ടിസിഎസിന് ശേഷം പുതിയ കളികള്‍ പഠിപ്പിക്കാന്‍ ടാറ്റ, വരുന്നു ഐപിഒയുമായി- കണ്ണുംനട്ട് നിക്ഷേപകര്‍

രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ബിസിനസ് സംരംഭകരാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയുടെ വ്യാവസായിക ചരിത്രത്തില്‍ അദ്വിതീയ സ്ഥാനം കരസ്ഥമാക്കിയിട്ടുമുണ്ട്. ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഏതെങ്കിലും ഒരു ഉത്പന്നമെങ്കിലും ശരാശരി ഇന്ത്യാക്കാരന്റെ കണ്‍മുന്നില്‍ പെടാതെ ദിവസം കടന്നുപോകാറില്ല. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാതരം ബിസിനസുകളും ഉണ്ടങ്കിലും മദ്യം, പുകയില, വിനോദം എന്നീ മേഖലകളില്‍ കൈവയ്ക്കാതെ ടാറ്റ ഗ്രൂപ്പ് മാറിനില്‍ക്കുന്നതും ശ്രദ്ധേയം.

ടാറ്റ ഗ്രൂപ്പ് ഓഹരി

കോവിഡ് പ്രതിസന്ധിയില്‍ നിന്നും വിപണി കരകയറിയപ്പോള്‍ സാധാരണക്കാരായ നിരവധി നിക്ഷേപകരേയും സമ്പന്നരാക്കുന്നതില്‍ മുന്നില്‍ നിന്നവയാണ് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍. കോവിഡിന് ശേഷം വിപണിയില്‍ സാക്ഷ്യംവഹിച്ച ബുള്‍ തരംഗത്തില്‍ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചത്. ഇത്തരത്തിലുള്ള അത്ഭുത കുതിപ്പ് നടത്തിയ ടാറ്റ മോട്ടോര്‍സ് ഓഹരി വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ടാറ്റ മോട്ടോര്‍സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒ ഉടന്‍ ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമമായ സിഎന്‍ബിസി ടിവി-18 റിപ്പോര്‍ട്ട് ചെയ്തു.

ഐപിഒ

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പന അരങ്ങേറുന്നത്. 2004-ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസിന്റെ ഐപിഒയാണ് ഏറ്റവുമൊടുവിലായി ടാറ്റ ഗ്രൂപ്പില്‍ നിന്നും പ്രാഥമിക വിപണിയിലെത്തിയത്.

കൂടാതെ 2017-ല്‍ ടാറ്റ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്ത ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖറിന്റെ കീഴില്‍ നടക്കാന്‍ പോകുന്ന ആദ്യ ഐപിഒ കൂടിയാണിത്. ടാറ്റ ടെക്‌നോളജീസിന്റെ പ്രാഥമിക ഓഹരി വില്‍പനയുടെ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സിറ്റി ബാങ്കിനെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്.

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സിന് കീഴില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് & ഡിജിറ്റല്‍ സേവന ദാതാവാണ് ടാറ്റ ടെക്‌നോളജീസ്. വൈദ്യുത വാഹനങ്ങള്‍ക്ക് (EV) ആവശ്യകത വര്‍ധിക്കുന്നതും വ്യോമായന മേഖലയിലെ ഡിമാന്‍ഡ് ഉയരുന്നതുമാണ് ഐപിഒയിലേക്ക് കടക്കാന്‍ കമ്പനി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനോടൊപ്പം മാതൃകമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ കടബാധ്യത കുറയ്ക്കാനുള്ള പ്രഖ്യാപനവും ചേര്‍ത്തു വായിക്കാവുന്നതാണ്.

സമാനമായി 2011-ല്‍ പ്രാഥമിക ഓഹരി വില്‍പന പ്രഖ്യാപിച്ചതിനു ശേഷം റദ്ദാക്കിയ ടാറ്റ ഓട്ടോകോമ്പ്, ടാറ്റ സ്‌കൈ (ഇപ്പോള്‍ ടാറ്റ പ്ലേ) എന്നീ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഐപിഒയും പിന്നാലെ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന.

ടാറ്റ ടെക്‌നോളജീസ്

ടാറ്റ ടെക്‌നോളജീസ്

കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ടെക്‌നോളജീസിന്റെ 74 ശതമാനത്തിലധികം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. 2018-ല്‍ കമ്പനിയുടെ ചെറിയൊരു ഓഹരി വിഹിതം വന്‍കിട സ്വകാര്യ നിക്ഷേപകരായ വാന്‍ബര്‍ഗ് പിന്‍കസിന് കൈമാറാന്‍ നീക്കം നടന്നിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് നിയന്ത്രണ ഏജന്‍സികളുടെ അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.

അന്നത്തെ കരാറിനു വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ടാറ്റ ടെക്‌നോളജീസിന്റെ മൂല്യം 83.7 കോടി യുഎസ് ഡോളറായിട്ടാണ് (6,600 കോടി രൂപ) കണക്കാക്കിയിരുന്നത്.

പ്രവര്‍ത്തന ഫലമാണ്

അതേസമയം ടാറ്റ ടെക്‌നോളജീസ് സിഇഒ വാറന്‍ ഹാരീസിന്റെ കീഴില്‍ മികച്ച പ്രകടനമാണ് സമീപകാലത്ത് കാഴ്ചവെയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ കമ്പനിയുടെ വരുമാനത്തിലും വര്‍ധനയുണ്ട്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടെക്‌നോളജീസ് മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടത്. 3,530 കോടി രൂപ വരുമാനത്തിലും 646 കോടി രൂപ പ്രവര്‍ത്തന ലാഭമായും 437 കോടി രൂപ അറ്റാദായ ഇനത്തിലും കമ്പനി രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ മികച്ച പ്രവര്‍ത്തന ഫലമാണിത്.

ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വലിയ സംയോജിത കോര്‍പ്പറേറ്റ് കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. 8 ലക്ഷത്തിലധികം ജീവനക്കാര്‍ ഗ്രൂപ്പിന്റെ കീഴിലുണ്ട്. തൊഴിലാളികള്‍ക്ക് പിഎഫ്, 8 മണിക്കൂര്‍ ജോലി, പ്രസവാവധി, ഡേ കെയര്‍ പോലുള്ള ആനുകൂല്യങ്ങള്‍ രാജ്യത്ത് ആദ്യം നടപ്പാക്കിയത് ടാറ്റ കമ്പനികളാണ്. ലിസ്റ്റ് ചെയപ്പെട്ട കമ്പനികളുടെ മൊത്ത വിപണി മൂല്യം 23 ലക്ഷം കോടി കവിയും. 6 വന്‍കരകളിലായി 100-ഓളം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

140 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. 153 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ജംഷഡ്ജി ടാറ്റയാണ്. ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശത്തിന്റെ 65.8 ശതമാനവും ടാറ്റ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴിലാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X