മുംബൈ: തിങ്കളാഴ്ച്ചത്തെ തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് ഉയര്‍ന്ന് 50,000 നിലയില്‍ തിരിച്ചെത്തി; എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,750 നിലയിലേക്കും കടന്നുവന്നു. എന്‍എസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് തുടരുന്നത്. നിഫ്റ്റി റിയല്‍റ്റി സൂചിക 1.94 ശതമാനവും ലോഹ സൂചിക 1.79 ശതമാനവും നേട്ടം തുടക്കത്തിലെ കുറിച്ചത് കാണാം. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐഎക്‌സ് സൂചിക 2 ശതമാനം ഇടറി 25 പോയിന്റില്‍ത്താഴെ പിന്‍വാങ്ങി.
രാവിലെ സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 21 ഉം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ ഓഎന്‍ജിസി ഓഹരികള്‍ വലിയ മുന്നേറ്റം നടത്തുന്നു. 4.28 ശതമാനം നേട്ടമാണ് ഓഎന്‍ജിസി ഓഹരികള്‍ കയ്യടക്കുന്നത്. ഡോ റെഡ്ഢീസ് (1.38 ശതമാനം), റിലയന്‍സ് (1.31 ശതമാനം), ബജാജ് ഫൈനാന്‍സ് (1.24 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.21 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.07 ശതമാനം), ഐസിഐസിഐ ബാങ്ക് (1.05 ശതമാനം), എല്‍ ആന്‍ഡ് ടി (1.04 ശതമാനം), ആക്‌സിസ് ബാങ്ക് (1.01 ശതമാനം) ഓഹരികളും നേട്ടത്തില്‍ മുന്നേറുകയാണ്.
മറുഭാഗത്ത് ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ വലിയ നഷ്ടത്തില്‍ ചുവടുവെയ്ക്കുന്നു. 1.66 ശതമാനം തകര്‍ച്ചയാണ് ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നേരിടുന്നത്. ടെക്ക് മഹീന്ദ്ര (-1.30 ശതമാനം), എച്ച്ഡിഎഫ്‌സി (-0.75 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (-0.68 ശതമാനം), ബജാജ് ഓട്ടോ (-0.35 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (-0.33 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.32 ശതമാനം), എന്‍ടിപിസി (-0.29 ശതമാനം), ഇന്‍ഫോസിസ് (-0.13 ശതമാനം) എന്നീ കമ്പനികളും നഷ്ടത്തിലാണ് ദിനം ആരംഭിച്ചിരിക്കുന്നത്.