വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്റ്റി സൂചിക 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. നിഫ്റ്റി മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകളാവട്ടെ 20 ശതമാനത്തിലേറെ ഇടിഞ്ഞ് 'ബെയര്‍ മാര്‍ക്കറ്റ്' ഘട്ടത്തിലേക്കും കടന്നു. സമാനമായി കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 23 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളപ്പെട്ടുപോയ ഒരു ജുന്‍ജുന്‍വാല ടാറ്റ ഗ്രൂപ്പ് ഓഹരിയെ കുറിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ മാര്ഗോപദേശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വേര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി- ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്എല് ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷനായത്. സമുദ്രത്തിന് അടിയിലൂടെ 5 ലക്ഷത്തിലധികം കിലോമീറ്ററും ഭൗമോപരിതലത്തിലൂടെ 2.1 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഫൈബര്‍ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. 190-ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പെട്ട 300 കമ്പനികള്‍ക്കും സേവനം നല്കുന്നു.
ഓഹരി വിശദാംശം
ടാറ്റ കമ്മ്യൂണിക്കേഷന്റെ ഓഹരികളില്‍ 58.86 ശതമാനവും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 4.96 ശതമാനം ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 19.38 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.37 ശതമാനമാണ്. ടെലിക്കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 23.35 ആയിരിക്കുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്റേത് 16.84 നിരക്കിലാണ്. ഇന്നത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 24,947 കോടിയാണ് ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
രാകേഷ് ജുന്‍ജുന്‍വാല, ഭാര്യ രേഖയിലൂടെയാണ് ടാറ്റ കമ്മ്യൂണിക്കേഷനില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം രേഖ ജുന്‍ജുന്‍വാലയ്ക്ക് 30,75,687 ഓഹരികള്‍ അഥവാ 1.08 ശതമാനം ഓഹരി വിഹിതമാണ് കൈവശമുളളത്.
അതേസമയം 5 ശതമാനത്തോളം ഇടിഞ്ഞ് 875 രൂപയിലാണ് ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്. നിലവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈവര്‍ഷം ഇതുവരെയായി ഓഹരി വിലയില്‍ 40 ശതമാനത്തോളം ഇടിവുണ്ടായി. 52 ആഴ്ച കാലയളവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,592 രൂപയും താഴ്ന്ന വില 856 രൂപയുമാണ്.
ലക്ഷ്യവില 730- 1,600
- ഭാവിയിലേക്കുള്ള കൃത്യമായ വരുമാന വളര്‍ച്ചാ മാര്‍ഗോപദേശം രേഖപ്പെടുത്താന്‍ ടാറ്റ കമ്മ്യൂണിക്കേഷേന് സാധിക്കാതിരുന്നത് ചൂണ്ടിക്കാട്ടി ഓഹരിയുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ താഴ്ത്തി നിശ്ചയിച്ചു. നേരത്തെ നല്‍കിയിരുന്ന 1,440 രൂപയില്‍ നിന്നും 1,070 രൂപ നിലവാരത്തിലേക്കാണ് ലക്ഷ്യവില താഴ്ത്തിയത്.
- അതേസമയം ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിക്ക് ഐസിഐസിഐ സെക്യൂരിറ്റീസ് 'ബൈ റേറ്റിങ്' നല്‍കിയിട്ടുണ്ട്. വിദേശ വിപണിക്കൊപ്പം ഇന്ത്യയിലെ സ്ഥിതിയും മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമം ചൂണ്ടിക്കാട്ടിയാണ് 1,600 രൂപ ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 83 ശതമാനം നേട്ടമാണ് പ്രവചിക്കുന്നത്.
- ഓഹരികള്‍ ബെയറിഷ് ട്രെന്‍ഡില്‍ ആയതിനാലും നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ക്കുന്നതിന്റെ വക്കില്‍ നില്‍ക്കുന്നതിനാലും ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE: TATACOMM) ഓഹരി 760- 730 രൂപ നിലവാരത്തിലേക്ക് (61.8% റീട്രേസ്മെന്റ്) താഴാനുള്ള സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനമായ അഷിക ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഓഹരി 1,000 രൂപയുടെ മുകളില്‍ നിലനില്ക്കാന് സാധിച്ചെങ്കില്‍ മാത്രമെ നിലവിലുള്ള ദുര്‍ബലാവസ്ഥ മാറിയെന്ന് കരുതാവുകയുള്ളൂ എന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
- ഇടക്കാലയളവിലേക്ക് കമ്പനിക്ക് ലഭിക്കുന്ന കരാറും അത് വരുമാനമാകന് എടുക്കുന്ന ദൈര്‍ഘ്യവും ചൂണ്ടിക്കാട്ടി മോത്തിലാല്‍ ഓസ്വാള്‍ 1,100 രൂപയായി ടാറ്റ കമ്മ്യൂണിക്കേഷന്റെ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരിയുടെ വിപണി വിലയില്‍ നിന്നും 26 ശതമാനം മുകളിലാണിത്.
- ആഗോള തലത്തില്‍ തന്നെ ടെക്നോളജി ഓഹരികള്‍ തിരിച്ചടി നേരിടുകയാണ്. അതിനാല്‍ കടം- ഓഹരി അനുപാതം ഉയര്‍ന്നു നില്ക്കുന്ന ടാറ്റ കമ്മ്യൂണിക്കേഷന്‍ പോലെയുള്ള ഓഹരികള്‍ക്കുമേല്‍ വില്പന സമ്മര്‍ദമുണ്ട്. ദിവസ ചാര്‍ട്ടില്‍ 'ഗ്രീന്‍ കാന്‍ഡില്‍' ലഭിച്ചാല്‍ ഹ്രസ്വകാലയളവിലേക്ക് മാത്രമായി 998- 1,020 രൂപ ലക്ഷ്യമാക്കി ഈ ഓഹരി വാങ്ങാമെന്ന് ടിപ്സ്2ട്രേഡ്സ് സൂചിപ്പിച്ചു.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടാറ്റ കമ്മ്യൂണിക്കേഷന്റെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം 1 ശതമാനവും പ്രവര്‍ത്തന ലാഭം 15.5 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 4,263 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4.66 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 365 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനം 10.50 രൂപയില്‍ നിന്നും 12.81-ലേക്ക് ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ



Click it and Unblock the Notifications