5 ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കു ശേഷം ഇന്നലെ വിപണി തിരുത്തലിന് വിധേയമായി. എങ്കിലും കുതിപ്പിനുള്ള സാധ്യതകള്‍ അവശേഷിക്കുന്നു. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ നിലവാരത്തിന് താഴേക്ക് വന്നത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ തോത് കുറയുന്നതും അനുകൂലമാണ്. ഇതോടെ നേരത്തെ കുതിപ്പിന്റെ പാതയിലായിരുന്ന ഓഹരികള്‍ അടുത്ത കുതിച്ചുച്ചാട്ടത്തിനുള്ള മുന്നൊരുക്കത്തിലാണ്. ഇത്തരത്തില്‍ 2-3 ആഴ്ചക്കാലയളവിലേക്ക് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഇനിയെന്ത് ?
നിലവില്‍ നിഫ്റ്റിയുടെ 200-ഡിഎംഎ നിലവാരമായ 16,980-ല്‍ കടുത്ത പ്രതിരോധം അനുഭവപ്പെടുന്നു. 16,500- 16,400 മേഖലയില്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. 17,000 നിലവാരം നിഫ്റ്റിക്ക് മറികടക്കനായാല്‍ കൂടുതല്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ 17,250- 17,400 നിലവാരം വരെ സൂചികയെത്താം. അതേസമയം, ബാങ്ക്- നിഫ്റ്റിയും 20-ഡിഎംഎ നിലവാരത്തിലെ പ്രതിരോധം നേരിടുകയാണ്. 34,300- 34,000 നിലവാരം സൂചികയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നു. 36,000-മാണ് തൊട്ടടുത്ത പ്രധാന പ്രതിരോധ മേഖലയെന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
1) മിന്‍ഡ കോര്‍പ്പറേഷന്‍
വാഹനാനുബന്ധ വിഭാഗത്തിലെ സ്‌മോള്‍ കാപ് കമ്പനിയാണ് മിന്‍ഡ കോര്‍പ്പറേഷന്‍. ചൊവ്വാഴ്ച 198.65 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അടുത്തിടെ വിപണി കടുത്ത തിരുത്തലിന് വിധേയമായപ്പോഴും ഓഹരിയില്‍ കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ല. നിലവില്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലാണ് ഓഹരി നില്‍ക്കുന്നത്. 100-ഡിഎംഎ നിലവാരത്തില്‍ നിന്നും ഓഹരിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. അതിനാല്‍ 230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. അടുത്ത 2-3 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 181 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
2) സെഞ്ചുറി പ്ലൈബോര്‍ഡ്‌സ്
പ്രശസ്ത പ്ലൈവുഡ്, വീട് മോടിപിടിപ്പിക്കുന്ന അലങ്കാര വസ്തുക്കളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണിത്. ഓഹരി വ്യക്തമായ കുതിപ്പിന്റെ പാതയിലാണ്. പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജുകള്‍ക്കും മുകളിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കൂടാതെ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട്. അതിനാല്‍ 740 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 657 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
3) സുപ്രീം പെട്രോകെം
പെട്രോകെമിക്കല്‍ വിഭാഗത്തിലുള്ള സ്‌മോള്‍ കാപ് കമ്പനിയാണ് സുപ്രീം പെട്രോകെം. പോളിസ്റ്ററീന്‍ നിര്‍മാണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ്. ചൊവ്വാഴ്ച 838 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 980 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. അടുത്ത 2-3 ആഴ്ചയ്ക്കകം 17 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 750 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഫ്‌ലാഗ്' പാറ്റേണ്‍ ദൃശ്യമാണ്. മൊമന്റം സൂചകങ്ങളും ഓഹരിയില്‍ അനുകൂല സൂചനകളാണ് നല്‍കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications