വീണ്ടുമൊരു റിസള്‍ട്ട് കാലത്തിന് തുടക്കമാവുകയാണ്. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം കമ്പനികള്‍ വൈകാതെ പുറത്തുവിടും. വിപണിയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ചിത്രമറിയാനുള്ള ആകാംക്ഷ ചെറുകിട നിക്ഷേപകര്‍ക്കുണ്ട്. രാകേഷ് ജുന്‍ജുന്‍വാല, ഡോളി ഖന്ന, ആശിഷ് കച്ചോലിയ, പൊറിഞ്ചു വെളിയത്ത് തുടങ്ങിയ വമ്പന്മാരുടെ പോര്‍ട്ട്‌ഫോളിയോയിലാണ് ഏവരുടെയും കണ്ണുകള്‍.
പറഞ്ഞുവരുമ്പോള്‍, ഹ്രസ്വകാലം കൊണ്ട് മികച്ച ലാഭം കിട്ടാന്‍ സാധ്യതയുള്ള സ്‌റ്റോക്ക് അന്വേഷിച്ച് നടക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു കുഞ്ഞന്‍ സ്‌റ്റോക്കുണ്ട് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍.
സംഭവം ഏതെന്നല്ലേ? സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ സെയില്‍. ചുരുങ്ങിയ സമയം കൊണ്ട് സെയില്‍ ഓഹരികള്‍ 40 ശതമാനം വരെ കുതിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. 102 രൂപയെന്ന ശക്തമായ പ്രതിരോധ നില മറികടന്ന സെയില്‍, ബുധനാഴ്ച്ച 112.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ സ്റ്റോക്ക് മുന്നേറ്റം തുടരും. അടുത്ത മൂന്നു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 144 രൂപ വരെയെത്തുമെന്നാണ് പ്രവചനം.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി 102 രൂപയുടെ നിര്‍ണായക പ്രതിരോധം ഭേദിച്ച് ക്ലോസ് ചെയ്യാന്‍ സെയിലിന് കഴിയുന്നുണ്ട്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് സെയില്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാം. ചുരുങ്ങിയ കാലം കൊണ്ട് 144 രൂപ വരെ ഉയരാന്‍ സ്റ്റോക്കിന് കഴിയുമെന്ന് വിപണി വിദഗ്ധര്‍ അറിയിക്കുന്നു.
പൊതുമേഖലാ സ്റ്റോക്കായ സെയിലില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കാനുള്ള കാരണം ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ വിവരിക്കുന്നുണ്ട്.
'സെയില്‍ ഓഹരികളുടെ പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് ഫ്‌ളാഗ് പാറ്റേണ്‍ ആണ് രൂപംകൊള്ളുന്നത്. തുടര്‍ച്ച പാറ്റേണ്‍ ആണിത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബുള്ളിഷ് ട്രെന്‍ഡിന്റെ സൂചന ഇതില്‍ കാണാം. കൂടാതെ, 50 ആഴ്ച്ചയിലെ സിംപിള്‍ മൂവിങ് ആവറേജിനും ഇച്ചിമോക്കു ക്ലൗഡ് ഫോര്‍മേഷനും മുകളിലാണ് സെയില്‍ ഓഹരികളുടെ വ്യാപാരം. ബുള്ളിഷ് ട്രെന്‍ഡ് ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാകുമെന്ന സൂചന ഇവയും നല്‍കുന്നു', സുമീത് ബഗാഡിയ പറയുന്നു.
'പ്രതിദിന ചാര്‍ട്ടില്‍ ചാനല്‍ ഫോര്‍മേഷന്‍ കണ്ടുകൊണ്ടാണ് സ്‌റ്റോക്കിന്റെ വ്യാപാരം. മിഡില്‍ ബോളിങ്ങര്‍ ബാന്‍ഡില്‍ മികച്ച പിന്തുണയും സെയിലിന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് നേരിയ ഇറക്കം സമീപകാലത്ത് പ്രതീക്ഷിക്കാം', സുമീത് ബഗാഡിയ കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും ഹ്രസ്വകാല നിക്ഷേപകര്‍ക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്കും ഒരുപോലെ വാങ്ങാവുന്ന സ്‌റ്റോക്കാണ് സെയിലെന്ന കാര്യത്തില്‍ ചോയിസ് ബ്രോക്കിങ്ങിന് തര്‍ക്കമില്ല.
സെയില്‍ ഓഹരികളില്‍ നിക്ഷേപം നടത്തണോ എന്ന് സംശയിച്ച് നില്‍ക്കുന്ന റീടെയില്‍ നിക്ഷേപകര്‍ക്ക് ജിസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്‍മാന്‍ രവി സിംഗാളും നിര്‍ദേശം നല്‍കുന്നുണ്ട്.
'അടുത്തിടെയാണ് നിഫ്റ്റി മെറ്റല്‍ സൂചിക ബ്രേക്കൗട്ട് കണ്ടെത്തിയത്. അതുകൊണ്ട് ഹ്രസ്വകാലത്തേക്ക് സെയിലിനെ ഓഹരി വിലയെ നിഫ്റ്റി മെറ്റലിന്റെ ഉയര്‍ച്ച സ്വാധീനിക്കും. റീടെയില്‍ നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയ്ക്ക് സെയില്‍ ഓഹരികള്‍ വാങ്ങാം. 130 രൂപയും 144 രൂപയും ഹ്രസ്വകാല ടാര്‍ഗറ്റുകള്‍ നിശ്ചയിക്കാം. ഇതേസമയം, 97 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്', രവി സിംഗാള്‍ അറിയിക്കുന്നു.
ഇപ്പോഴത്തെ നിലയില്‍ നിന്നുള്ള ഏതൊരു വീഴ്ചയിലും സെയില്‍ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സെയിലിന്റെ ഓഹരി വില 102 രൂപയ്ക്ക് മുകളില്‍ തുടരുന്നതുവരെയും ഓഹരി സമാഹരണം നടത്താം. ഇന്ത്യയുടെ ബിഗ്ബുള്‍ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സെയിലില്‍ 1.76 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കമ്പനിയുടെ 7.25 കോടി ഓഹരികള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
ബുധനാഴ്ച്ച 2.82 ശതമാനം നേട്ടത്തിലാണ് സെയില്‍ വ്യാപാരം അവസാനിപ്പിച്ചത്. 109.65 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 112.95 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 5.56 ശതമാനവും ഒരു മാസം കൊണ്ട് 9.77 ശതമാനവും വീതം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, ആറു മാസത്തെ ചിത്രത്തില്‍ 8.25 ശതമാനം ഇടിവ് സെയില്‍ ഓഹരികള്‍ അറിയിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 48.23 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 151.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 55.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 3.54. ഡിവിഡന്റ് യീല്‍ഡ് 5.14 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications