പ്രതീക്ഷകളൊന്നും തെറ്റിയില്ല. ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് ആരംഭിച്ചത്. ആഗോള പ്രതിസന്ധികൾ തന്നെയാണ് നിക്ഷേപകരുടെ ഹൃദയം തകരുന്നതിന് കാരണം. സെൻസെക്‌സ് 489.34 പോയിൻ്റ് താഴ്ന്ന് 71,999.65ലും നിഫ്റ്റി 134.35 പോയിൻ്റ് അഥവാ 0.61 ശതമാനം താഴ്ന്ന് 21,861.50ലും എത്തി.
കഴിഞ്ഞ 4 ട്രേഡിംഗ് ദിവസങ്ങളും അവസാനിച്ചത് ചുവപ്പിലാണ്. 9 ലക്ഷം കോടിയാണ് നാല് ദിവസത്തെ ഇടിവിലൂടെ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ് ഹെവിവെയ്റ്റുകളുടെ ഓഹരികളിലുണ്ടായ നഷ്ടമാണ് സൂചികകളെ ഏറ്റവും കൂടുതൽ വലിച്ചിഴച്ചത്.

വിപണിയുടെ ഇടിവിന് കാരണമാകുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെ എന്ന് വിശദമായി പരിശോധിക്കാം.
1. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷമാണ് ലോകമെമ്പാടുമുള്ള വിപണികളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി തുടരുന്നത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍, ഇസ്രയേല്‍ ആക്രമിച്ചെന്ന വാർത്തകൾ പുറത്ത് വന്നതോടെ ആശങ്ക വർധിക്കുകയും ചെയ്തു. ഇതാണ് വിപണിയെ ഇന്നും ഇടിവിലേക്ക് നയിച്ചത്.
ഇസ്ഫഹാന്‍, ടെഹ്റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ആണവകേന്ദ്രങ്ങളെ ബാധിച്ചില്ലെന്നാണ് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ തിരിച്ചടിക്ക് മുതിർന്നാൽ വരും ദിവസങ്ങളിലും ഓഹരി സൂചികകളെ താഴേക്ക് വലിക്കാനാണ് സാധ്യത.
2. യുഎസ് ഫെഡറൽ റിസർവ് സമീപഭാവിയിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് മറ്റൊരു കാരണം. സൂചനകൾക്ക് പിന്നാലെ യുഎസ് ഓഹരി വിപണി ഒറ്റരാത്രികൊണ്ട് സമ്മിശ്രമായി അവസാനിച്ചപ്പോൾ ഏഷ്യൻ വിപണികൾ താഴ്ന്നു.
3. ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷ ഭീതി തന്നെ കാരണം. ബ്രെൻ്റ് ക്രൂഡ് ഇന്ന് 86.4 ഡോളറിൽ എത്തിയ ശേഷം മൂന്നു ശതമാനം കയറി 89.88 ഡോളറിലായി. ഡബ്ള്യു.ടി.ഐ ഇനം 85.28ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.94 ഡോളറിലും ആണ്.
4. ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ നാല് ശതമാനം കയറി 63,600 ഡോളറിലാണ്. മറ്റു ക്രിപ്റ്റോ കറൻസികളും ഉയർന്നു.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ഇന്നലെയും ചെറിയ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് ജൂണിൽ പലിശ കുറച്ചു തുടങ്ങും എന്ന വാദക്കാർക്കാണ് ഇപ്പോൾ വിപണിയിൽ പ്രാമുഖ്യം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് വിമാനകമ്പനി ഓഹരികളെ ഉയർത്തി
യു.എസ് വിപണി വീണ്ടും താഴ്ന്നു. എസ് ആൻഡ് പി സൂചിക തുടർച്ചയായ അഞ്ചാം ദിവസവും ഇടിവിലായി. പലിശ കുറയ്ക്കൽ ഉടനേ ചിന്തിക്കേണ്ടതില്ല എന്നു ഫെഡ് അധികൃതർ വീണ്ടും ആവർത്തിച്ചു.

ഇന്ത്യൻ വിപണി
വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു കൂടുതൽ ഉയർന്നു. എന്നാൽ അവസാന രണ്ടു മണിക്കൂറിൽ വിപണി വലിയ വിൽപന സമ്മർദം മൂലം ഇടിഞ്ഞു. നിഫ്റ്റി 22,000 നു താഴെ ക്ലോസ് ചെയ്തു. സെൻസെക്സ് 73,473 വരെ കയറിയിട്ട് 985 പോയിൻ്റും നിഫ്റ്റി 22,326 വരെ കയറിയിട്ട് 331 പോയിൻ്റും ഇടിഞ്ഞാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 454.69 പോയിന്റ് (0.62%) നഷ്ടത്തിൽ 72,488.99ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 152.05 പോയിന്റ് (0.69%) താഴ്ന്ന് 21,995.85ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 415.35 പോയിന്റ് (0.87%) താഴ്ന്നു 47,069.45 ൽ ക്ലോസ് ചെയ്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications