തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ പ്രധാന ഓഹരി സൂചികകളില്‍ ഫ്‌ലാറ്റ് ക്ലോസിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. പുതിയ ആഴ്ചയില്‍ നഷ്ടത്തോടെ ആരംഭിച്ച സൂചിക, വ്യാപാരം പുരോഗമിക്കുന്തോറും മുന്നേറ്റം കരസ്ഥമാക്കുകയും ഒടുവില്‍ ഉയര്‍ന്ന നിലവാരത്തിന് സമീപം ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ ചൊവ്വാഴ്ച വ്യാപാരത്തിനായി പരഗിണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
മാരുതി
രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന നിര്‍മാതാക്കളിലൊന്നായ മാരുതി സുസൂക്കിയുടെ ഓഹരികള്‍ 7,700- 7,600 രൂപ നിലവാരങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 7,850 രൂപയിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 7,550 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേഡജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അടുത്തിടെ വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടങ്ങള്‍ക്കിടെ മാരുതിയുടെ (BSE: 532500, NSE: MARUTI) ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിക്കുകയാണ്.
നോസില്‍
സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയിലെ പ്രമുഖ കമ്പനിയായ നോസിലിന്റെ ഓഹരികള്‍ 265 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 290 രൂപയിലേക്കാണ് ഓഹരിയുടെ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 250 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. 2021 നവംബറിനു ശേഷം നോസിലിന്റെ (BSE: 500730, NSE: NOCIL) ഓഹരി 265 രൂപയില്‍ താഴെയായിരുന്നു നിന്നിരുന്നത്. തുടര്‍ന്ന് നിരവധി തവണ ഈ നിലവാരം ഭേദിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ ദിവസത്തോടെ ഓഹരി 265-ന് മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
തൈറോകെയര്‍
രോഗനിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയായ തൈറോകെയര്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ 669 രൂപയില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 800 രൂപയിലേക്ക് എത്തുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 654 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. തൈറോകെയറിന്റെ (BSE: 539871, NSE: THYROCARE) ദിവസ ചാര്‍ട്ടില്‍ നോക്കിയാല്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ അടുത്തിടെ രേഖപ്പെടുത്തിയ സ്ഥിരതയാര്‍ജിക്കല്‍ നിലവാരവും മറികടന്നാണ് ക്ലോസിങ്. ആര്‍എസ്‌ഐ സൂചകവും കുതിപ്പിനുള്ള സൂചന നല്‍കുന്നു.
വെല്‍സ്പണ്‍ കോര്‍പ്
എല്ലാവിധ ലൈന്‍ പൈപ്പുകളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ വെല്‍സ്പണ്‍ കോര്‍പ്പിന്റെ ഓഹരികള്‍ 233 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 255 രൂപ നിലവാരത്തിലേക്ക് ഓഹരികള്‍ കുതിക്കുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 223 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. നിലവില്‍ വെല്‍സ്പണ്‍ കോര്‍പിന്റെ (BSE: 532144, NSE: WELCORP) ഓഹരികള്‍ പ്രധാനപ്പെട്ട എല്ലാ കാലയളവിലേയും മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നില്‍ക്കുന്നത്. ആര്‍എസ്‌ഐ സൂചകത്തില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ പ്രകടമായിട്ടുണ്ട്.
ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്
നിര്‍ണായകമായ 16,450- 16,400 നിലവാരങ്ങളില്‍ നിന്നും നിഫ്റ്റി സൂചികയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഊര്‍ജം ഉള്‍ക്കൊണ്ട് കുതിപ്പ് നടത്താന്‍ സാധിച്ചില്ല. നിലവിലെ നിഫ്റ്റിയുടെ ചാര്‍ട്ടില്‍ നിശ്ചിത റേഞ്ചിനുള്ളില്‍ ചാഞ്ചാട്ടം തുടരുന്നതിനുള്ള സൂചനകളാണ് കാണിക്കുന്നത്. ഇന്‍ട്രാഡേ വ്യാപാരം നടത്തുന്നവര്‍ക്ക് 16,500 നിലവാരമായിരിക്കും നിര്‍ണായകം. ഇതിന് മുകളില്‍ നിലനില്‍ക്കാന്‍ നിഫ്റ്റിക്ക് സാധിച്ചാല്‍ 16,650- 16,750 നിലവാരങ്ങളിലേക്ക് മുന്നേറാം. അതേസമയം 16,500 നിലവാരം തകര്‍ത്ത് സൂചിക തുടരുകയാണെങ്കില്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടാനും 16,400- 16,350 നിലവാരങ്ങളിലേക്ക് നിഫ്റ്റി ഇറങ്ങാനും സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി, എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications