കഴിഞ്ഞ ഒരു മാസം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയുടെ പോക്ക് താഴേക്കാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ ഒരുങ്ങുന്നതും പണപ്പെരുപ്പം വര്‍ധിക്കുന്നതും ഇന്ത്യന്‍ വിപണിയുടെ സ്വപ്‌നക്കുതിപ്പിന് കടിഞ്ഞാണിട്ടിരിക്കുന്നു. ഫലമോ, സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ 6 ശതമാനം വീതം ഇടറി.
എന്നാല്‍ വിപണിയുടെ തകര്‍ച്ചയൊന്നും ചില ഓഹരികളെ ലവലേശം ബാധിക്കുന്നില്ല. ഇക്കൂട്ടത്തില്‍ ഒന്നാണ് സ്‌പെഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്കായ നിയോജന്‍ കെമിക്കല്‍സ്.
കഴിഞ്ഞ ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 34 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ നിയോജന്‍ കെമിക്കല്‍സിന് കഴിഞ്ഞിട്ടുണ്ട്. ബ്രോമിന്‍, അജൈവ ലിഥിയം അധിഷ്ഠിത രാസസംയുക്തങ്ങളുടെ നിര്‍മാണത്തിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നത്.
നടപ്പു വര്‍ഷം 126 ശതമാനം ഉയര്‍ച്ചയാണ് സ്‌റ്റോക്ക് കൈവരിക്കുന്നത്. 2019 മെയ് മാസം ഓഹരി വിപണിയില്‍ പേരുചേര്‍ത്ത കമ്പനി രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 545 ശതമാനം മുന്നേറ്റം കാഴ്ച്ചവെക്കുന്നു.
260 രൂപയില്‍ നിന്നും 1,666 രൂപയിലേക്കുള്ള പ്രയാണം സംഭവബഹുലമെന്നുതന്നെ വിശേഷിപ്പിക്കാം.
നിലവില്‍ ഫണ്ട് സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് നിയോജന്‍ കെമിക്കല്‍സ്. ഇക്വിറ്റി ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഡിസംബര്‍ എട്ടിന് കമ്പനി ബോര്‍ഡ് യോഗം ചേരും. സെപ്തംബര്‍ പാദം മികവാര്‍ന്ന സാമ്പത്തിക ഫലമാണ് നിയോജന്‍ കെമിക്കല്‍സ് കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തിയത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 51 ശതമാനം വര്‍ധിച്ച് 11.2 കോടി രൂപയായി. വില്‍പ്പന 38 ശതമാനം കൂടി 113.20 കോടി രൂപയിലേക്കുമെത്തി.
ഇതേസമയം, പരോക്ഷ ചിലവുകള്‍ (ഫിക്‌സഡ് ഓവര്‍ഹെഡ്) വര്‍ധിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ മൊത്ത മാര്‍ജിനുകള്‍ 184 ബേസിസ് പോയിന്റ് ഇടിഞ്ഞ് 43.3 ശതമാനവും ഇബിഐഡിടിഎ മാര്‍ജിന്‍ 80 ബേസിസ് പോയിന്റ് കുറഞ്ഞ് 18.1 ശതമാനവുമായി. കഴിഞ്ഞ പാദമാണ് ഗുജറാത്തിലെ ദഹേജില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ രാസനിര്‍മാണശാലയുടെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചത്.
ലിഥിയം അയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ സെഗ്മന്റില്‍ ചുവടുവെയ്ക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ നിയോജന്‍ കെമിക്കല്‍സ്. ഇതിനായി 250 മെട്രിക് ടണ്‍ ശേഷിയുള്ള ഇലക്ട്രോലൈറ്റ് ശാല കമ്പനി വഡോദരയില്‍ സ്ഥാപിക്കും. 35 കോടി രൂപ പദ്ധതിക്ക് ചിലവുണ്ട്.
2024 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും 700 കോടി മുതല്‍ 725 കോടി രൂപ വരെ വരുമാനം ഉയര്‍ത്തുകയാണ് നിയോജന്‍ കെമിക്കല്‍സിന്റെ ലക്ഷ്യം. 29 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് വരുമിത്. ഗുജറാത്തിലെ ദഹേജില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചും ലിഥിയം ഇലക്ട്രോലൈറ്റ് ബിസിനസില്‍ പിടിമുറുക്കിയും വരുമാനലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്.
ഡിമാന്‍ഡ് ഉണര്‍വ് മുന്‍നിര്‍ത്തി ഈ വര്‍ഷം വലിയ കുതിച്ചുച്ചാട്ടമാണ് ഭൂരിപക്ഷം സ്‌പെഷ്യാലിറ്റി സ്റ്റോക്കുകളും കാഴ്ച്ചവെക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആഭ്യന്തര രാസഉത്പാദനം രണ്ടു മടങ്ങ് വര്‍ധിക്കുമെന്നിരിക്കെ സ്‌പെഷ്യാലിറ്റി കെമിക്കല്‍ സെക്ടറില്‍ ബ്രോക്കറേജുകള്‍ക്ക് ഒന്നടങ്കം പോസിറ്റീവ് കാഴ്ച്ചപ്പാടുണ്ട്. തിങ്കളാഴ്ച്ച 5.53 ശതമാനം ഇടിവോടെയാണ് നിയോജന്‍ കെമിക്കല്‍സ് വ്യാപാരം അവസാനിപ്പിച്ചത്. 1,753 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 1,666 രൂപയില്‍ തിരശ്ശീലയിട്ടു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.55 ശതമാനവും ഒരു മാസത്തിനിടെ 34.76 ശതമാനവും വീതം നേട്ടമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ആറു മാസം കൊണ്ട് 85.66 ശതമാനം മുന്നേറ്റവും കമ്പനി കാഴ്ച്ചവെച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,806 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 663 രൂപ വരെയുള്ള താഴ്ച്ചയ്ക്കും നിയോജന്‍ കെമിക്കല്‍സ് സാക്ഷിയാണ്. പിഇ അനുപാതം 107.07. ഡിവിഡന്റ് യീല്‍ഡ് 0.14 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications