ഏറെനാളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വര്‍ധനയും പ്രതികൂല ആഗോള സൂചനകളുമാണ് ആഭ്യന്തര വിപണിയുടെ പാതയിലും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. കഴിഞ്ഞ മാസം ലാര്‍ജ് കാപ് വിഭാഗം ഓഹരി സൂചികയില്‍ 3 ശതമാനത്തോളം നഷ്ടമാണ് നേരിട്ടത്. എന്നാല്‍ സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ തിരിച്ചടി ശക്തമായിരുന്നു. ഇതില്‍ തന്നെ ഏറ്റവും കനത്ത ആഘാതമേറ്റത് സ്‌മോള്‍ കാപ് ഓഹരികളിലാണ്.
മേയ് മാസത്തില്‍ ബിഎസ്ഇയുടെ മിഡ് കാപ് സൂചികയില്‍ 5 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്‌മോള്‍ കാപ് സൂചികയിലാവട്ടെ 8 ശതമാനത്തോളമാണ് തകര്‍ച്ചയുണ്ടായത്. എന്നാല്‍ വിപണിയിലെ സമീപകാല തിരിച്ചടിയൊന്നും മ്യൂച്ചല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തുന്ന നിക്ഷേപത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലേക്ക് മാത്രം മേയ് മാസത്തില്‍ ഒഴുകിയെത്തിയത് 18,500 കോടിയാണ്. ഏപ്രിലിലെ നിക്ഷേപം 12,800 കോടി മാത്രമായിരുന്നു. അതായത്, 2022-ലെ ഏറ്റവും ഉയര്‍ന്ന എസ്‌ഐപി പ്രവാഹമാണ് കഴിഞ്ഞമാസം ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് വിപണിയിലെ ഇടിവിനെ ഫലപ്രദമായി വിനിയോഗിക്കാനും മ്യൂച്ചല്‍ ഫണ്ടുകള്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി നിരവധി സ്‌മോള്‍ കാപ് ഓഹരികളാണ് താഴ്ന്ന നിലവാരത്തില്‍ നിന്നും വാങ്ങിക്കൂട്ടിയത്. മേയ് മാസത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ പങ്കാളിത്തം ഉയര്‍ത്തിയവയില്‍ മുന്നിലുള്ളത് (ശതമാനാടിസ്ഥാനത്തില്‍) ലെതര്‍ പാദരക്ഷകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ മിര്‍സ ഇന്റര്‍നാഷണലാണ്. മേയ് മാസത്തില്‍ 10 ലക്ഷം ഓഹരികളാണ് അധികം വാങ്ങിയത്. ഇതോടെ മിര്‍സ ഇന്റര്‍നാഷണലിന്റെ 23 ലക്ഷം ഓഹരികള്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ പക്കലായി.
മേയ് മാസത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വിഹിതം വര്‍ധിപ്പിച്ച പ്രധാന 10 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്. ബ്രായ്ക്കറ്റില്‍ ഉയര്‍ത്തിയ ഓഹരി പങ്കാളിത്തമാണ് നല്‍കിയിരിക്കുന്നത്.
- മിര്‍സ ഇന്റര്‍നാഷണല്‍ (ഓഹരികളുടെ എണ്ണം 13 ലക്ഷത്തില്‍ നിന്നും 23 ലക്ഷമായി ഉയര്‍ത്തി)
- മഹാരാഷ്ട്ര സ്‌കൂട്ടേര്‍സ് ലിമിറ്റഡ് (1 ലക്ഷത്തില്‍ നിന്നും 2-ലേക്ക്)
- പിസിബിഎല്‍ (81-ല്‍ നിന്നും 103 ലക്ഷമായി)
- തത്വ ചിന്തന്‍ ഫാര്‍മ കെമിക്കല്‍ (18-ല്‍ നിന്നും 23 ലക്ഷത്തിലേക്ക്)
- ആര്‍ബിഎല്‍ ബാങ്ക് (523 ലക്ഷത്തില്‍ നിന്നും 652-ലേക്ക്)
- ജെകെ പേപ്പര്‍ (62-ല്‍ നിന്നും 75 ലക്ഷമായി)
- ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ (17-ല്‍ നിന്നും 21 ലക്ഷമായി)
- ഗോ ഫാഷന്‍ ഇന്ത്യ (101 ലക്ഷത്തില്‍ നിന്നും 120-ലേക്ക്)
- നസാര ടെക്‌നോളജീസ് (8 ലക്ഷത്തില്‍ നിന്നും 10-ലേക്ക് ഉയര്‍ത്തി).
കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ വിഹിതം താഴ്ത്തിയ പ്രധാന 10 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു. ബ്രായ്ക്കറ്റില്‍ കുറവുവന്ന ഓഹരി പങ്കാളിത്തമാണ് നല്‍കിയിരിക്കുന്നത്.
- ഇന്റലക്ട് ഡിസൈന്‍ അരീന (32 ലക്ഷം ഓഹരികള്‍ 21-ലേക്ക് കുറച്ചു)
- ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ (87-ല്‍ നിന്നും 62 ലക്ഷമായി താഴ്ത്തി)
- ആഷിയാന ഹൗസിങ് (96-ല്‍ നിന്നും 75-ലക്ഷത്തിലേക്ക് കുറച്ചു)
- ഇന്ത്യാ സിമന്റ്‌സ് (130 ലക്ഷത്തില്‍ നിന്നും 104-ലേക്ക്)
- പോളിപ്ലെക്‌സ് കോര്‍പറേഷന്‍ (9-ല്‍ നിന്നും 7-ലേക്ക്)
- ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് (336-ല്‍ നിന്നും 273 ലക്ഷമായി)
- മാസ്റ്റെക് (117 കോടിയുടെ മൂല്യം 95 കോടിയായി താഴ്ന്നു)
- കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ് (9-ല്‍ നിന്നും 8 ലക്ഷമായി)
- അമരരാജ ബാറ്ററീസ് (53 ലക്ഷത്തില്‍ നിന്നും 46-ലേക്ക്)
- ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് (139-ല്‍ നിന്നും 121 ലക്ഷത്തിലേക്ക് താഴ്ത്തി).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications