നേട്ടം കൈവിട്ട് ചുവപ്പണിഞ്ഞു; സെന്‍സെക്‌സ് നഷ്ടമാക്കിയത് 600 പോയിന്റ്; ഓട്ടോ, ബാങ്ക് ഓഹരികളില്‍ തിരിച്ചടി

അവസാന മണിക്കൂറിലെ തിരിച്ചടിയില്‍ നേട്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് വഴിമാറി വിപണിയുടെ യു-ടേണ്‍. 130 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചിക ഒരു ഘട്ടത്തില്‍ 16,800-ന് സമീപം വരെ എത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ആരംഭിക്കുന്ന റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഓഹരികളില്‍ വില്‍പന സമ്മര്‍ദം നേരിട്ടതോടെ പ്രധാന സൂചികകളും നഷ്ടത്തിലേക്ക് തെന്നിവീണു. ഇതോടെ സെന്‍സെക്‌സിനും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 600-ലേറെ പോയിന്റ് നഷ്ടമായി.

എന്‍എസ്ഇ

ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 43 പോയിന്റ് നഷ്ടത്തോടെ 16,584-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 49 പോയിന്റ് താഴ്ന്ന് 55,769-ലും വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,794-ലും താഴ്ന്ന നിലവാരം 16,568-ലും രേഖപ്പെടുത്തി. നേട്ടത്തോടെ ആരംഭിച്ച സൂചിക, വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നഷ്ടത്തിലേക്ക് വീഴുകയും ഒടുവില്‍ താഴ്ന്ന നിലവാരത്തിന് സമീപം ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 338 പോയിന്റ് നഷ്ടത്തില്‍ 35,275-ലും വ്യാപാരം അവസാനിപ്പിച്ചു.

ടെക്‌നിക്കല്‍ അനാലിസിസ്

ടെക്‌നിക്കല്‍ അനാലിസിസ്

നേട്ടത്തോടെ തുടങ്ങിയെങ്കിലും ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 200-ലേറെ പോയിന്റ് നഷ്ടമാക്കിയാണ് നിഫ്റ്റിയുടെ ക്ലോസിങ്. എങ്കിലും ഹ്രസ്വകാലയളവിലേക്ക് ഓഹരിയുടെ ട്രെന്‍ഡ് ബുള്ളിഷ് തന്നെയാണ്. നിലവില്‍ 16,400 നിലവാരം ശക്തമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. അതേസമയം 16,700-ന് മുകളില്‍ സൂചികയ്ക്ക് വില്‍പന സമ്മര്‍ദം നേരിടുന്നു. നിഫ്റ്റി 16,700 നിലവാരം ഭേദിച്ച് ക്ലോസ് ചെയ്യാന്‍ സാധിക്കുവാണേല്‍ കുതിപ്പ് ഇനിയും തുടരാം. സമാനമായി ബാങ്ക് നിഫ്റ്റിയും 36,000 നിലവാരത്തില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടുന്നു. 35,000- 34,800 നിലവാരത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നുമുണ്ട്. ഈ നിലവാരം തകര്‍ക്കപ്പെട്ടാല്‍ ബാങ്ക് നിഫ്റ്റിയില്‍ വില്‍പന സമ്മര്‍ദം ശക്തിപ്പെടും.

ഇന്നത്തെ റിപ്പോര്‍ട്ട്

ഇന്നത്തെ റിപ്പോര്‍ട്ട്

വെള്ളിയാഴ്ച വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം നേട്ടത്തോടെയും 13 എണ്ണം നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഐടി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ മാത്രമാണ് നേരിയ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം 1.82 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഓട്ടോ സൂചികയാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മെറ്റല്‍ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടവും രേഖപ്പെടുത്തി.

മിഡ് കാപ്-100

അതേസമയം, എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 1.64 ശതമാനം ഇടിഞ്ഞും സ്മോള്‍ കാപ്-100 സൂചിക 0.86 ശതമാനം നഷ്ടത്തോടെയും വ്യാപാരം അവസാനിച്ചു. ഇതിനിടെ എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ 2,142 ഓഹരികളില്‍ 1,337 എണ്ണവും നഷ്ടത്തോടെ ക്ലോസ് ചെയ്തു. 731 ഓഹരികളില്‍ നേട്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. സമാനമായി ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.55 നിലവാരത്തിലേക്ക് താഴ്ന്നു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്‌സ് നിരക്കുകളില്‍ 1.69 ശതമാനം ഇടിവും പ്രകടമായി.

നേട്ടം:-
  • നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസട്രീസ് 1.97 %, ഇന്‍ഫോസിസ് 0.98 %, ലാര്‍സണ്‍ & ട്യൂബ്രോ 0.79 %, സണ്‍ ഫാര്‍മ 0.68 %, എച്ച്‌സിഎല്‍ ടെക്‌നോളജീസ് 0.67 %, വിപ്രോ 0.55 % വീതവും നേട്ടത്തോടെ ക്ലോസ് ചെയ്തു.
  • നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഗ്രാസിം -6.53 %, അള്‍ട്രാടെക് സിമന്റ് -5.50 %, ശ്രീ സിമന്റ് -4.64 %, ഹീറോ മോട്ടോ കോര്‍പ് -3.05 %, മാരുതി സുസൂക്കി -2.79 %, എന്‍ടിപിസി -2.55 %, സിപ്ല -2.44 % വീതവും നഷ്ടം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X