ഓഹരി സൂചികകളില്‍ ഇന്ന് ഫ്‌ലാറ്റ് ക്ലോസിങ്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും നേരിയ നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ മെറ്റല്‍ ഓഹരികളിലും തെരഞ്ഞെടുത്ത ധനകാര്യ ഓഹരികളിലും ദൃശ്യമായ ഉണര്‍വിന്റെ പിന്‍ബലത്തില്‍ സൂചികകളില്‍ ഏറെക്കുറെ നഷ്ടം നികത്തുന്ന മുന്നേറ്റമുണ്ടായി. റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം പുരോഗമിക്കുന്നതും അമേരിക്കന്‍ പണപ്പെരുപ്പ നിരക്ക് പുറത്തുവരാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയിലും നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിയില്‍ ആവേശം നിയന്ത്രിച്ചു നിര്‍ത്തി.
അതേസമയം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 15 പോയിന്റ് നഷ്ടത്തോടെ 16,569-ലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രധാന സൂചികയായ സെന്‍സെക്സ് 94 പോയിന്റ് താഴ്ന്ന് 55,675-ലും വ്യപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 16,611-ലും താഴ്ന്ന നിലവാരം 16,444-ലും കുറിച്ചു. നഷ്ടത്തോടെ ആരംഭിച്ച സൂചിക, വ്യാപാരം പുരോഗമിക്കുന്തോറും മുന്നേറുകയും ഒടുവില്‍ ഉയര്‍ന്ന നിലവാരത്തിന് സമീപം ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 35 പോയിന്റ് നേട്ടത്തില്‍ 35,310-ലും ക്ലോസ് ചെയ്തു.
ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്
നിര്‍ണായകമായ 16,450- 16,400 നിലവാരങ്ങളില്‍ നിന്നും നിഫ്റ്റി സൂചികയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കുതിപ്പ് നടത്താന്‍ സാധിച്ചില്ല. നിലവിലെ നിഫ്റ്റിയുടെ ചാര്‍ട്ടില്‍ നിശ്ചിത റേഞ്ചിനുള്ളില്‍ ചാഞ്ചാട്ടം തുടരുന്നതിനുള്ള സൂചനകളാണ് കാണിക്കുന്നത്. ഇന്‍ട്രാഡേ വ്യാപാരം നടത്തുന്നവര്‍ക്ക് 16,500 നിലവാരമായിരിക്കും നിര്‍ണായകം. ഇതിന് മുകളില്‍ നിലനില്‍ക്കാന്‍ നിഫ്റ്റിക്ക് സാധിച്ചാല്‍ 16,650- 16,750 നിലവാരങ്ങളിലേക്ക് മുന്നേറാം. അതേസമയം 16,500 നിലവാരം തകര്‍ത്ത് സൂചിക തുടരുകയാണെങ്കില്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടാനും 16,400- 16,350 നിലവാരങ്ങളിലേക്ക് നിഫ്റ്റി ഇറങ്ങാനും സാധ്യതയുണ്ട്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നേട്ടത്തിലും 9 എണ്ണം നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 1.12 ശതമാനം മുന്നേറിയ മെറ്റല്‍ വിഭാഗം ഓഹരി സൂചികയാണ് നേട്ടത്തില്‍ മുന്‍നിരയിലുള്ളത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളും നേരയി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം 1.25 ശതമാനം ഇടിഞ്ഞ മീഡിയ വിഭാഗം സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. റിയാല്‍റ്റി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പിഎസ്‌യു ബാങ്ക് തുടങ്ങിയ സൂചികകളും നഷ്ടത്തില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.11 ശതമാനം നഷ്ടത്തോടെയും സ്മോള്‍ കാപ്-100 സൂചിക 1.02 ശതമാനം ഇടിവോടെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം നടന്ന 2,176 ഓഹരികളില്‍ 807 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 1,287 ഓഹരികള്‍ നഷ്ടത്തോടെയിം വ്യാപാരം പൂര്‍ത്തിയാക്കി. ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ അനുപാതം 0.63 നിലവാരം രേഖപ്പെടുത്തി. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം അടിസ്ഥാനമാക്കുന്ന വിക്‌സ് നിരക്കുകള്‍ 1.13 ശതമാനം ഉയര്‍ന്ന് 20.20-ലേക്കെത്തി.
നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ബജാജ് ഓട്ടോ 4.02 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.69 %, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 1.66 %, ഒഎന്‍ജിസി 1.52 %, അപ്പോളോ ഹോസ്പിറ്റല്‍സ് 1.51 %, സിപ്ല 1.49 % വീതവും നേട്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്.
നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ശ്രീ സിമന്റ്‌സ് -3.14 %, ബിപിസിഎല്‍ -2.61 %, ഏഷ്യന്‍ പെയിന്റ്‌സ് -2.52 %, അള്‍ട്രാടെക് സിമന്റ് -1.74 %, ഹീറോ മോട്ടോ കോര്‍പ് -1.58 ശതമാനം വീതം നഷ്ടവും കുറിച്ചു.


Click it and Unblock the Notifications