75 വര്‍ഷത്തോളമായി ഇന്ത്യയെ പാലൂട്ടുകയാണ് അമൂല്‍. ഒരു ക്ഷീര സഹകരണ സ്ഥാപനമായി തന്നെ നിലകൊണ്ട് 40 രാജ്യങ്ങളിലടക്കം സാന്നിധ്യമുള്ള തലത്തിലേക്ക് വളരാന്‍ അമൂല്‍ എന്ന ബ്രാന്‍ഡിന് സാധിച്ചു. ആനന്ദ് യൂണിയൻ മിൽക്ക് ലിമിറ്റഡ് എന്ന അമൂൽ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ വഴി 2000ത്തിലധികം ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
2022 ലെ സാമ്പത്തിക വര്‍ഷത്തില്‍ ഈ മാര്‍ക്കറ്റിംഗ് ഫെഡറേഷൻ 61,000 കോടിയുടെ വില്പനയാണ് നടത്തിയത്. ഈ വളർച്ചയ്ക്കൊപ്പം വളരാനുള്ള അവസരമാണ് അമൂൽ ഫ്രാഞ്ചൈസി. 2 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്നവർക്ക് അമൂൽ ഫ്രാഞ്ചൈസി മികച്ച ആശയമാണ്.
രണ്ട് തരം
രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂല്‍ അവതരിപ്പിക്കുന്നത്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകളും ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലറുകളുമാണ് അമൂലിന് കീഴില്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്ലേറ്റുകൾ അമൂല്‍ കിയോസ്‌ക്, അമൂല്‍ റെയില്‍വെ പാര്‍ലര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ ആരംഭിക്കുന്നതിനുള്ള ചെലവുകൾ നോക്കാം.
അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍
ഫ്രാഞ്ചൈസിയ്ക്കായി അമൂൽ ഈടാക്കുന്നത് 25,000 രൂപയുടെ സെക്യൂരിറ്റി നിക്ഷേപം മാത്രമാണ്. ഇത് റീഫണ്ട് ചെയ്യപ്പെടുന്നതാണ്. ഇതോടൊപ്പം 100 ചതുരശ്ര അടി മുതല്‍ 150 ചതുരശ്ര അടി വരെ സൗകര്യമുള്ള കടമുറിയാണ് ആവശ്യം. സ്വന്തമായതോ വാടക കെട്ടിടമോ മതിയാകും. ഇത് അമൂല്‍ ഫ്രാഞ്ചൈസിക്ക് അനുസൃതമായി റീ ഡിസൈന്‍ ചെയ്യണം. ഇതിന് 80,000 രൂപയോളം ചെലവ് പ്രതീക്ഷിക്കാം.
പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന്‍ എന്നിവയ്ക്കായി 80,000 രൂപയും ചെലവ് പ്രതീക്ഷിക്കാം. കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനുമുള്ളൊരാള്‍ക്ക് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കാവുന്നതാണ്.
ഇവ റെയില്‍വെയില്‍ സ്ഥാപിക്കാന്‍ അവസരമുണ്ട്. ഇതിന് റെയില്‍വെയില്‍ നിന്ന അലോട്ട്‌മെന്റ് ലഭിക്കണം. കിയോസ്‌ക് സ്റ്റാള്‍ എന്നിവ സ്ഥാപിക്കാനായി 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ ചെലവ് വരും. സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപ അമൂലിലേക്ക് അടയ്ക്കണം.
അമൂല്‍ സ്‌കൂപ്പിംഗ് പാര്‍ലര്‍
പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകളെ അപേക്ഷിച്ച് അല്പം ചെലവ് പ്രതീക്ഷിക്കുന്നതാണ് അമൂല്‍ സ്‌കൂപ്പിംഗ് പാര്‍ലര്‍ ഫ്രാഞ്ചൈസി. സെക്യൂരിറ്റി നിക്ഷേപമായി 50,000 രൂപ നല്‍കണം. 250 ചതുരശ്ര അടി മുതല്‍ 400 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള കടമുറികളാണ് അമൂല്‍ സ്‌കൂപ്പിംഗ് പാര്‍ലറിന് ആവശ്യം.
