വിപണിയില്‍ വമ്പന്‍ തകര്‍ച്ച. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിച്ചത്. ഇതിനിടെ വിപണി ആകാംക്ഷയോടെ കാത്തിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗവും നടന്നു. 5-ജി സേവനം ഉള്‍പ്പെടെയുള്ള (വിശദാംശങ്ങള്‍ ഏറ്റവും താഴെ ചേര്‍ക്കുന്നു) പ്രഖ്യാപനങ്ങള്‍ അരങ്ങേറി. ഏറ്റവുമൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 246 പോയിന്റ് താഴ്ന്ന് 17,313-ലും സെന്‍സെക്‌സ് 861 പോയിന്റ് ഇടിഞ്ഞ് 57,973-ലും ക്ലോസ് ചെയ്തു.
വമ്പന്‍ തകര്‍ച്ചയോടെയാണ് ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. പ്രധാന സൂചികകളായ സെന്‍സെക്‌സില്‍ 1,000-ലധികവും നിഫ്റ്റിയില്‍ 300-ലേറെയും പോയിന്റ് ഇടിവോടെയായിരുന്നു തുടക്കം. ഇതിലൂടെ മാത്രം നിക്ഷേപകരുടെ ആസ്തിമൂല്യത്തില്‍ 4 ലക്ഷം കോടിയാണ് നഷ്ടമായത്. പ്രധാനപ്പെട്ട എല്ലാ വിഭാഗം ഓഹരികളും നഷ്ടത്തിലേക്ക് വഴുതി വീണു.
ഐടി വിഭാഗം ഓഹരികളിലാണ് വമ്പന്‍ തകര്‍ച്ച നേരിട്ടത്. 3.5 ശതമാനം ഇടിഞ്ഞു. ധനകാര്യം, മീഡിയ, മെറ്റല്‍, റിയാല്‍റ്റി വിഭാഗം സൂചികകളും 2 ശതമാനത്തോളം നഷ്ടം കുറിച്ചു. അതേസമയം എഫ്എംസിജി വിഭാഗം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
കാരണം
- അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഇതിനെ വരുതിയിലാക്കാന്‍ ഇനിയും പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന യുഎസ് ഫെഡറല്‍ റിസവ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനവുമാണ് ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിട്ടത്.
- ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം യുഎസ് ഡോളറിനെതിരേ വീണ്ടും ദുര്‍ബലമായത്.
- രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില വീണ്ടും 100 ഡോളര്‍ നിലവാരത്തിലേക്ക് എത്തിയത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
കഴിഞ്ഞായാഴ്ച തങ്ങിനിന്നിരുന്ന സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നും ശക്തിയോടെയുള്ള വീഴ്ചയാണ് സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ഇന്നു രേഖപ്പെടുത്തിയത്. 20-ഡിഎംഎ നിലവാരത്തിന് താഴെയാണ് ക്ലോസിങ്. ഇതോടെ ബെയറിഷ് സാധ്യതയും വര്‍ധിച്ചു. ഇതിനിടെ മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐ-യില്‍ ബെയറിഷ് ക്രോസോവര്‍ ദൃശ്യമായി. 'ഓവര്‍സോള്‍ഡ്' മേഖലയിലേക്കും ആര്‍എസ്‌ഐ എത്തിച്ചേര്‍ന്നു.
അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 17,500-ലും സപ്പോര്‍ട്ട് 17,000/ 16,950-ലും പ്രതീക്ഷിക്കാം. നിലവില്‍ സൂചികയുടെ ഏറ്റവും നിര്‍ണായക നിലവാരം 17,250 ആണെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
ഇന്നത്തെ പ്രകടനം
നിഫ്റ്റി-50 സൂചികയിലെ 12 ഓഹരികള്‍ നേട്ടത്തോടെയും 38 എണ്ണം നഷ്ടത്തിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം-: ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 1.67 %, മാരുതി സുസൂക്കി 1.31 %, നെസ്ലെ ഇന്ത്യ 0.94 %, കോള്‍ ഇന്ത്യ 0.63 % വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം-: ടെക് മഹീന്ദ്ര -4.56 %, ഇന്‍ഫോസിസ് -3.82 %, വിപ്രോ -2.89 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -2.74 %, എച്ച്‌സിഎല്‍ ടെക് -2.73 %, ടിസിഎസ് -2.56 % വീതവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
റിലയന്‍സ് എജിഎം
ഇത്തവണത്തെ ദീപാവലി മുതല്‍ ജിയോയുടെ 5-ജി സേവനം ലഭ്യമായിത്തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. വേറിട്ട ഡിജിറ്റല്‍ അനുഭവങ്ങളും സ്മാര്‍ട്ട് ഹോം സേവനങ്ങളും ഉപയോഗപ്പെടുത്തി 10 കോടിയിലധികം ഭവനങ്ങളെ റിലയന്‍സ് ജിയോ 5-ജിയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിലയന്‍സ് റീട്ടെയിലിന് കീഴില്‍ പുതിയ എഫ്എംസിജി സംരംഭവും പവര്‍ ഇലക്ട്രോണിക്‌സിനു വേണ്ടി പുതിയ ഗിഗാ ഫാക്ടറി ആരംഭിക്കുമെന്നും റിലയന്‍സ് ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) മുകേഷ് അംബാനി വ്യക്തമാക്കി.
റിലയന്‍സ് ജിയോ, റീട്ടെയില്‍ ഐപിഒ സംബന്ധിച്ച വിവരം അടുത്ത വര്‍ഷം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വാര്‍ഷിക വരുമാനം 10,000 കോടി ഡോളര്‍ മറികടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് കമ്പനിയായി റിലയന്‍സ് മാറിയെന്നും അംബാനി സൂചിപ്പിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് 1,88,012 കോടി രൂപ നേരിട്ടും അല്ലാതെയും റിലയന്‍സ് ഗ്രൂപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ 39 % വര്‍ധനയാണിത്.
അതേസമയം കമ്പനിയിലെ തലമുറ മാറ്റം വ്യക്തമായി അവതരിപ്പിച്ചതും 2027-ഓടെ കമ്പനിയുടെ മൂല്യം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് ഉറപ്പാക്കിയതും അനുകൂല ഘടകങ്ങളാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.


Click it and Unblock the Notifications