ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജുകളില്‍ ഒന്നായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് ടെക്‌സ്റ്റൈല്‍ സ്റ്റോക്കായ സിയാറാം സില്‍ക്ക് മില്‍സ് ലിമിറ്റഡില്‍ (NSE: SIYSIL) ബൈ റേറ്റിങ് നല്‍കുകയാണ്.
അടുത്ത ആറു മാസം കൊണ്ട് സിയാറാം സില്‍ക്ക് മില്‍സ് ഓഹരികള്‍ 23 ശതമാനം നേട്ടം സമര്‍പ്പിക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. 559 രൂപയാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ലക്ഷ്യവില. വ്യാഴാഴ്ച്ച 454.40 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഐഎസ്ഓ 9001:2008 സര്‍ട്ടിഫിക്കേഷനുള്ള ആഗോള തുണിത്തര നിര്‍മാതാക്കളാണ് സിയാറാം സില്‍ക്ക് മില്‍സ്.
സെപ്തംബര്‍ പാദം ശക്തമായ സാമ്പത്തിക കണക്കുകള്‍ കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ സിയാറാം സില്‍ക്ക് മില്‍സിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1.76 മടങ്ങും പാദാടിസ്ഥാനത്തില്‍ 1.06 മടങ്ങുമാണ് വര്‍ധിച്ചത്. ഫാബ്രിക്ക്, ഗാര്‍മെന്റ്, നൂല്‍ സെഗ്മന്റുകള്‍ യഥാക്രമം 80 ശതമാനം, 16 ശതമാനം, 4 ശതമാനം വീതം വരുമാനത്തിലേക്ക് സംഭാവന ചെയ്തു.
കഴിഞ്ഞ പാദം 23 ലക്ഷം മീറ്റര്‍ വില്‍പ്പനയാണ് ഫാബ്രിക്ക് സെഗ്മന്റ് കണ്ടെത്തിയത്. വളര്‍ച്ച 70 ശതമാനം. പ്രതിമീറ്ററില്‍ നിന്നുള്ള കമ്പനിയുടെ വിറ്റുവരവ് 23 ശതമാനം വര്‍ധനവോടെ 164 രൂപയിലേക്കുമെത്തി. ഗാര്‍മെന്റ് സെഗ്മന്റ് 12 ലക്ഷം പീസുകളാണ് കഴിഞ്ഞ പാദം വിറ്റത്. പാദം അടിസ്ഥാനപ്പെടുത്തിയുള്ള വളര്‍ച്ച 97 ശതമാനം. നൂല്‍ സെഗ്മന്റ് 6 ലക്ഷം മെഗാടണ്‍ നൂലും ഇക്കാലയളവില്‍ വിറ്റു; പാദം അടിസ്ഥാനപ്പെടുത്തിയുള്ള വളര്‍ച്ച 6 ശതമാനം. ഒരു മെഗാടണ്ണിന് 299.5 രൂപയാണ് കമ്പനി വിറ്റുവരവ് കണ്ടെത്തിയത്; പാദം അടിസ്ഥാനപ്പെടുത്തി 8 ശതമാനം വളര്‍ച്ച.
ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 85 കോടി രൂപയാണ് സിയാറാം സില്‍ക്ക് മില്‍സിന്റെ ഇബിഐടിഡിഎ. 1.92 മടങ്ങ് വര്‍ധനവാണിത്. എക്കാലത്തേയും മികച്ച പ്രവര്‍ത്തന മികവും കമ്പനി കഴിഞ്ഞ പാദം കാഴ്ച്ചവെച്ചു. 17.6 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന ഇബിഐടിഡിഎ മാര്‍ജിന്‍ കുറിക്കാന്‍ കഴിഞ്ഞ പാദം സിയാറാം സില്‍ക്ക് മില്‍സിനായി.
കഴിഞ്ഞ വര്‍ഷത്തെ സെപ്തംബര്‍ പാദം അപേക്ഷിച്ച് ഇത്തവണ നികുതിക്ക് ശേഷമുള്ള ലാഭം മൂന്നുമടങ്ങ് വര്‍ധിച്ചത് കാണാം. ഈ വിഭാഗത്തില്‍ 52 കോടി രൂപ കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍, അപ്പാരല്‍ രംഗത്ത് ഏറ്റവും സൂക്ഷ്മമായി മൂലധനം വിനിയോഗിക്കുന്ന കമ്പനികളില്‍ ഒന്നാണ് സിയാറാം സില്‍ക്ക് മില്‍സ്. കോവിഡ് മഹാമാരി നടമാടിയ 2021 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ഡെറ്റ് / ഇക്വിറ്റി അനുപാതം 0.1x ആണ്.
ഉയര്‍ന്ന പ്രവര്‍ത്ത മൂലധനം ആവശ്യമായ ടെക്‌സ്റ്റൈല്‍ വ്യവസായത്തില്‍ ബ്രാന്‍ഡ് ഇമേജിലൂന്നിയാണ് കമ്പനിയുടെ പ്രവര്‍ത്തനം മുഴുവന്‍. ഇന്ത്യയില്‍ പോളിവിസ്‌കോസ് കലര്‍ത്തി ഫാബ്രിക്ക് നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെന്ന വിശേഷണവും സിയാറാം സില്‍ക്ക് മില്‍സിനുണ്ട്. സ്യൂട്ട് ഫാബ്രിക്ക്, ഷര്‍ട്ട് ഫാബ്രിക്ക്, കാഷ്വല്‍ തുണിത്തരങ്ങള്‍, ഫോര്‍മല്‍ തുണിത്തരങ്ങള്‍, ഹോം ഫര്‍ണിഷിങ് എന്നിവയെല്ലാം കമ്പനിയുടെ ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
കോവിഡ് രണ്ടാം തരംഗം വരുത്തിവെച്ച ക്ഷീണത്തില്‍ നിന്നും സിയാറാം സില്‍ക്ക് മില്‍സ് മുക്തമായെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍.
'ശക്തമായ പ്രവര്‍ത്തന ലിവറേജും ചുരുങ്ങിയ ചെലവുകളും ആധാരമാക്കിയാണ് കമ്പനി 52 കോടി രൂപ നികുതിക്ക് ശേഷം ലാഭം കണ്ടെത്തിയത്. സിയാറാം സില്‍ക്ക് മില്‍സ് ഉത്പന്നങ്ങള്‍ ലക്ഷ്യമിടുന്നത് ഇടത്തരം വിപണിയാണ്. മിക്ക സെഗ്മന്റിലും പ്രാദേശിക തുണി കമ്പനികളുമായാണ് ഇവരുടെ മത്സരം. ശക്തമായ ബാലന്‍സ് ഷീറ്റും ബ്രാന്‍ഡ് ഇമേജിലൂന്നിയുള്ള കേന്ദ്രീകൃത ബിസിനസ് സമീപനവും കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാവുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ കല്യാണ, ഉത്സവ സീസണുകള്‍ ആരംഭിക്കാനിരിക്കുന്നത് സിയാറാം സില്‍ക്ക് മില്‍സിന്റെ മുന്നേറ്റത്തിന് വഴിതെളിക്കും', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സൂചിപ്പിക്കുന്നു.
2021-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനവും ഇബിഐടിഡിഎയും യഥാക്രമം 23 ശതമാനവും 73 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച കുറിക്കുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. 2024 സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭം 183 കോടി രൂപയിലേക്കും എത്തും. അതുകൊണ്ട് സിയാറാം സില്‍ക്ക് മില്‍സില്‍ ബൈ റേറ്റിങ് തുടരുകയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് അറിയിക്കുന്നു. 460-465 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിര്‍ദേശം. തുടര്‍ന്ന് 410 രൂപ വരെയുള്ള ഓരോ വീഴ്ച്ചയിലും ഓഹരി വാങ്ങല്‍ തുടരാം. ടാര്‍ഗറ്റ് വില 559 രൂപ.
നിലവില്‍ 454.40 രൂപയാണ് സിയാറാം സില്‍ക്ക് മില്‍സിന്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.62 ശതമാനം ഇടിവും ഒരു മാസത്തിനിടെ 3.33 ശതമാനം നേട്ടവും സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസം കൊണ്ട് 89.22 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 517.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 144.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 14.12. ഡിവിഡന്റ് യീല്‍ഡ് 1.17 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications