം, ഇപ്പോള്‍ നേരിടുന്ന ആഗോള ഊര്‍ജ പ്രതിസന്ധി പണപ്പെരുപ്പം ഉയര്‍ത്തുമെന്ന് വിപണി ആശങ്കപ്പെടുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും മാര്‍ക്കറ്റ് വികാരത്തെ ബാധിക്കുന്നുണ്ട്. ചൊവാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 84 ഡോളര്‍ തൊടുന്നത് നിക്ഷേപകര്‍ കണ്ടു.

ഇന്നത്തെ വ്യാപാരം

എന്തായാലും അവസാനഘട്ടത്തില്‍ ഇന്ത്യന്‍ സൂചികകള്‍ നഷ്ടം നികത്തി. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 148.5 പോയിന്റ് കൂട്ടിച്ചേര്‍ത്തു; 60,284 പോയിന്റ് എന്ന നിലയിലാണ് ബോംബെ സൂചിക ഇടപാടുകള്‍ നിര്‍ത്തിയത്. നിഫ്റ്റി ഫിഫ്റ്റി സൂചിക 46 പോയിന്റ് ഉയര്‍ന്ന് 17,992 പോയിന്റ് എന്ന നിലയിലും ദിനം പൂര്‍ത്തിയാക്കി. ദിവസ വ്യാപാരത്തിനിടെ 59,885 പോയിന്റ് വരെ സെന്‍സെക്‌സും 17,865 പോയിന്റ് വരെ നിഫ്റ്റിയും വീഴ്ച കുറിച്ചിരുന്നു.

സ്റ്റോക്കുകൾ

വിപണി ചാഞ്ചാടി നില്‍ക്കെ നിക്ഷേപകര്‍ ഏതെല്ലാം സ്റ്റോക്കുകളില്‍ ശ്രദ്ധ പതിപ്പിക്കണം, ഏതൊക്കെ ഒഴിവാക്കണം? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവരികയാണ് സെന്‍ട്രം ബ്രോക്കിങ്ങിലെ ഇക്വിറ്റി റിസര്‍ച്ച് ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും അനലിസ്റ്റുമായ നിലേഷ് ജെയിന്‍. ഓഹരികളുടെ ടെക്‌നിക്കല്‍ ഘടകങ്ങള്‍ മാത്രം വിലയിരുത്തിയാണ് ഇദ്ദേഹം നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

ഏതു സ്റ്റോക്ക് വാങ്ങാം?

ഏതു സ്റ്റോക്ക് വാങ്ങാം?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (എസ്ബിഐ) നിലേഷ് ജെയിന്‍ 'ബൈ കോള്‍' നല്‍കുന്നത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയിലെ പ്രധാനിയായ എസ്ബിഐ ബുള്ളിഷ് സ്വഭാവം തുടരുമെന്ന് ഇദ്ദേഹം അറിയിക്കുന്നു. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ 500 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ച് എസ്ബിഐ ഓഹരികള്‍ വാങ്ങാം. പൊസിഷണല്‍ ട്രേഡിങ് നടത്തുന്നവര്‍ 520 രൂപയും 550 രൂപയും വീതം ടാര്‍ഗറ്റുകള്‍ കരുതി സ്റ്റോക്കുകള്‍ വാങ്ങാമെന്നും നിലേഷ് ജെയിന്‍ പറയുന്നുണ്ട്.

ഇടപാടുകൾ

ചൊവാഴ്ച്ച 2.93 ശതമാനം നേട്ടത്തിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. രാവിലെ 469.25 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 483 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 2.74 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 11.59 ശതമാനവും വീതം നേട്ടം സമര്‍പ്പിച്ച സ്റ്റോക്കാണിത്. 6 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 41.64 ശതമാനം നേട്ടം എസ്ബിഐ തിരിച്ചുനല്‍കിയത് കാണാം. ഏപ്രിലില്‍ 341 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില.

 
ഏതൊക്കെ സ്‌റ്റോക്കുകള്‍ ഹോള്‍ഡ് ചെയ്യാം?

ഏതൊക്കെ സ്‌റ്റോക്കുകള്‍ ഹോള്‍ഡ് ചെയ്യാം?

വൈദ്യുത മേഖലയിലെ സ്‌റ്റോക്കുകള്‍ ഹോള്‍ഡ് ചെയ്യാനാണ് നിലേഷ് ജെയിന്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്, എന്‍ടിപിസി ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) ഓഹരികള്‍ ഈ നിരയില്‍പ്പെടും. 220 രൂപ മുതല്‍ 250 രൂപ വരെ ടാറ്റ പവറില്‍ ടാര്‍ഗറ്റ് വില കരുതാമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം. 165 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം.

ഓഹരി വില

ചൊവാഴ്ച്ച 2.32 ശതമാനം നേട്ടത്തിലാണ് ടാറ്റ പവര്‍ ഓഹരികള്‍ തിരശ്ശീലയിട്ടത്. രാവിലെ 194.15 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 195.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 8.77 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 49.52 ശതമാനവും വീതം നേട്ടം സമര്‍പ്പിച്ച സ്റ്റോക്കാണിത്. 6 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 104.43 ശതമാനം നേട്ടം ടാറ്റ പവര്‍ തിരിച്ചുനല്‍കി. ഏപ്രിലില്‍ 95.85 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

എൻടിപിസി സ്റ്റോക്ക്

എന്‍ടിപിസിയിലും പോസിറ്റീവ് ട്രെന്‍ഡ് നിലേഷ് ജെയിന്‍ കാണുന്നുണ്ട്. 160 രൂപയാണ് സ്‌റ്റോക്കില്‍ ഇദ്ദേഹം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. സ്‌റ്റോപ്പ് ലോസ് 135 രൂപയും. ചൊവാഴ്ച്ച 0.06 ശതമാനം നഷ്ടത്തിലാണ് എന്‍ടിപിസി ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. രാവിലെ 145.65 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 144.70 രൂപയില്‍ അവസാനിച്ചു.

കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.36 ശതമാനം ഇടിവും 1 മാസത്തെ ചിത്രത്തില്‍ 23.83 ശതമാനം നേട്ടവും സ്റ്റോക്ക് രേഖപ്പെടുത്തിയത് കാണാം. 6 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 43.84 ശതമാനം നേട്ടം എന്‍ടിപിസി തിരിച്ചുനല്‍കി. ഏപ്രിലില്‍ 100.60 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

കോൾ ഇന്ത്യ

കോള്‍ ഇന്ത്യ ഓഹരികളും വില്‍ക്കാതെ കൈവശം വെയ്ക്കാനാണ് നിലേഷ് ജെയിന്‍ അറിയിക്കുന്നത്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ സ്റ്റോക്കില്‍ 220 രൂപ ടാര്‍ഗറ്റ് വില കരുതാം; പൊസിഷണല്‍ ട്രേഡിങ് നടത്തുന്നവര്‍ 235 രൂപയിലേക്കും ടാര്‍ഗറ്റ് ഉയര്‍ത്തണം. കല്‍ക്കരി പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ചൊവാഴ്ച്ച 1.73 ശതമാനം നഷ്ടത്തിലാണ് കോള്‍ ഇന്ത്യ ഓഹരികള്‍ ദിനം പൂര്‍ത്തിയാക്കിയത്.

രാവിലെ 197.90 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 193.45 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 3.59 ശതമാനം ഇടിവും 1 മാസത്തെ ചിത്രത്തില്‍ 25.13 ശതമാനം നേട്ടവും സ്റ്റോക്ക് രേഖപ്പെടുത്തിയത് കാണാം. 6 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 51.94 ശതമാനം നേട്ടം കോള്‍ ഇന്ത്യ തിരിച്ചുനല്‍കി. ഏപ്രിലില്‍ 127.95 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

 
ഏതൊക്കെ സ്‌റ്റോക്കുകള്‍ ഒഴിവാക്കാം?

ഏതൊക്കെ സ്‌റ്റോക്കുകള്‍ ഒഴിവാക്കാം?

നിലവിലെ സാഹചര്യത്തില്‍ ഐടി സ്റ്റോക്കുകളില്‍ പുതിയ നിക്ഷേപം നടത്തരുതെന്നാണ് ടെക്‌നിക്കല്‍ അനലിസ്റ്റായ നിലേഷ് ജെയിന്‍ അറിയിക്കുന്നത്. സെപ്തംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ (ടിസിഎസ്) സാമ്പത്തിക ഫലം ഐടി സ്‌റ്റോക്കുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

എതൊക്കെ സ്‌റ്റോക്കുകള്‍ വില്‍ക്കാം?

എതൊക്കെ സ്‌റ്റോക്കുകള്‍ വില്‍ക്കാം?

ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍സ് ലിമിറ്റഡ് ഓഹരികള്‍ വിറ്റൊഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് നിലേഷ് ജെയിന്‍ പറയുന്നത്. 170 രൂപയാണ് നിക്ഷേപകര്‍ക്ക് ഇദ്ദേഹം നല്‍കുന്ന ടാര്‍ഗറ്റ് വില; സ്റ്റോപ്പ് ലോസ് 189 രൂപയും. ചൊവാഴ്ച്ച 0.70 ശതമാനം നേട്ടത്തിലാണ് മഹീന്ദ്ര ഫൈനാന്‍സ് ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. രാവിലെ 185.55 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 186.30 രൂപയില്‍ അവസാനിച്ചു.

കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 0.24 ശതമാനം ഇടിവും 1 മാസത്തെ ചിത്രത്തില്‍ 10.53 ശതമാനം നേട്ടവും സ്റ്റോക്ക് രേഖപ്പെടുത്തിയത് കാണാം. 6 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 5.43 ശതമാനം നേട്ടം മഹീന്ദ്ര ഫൈനാന്‍സ് തിരിച്ചുനല്‍കി. ഏപ്രിലില്‍ 176.60 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X