അമൂല്‍ നിഷ്‌കര്‍ഷിക്കുന്ന ഡിസൈനിലേക്ക് കടമുറി മാറ്റുന്നതിന് 3 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഫ്രീസര്‍, പിസ ഓവന്‍, മിക്‌സര്‍ ഡ്രൈന്‍ഡര്‍, പിഒഎസ് മെഷിന്‍ എന്നിവ വാങ്ങുന്നതിന് 1.50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. മൊത്തം 5 ലക്ഷത്തോളം രൂപ ചെലവിടേണ്ടി വരും.
ഇതോടൊപ്പം അമൂല്‍ പാര്‍ലറുകള്‍ പ്രധാന ഓഫീസുകള്‍, പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തുടങ്ങാൻ സാധിക്കും. ഇതിനായി അതാത് അതോറിറ്റിയുടെ അനുമതി വാങ്ങമെ. ഇവിടെ കടമുറിക്ക് പകരം കിസോയ്ക്ക് ഉപയോഗിക്കാം. 2-5 ലക്ഷം രൂപ വരെ ചെലവ് വരാം. മറ്റ് സൗകര്യങ്ങൾ സമാനമാണ്. സ്ഥാപനങ്ങൾക്ക് അടയ്ക്കേണ്ട ലൈസന്‍സ് ഫീ, മറ്റു പ്രവര്‍ത്തന ചെലവ് എന്നില ഫ്രാഞ്ചൈസി ഉടമ വഹിക്കണം.
വരുമാനം പങ്കിടേണ്ട
ഫ്രാഞ്ചൈസികളുടെ ബിസിനസ് സാധ്യതള്‍ പഠിക്കാനും ബിസന്‌സ് പ്ലാന്‍ തയ്യാറാക്കാനും അമൂല്‍ സഹായിക്കും. ഫ്രാഞ്ചൈസി നവീകരണത്തിനും അമൂൽ സഹായം ലഭിക്കും. പ്രദേശിക പ്രമോഷനും അമൂല്‍ ഔട്ട്‌ലേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. എല്ലാ ഉത്പ്പന്നങ്ങളും ഫ്രാഞ്ചൈസികളിൽ അമൂല്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഉപകരണങ്ങളില്‍ സബ്‌സിഡിയും അമൂല്‍ ബ്രാന്‍ഡിംഗും അധിക പര്‍ച്ചേസ് ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇതോടൊപ്പം ഫ്രാഞ്ചൈസിയിൽ നിന്നുള്ള വരുമാനം അമൂലുമായി പങ്കിടേണ്ടതില്ല.
വരുമാനം
റീട്ടെയില്‍ വിപണിയില്‍ വില്പന നടത്തുന്ന ഉത്പ്പന്നങ്ങള്‍ക്കുള്ള മാര്‍ജിന്‍ വ്യത്യാസം വരും. പാലില്‍ 2.50 ശതമാനവും പാലുത്പ്പന്നങ്ങളില്‍ 10 ശതമാനം കമ്മീഷനും ലഭിക്കും. ഐസ്‌ക്രീമുകളില്‍ 20 ശതമാനം കമ്മീഷന്‍ അമൂല്‍ നല്‍കുന്നുണ്ട്. മറ്റുള്ള റെസിപി അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം കമ്മീഷനും ലഭിക്കും.
ഫ്രാഞ്ചൈസി സ്ഥാപിക്കുന്ന സ്ഥലത്തിന് അനുസരിച്ച് 5-10 ലക്ഷം രൂപ വരെ മാസത്തില്‍ വില്പന പ്രതീക്ഷിക്കാം. മാസം 1.50 ലക്ഷം രൂപയുടെ വില്പന നടന്നാല്‍ 12,000 രൂപ ലാഭമുണ്ടാക്കാമെന്നാണ് കണക്കൂട്ടൽ. (022) 68526666 എന്ന നമ്പറിൽ വിളിച്ചോ retail.amul.coop എന്ന ഇമെയിൽ വഴിയോ വിവരങ്ങൾ തിരക്കാം.


Click it and Unblock the Notifications