തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ മുന്നേറ്റം. ആഗോള വിപണികള്‍ അനുകൂലമായതും രാജ്യാന്തര വിപണിയില്‍ കമ്മോഡിറ്റികളുടെ വില ഇടിയുന്നതിന്റേയും പിന്‍ബലത്തിലാണ് 'കരടി'കളോട് മല്ലിട്ട് നിര്‍ണായക നേട്ടം കരസ്ഥമാക്കാന്‍ 'കാള'കള്‍ക്ക് കഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് പ്രധാന സൂചികകളായ നിഫ്റ്റി 142 പോയിന്റ് ഉയര്‍ന്ന് 15,699-ലും സെന്‍സെക്‌സ് 462 പോയിന്റ് വര്‍ധിച്ച് 52,728-ലും ക്ലോസ് ചെയ്തു.

നൂറ് പോയിന്റോളം നേട്ടത്തോടെയാണ് നിഫ്റ്റി സൂചിക ഓപ്പണ്‍ ചെയ്തതെങ്കിലും 15,700 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കാനായില്ല. 15,749-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയതിനു പിന്നാലെ ശക്തമായ വില്‍പന സമ്മര്‍ദം നേരിടുകയും 15,600 നിലവാരങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ ഇന്നത്തെ താഴ്ന്ന നിലവാരം 15,619-ല്‍ രേഖപ്പെടുത്തി. എങ്കിലും 15,600 നിലവാരം തകരാതെ നോക്കാന്‍ നിഫ്റ്റിക്ക് കഴിഞ്ഞതോടെ ഉച്ചയ്ക്കു ശേഷം വീണ്ടും 15,700 നിലവാരത്തിലേക്ക് സാവധാനം മുന്നേറുകയായിരുന്നു.

ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് ഹരാമി പാറ്റേണ്‍ ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇതൊരു ബുള്ളിഷ് റിവേഴ്‌സലിനെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ദിവസ ചാര്‍ട്ടില്‍ സമീപകാല സ്ഥിരതയാര്‍ജിക്കല്‍ മേഖലയുടെ മുകളിലത്തെ നിലവാരത്തില്‍ സൂചിക ക്ലോസ് ചെയ്തതും ശുഭസൂചനയാണ്. മൊമന്റം സൂചകത്തില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമായിട്ടുണ്ട്. അതിനാല്‍ ഹ്രസ്വകാലയളവിലെ ട്രെന്‍ഡ് പോസിറ്റീവായ. നിഫ്റ്റി തുടരാനാണ് സാധ്യതയെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് 15,500-ലും പ്രതരോധ മേഖല 15,800/ 16,000 നിലവാരത്തിലുമാണ്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,132 ഓഹരികളില്‍ 1,620 എണ്ണവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 459 ഓഹരിള്‍ മാത്രമാണ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 3.53 ആയിരുന്നു. ഇത് വിപണിയില്‍ ബുള്ളുകള്‍ നേടിയ ആധിപത്യത്തെ കുറിക്കുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ 1.58 ശതമാനം താഴ്ന്ന് 20.55 നിലവാരത്തിലേക്കെത്തി.

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം ഇന്നു നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 0.89 ശതമാനം ഇടിഞ്ഞ ഐടി സൂചികയാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. അതേസമയം മെറ്റല്‍ വിഭാഗം സൂചിക 2.54 ശതമാനം മുന്നേറി നേട്ടക്കണക്കില്‍ മുന്നിലെത്തി. നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികകള്‍ 1.5 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
Also Read: 60% റീട്രേസ്മെന്റ് കഴിഞ്ഞ 5 ഷുഗര്‍ ഓഹരികള്‍; ലാഭം നുണയാന്‍ ഇവയില്‍ ഏത് വാങ്ങണം?

നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ മഹീന്ദ്ര & മഹീന്ദ്ര 4.36 %, ഹീറോ മോട്ടോ കോര്‍പ് 2.84 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.75 %, ബജാജ് ഫൈനാന്‍സ് 2.44 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.23 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 1.87 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ടെക് മഹീന്ദ്ര -1.04 %, ഇന്‍ഫോസിസ് -0.77 %, അപ്പോളോ ഹോസ്പിറ്റല്‍സ് -0.69 %, എന്‍ടിപിസി -0.59 %, ടിസിഎസ് -0.42 % വീതവും ഇടിഞ്ഞു.