കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുകളില്‍ മിക്കവയും മള്‍ട്ടിബാഗര്‍ പട്ടം ചൂടിയവരാണ്. ഇക്കൂട്ടത്തില്‍ ഒന്നാണ് ടാറ്റ പവറും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി തൊട്ട് ഇതുവരെ നിക്ഷേപകര്‍ക്ക് 160 ശതമാനത്തിലേറെ ലാഭം തിരിച്ചുനല്‍കാന്‍ ടാറ്റ പവറിന് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില ഈ വര്‍ഷവും കുതിക്കുമെന്നുതന്നെയാണ് ആഗോള, ആഭ്യന്തര ബ്രോക്കറേജുകളുടെ പ്രതീക്ഷ.
ഏറ്റവുമൊടുവില്‍ എഡല്‍വീസ് ഫൈനാന്‍ഷ്യലാണ് ഈ ടാറ്റ സ്‌റ്റോക്കില്‍ പച്ചക്കൊടി കാട്ടുന്നത്. ഹ്രസ്വകാലംകൊണ്ട് ടാറ്റ പവര്‍ ഓഹരികള്‍ 284 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു.
സ്റ്റോക്കില്‍ നിക്ഷേപകരുടെ പ്രതീക്ഷ സാവധാനം ഉയരവെ, വിപണിയില്‍ അപ്രതീക്ഷിത ഇറക്കത്തിലേക്ക് വീണിരിക്കുകയാണ് ടാറ്റ പവര്‍. ചൊവാഴ്ച്ച കമ്പനിയുടെ ഓഹരി വിലയില്‍ 7 ശതമാനത്തിലേറെയുള്ള ഇടിവ് സംഭവിച്ചു. ബുധനാഴ്ച്ച ഡിസംബര്‍ പാദഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ടാറ്റ പവറിന്റെ ഇന്നത്തെ വീഴ്ച്ച.
രാവിലെ 252.50 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 11 മണിയോടെ 233 രൂപയിലേക്ക് നിലംപതിക്കുകയായിരുന്നു. അവസാന മണി മുഴങ്ങുമ്പോള്‍ 233.30 രൂപയില്‍ ടാറ്റ പവര്‍ തിരശ്ശീലയിട്ടു. ഇന്നത്തെ വ്യാപാരത്തിനിടെ 253.60 രൂപ വരെയുള്ള ഉയര്‍ച്ചയും 232.60 രൂപ വരെയുള്ള താഴ്ച്ചയുമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഉത്പാദന കമ്പനികളില്‍ ഒന്നാണ് ടാറ്റ പവര്‍. ഹോം ചാര്‍ജിങ്, പബ്ലിക് ചാര്‍ജിങ്, വര്‍ക്ക്‌പ്ലേസ് ചാര്‍ജിങ്, കാപ്റ്റീവ് ചാര്‍ജിങ് ഉള്‍പ്പെടെ നിരവധി സെഗ്മന്റുകളില്‍ കമ്പനി ഇവി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. രാജ്യം വൈദ്യുത വാഹന വിപ്ലവത്തിന് തയ്യാറെടുക്കവെ, നിരവധി വാഹന കമ്പനികളുമായി ടാറ്റ പവര്‍ ധാരണയിലെത്തിയത് കാണാം. ചാര്‍ജിങ് സ്റ്റേഷനുകളില്‍ എല്ലാ തരത്തിലുള്ള ചാര്‍ജറുകളും സ്ഥാപിക്കാന്‍ സജ്ജമാണെന്ന് കമ്പനി പറയുന്നു.
50 കിലോവാട്ട് വരെ ശേഷിയുള്ള DC 001, AC, Type2, Fast DC ചാര്‍ജറുകള്‍ക്ക് പുറമെ ബസുകള്‍ക്കായി 240 കിലോവാട്ട് വരെ ശേഷിയുള്ള ചാര്‍ജറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനും ടാറ്റ പവര്‍ പര്യാപ്തമാണ്.
നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ കൂടുതലായി ഓടിത്തുടങ്ങുമെന്ന് കണ്ട് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴി ഏറ്റവും അരികിലുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താം, ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാം, ഓണ്‍ലൈന്‍ വഴി പണവുമടയ്ക്കാം. നിലവില്‍ 1.2 കോടി ഉപയോക്താക്കളുണ്ട് ടാറ്റ പവറിന്.
പറഞ്ഞുവരുമ്പോള്‍ കടബാധ്യത കുറയ്ക്കുക എന്ന പ്രഥമ കര്‍ത്തവ്യമാണ് മാനേജ്‌മെന്റിന് മുന്നില്‍ ഇപ്പോഴുള്ളത്. അടുത്ത ഒരു വര്‍ഷം കൊണ്ട് ആസ്തികള്‍ വിറ്റഴിച്ചും ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം (കടം ഓഹരി അനുപാതം) 2.3 -ല്‍ നിന്നും 1.4 -ലേക്ക് ക്രമപ്പെടുത്തിയും കടബാധ്യത കുറയ്ക്കാന്‍ കമ്പനി ആലോചിക്കുന്നു. 2025 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും വരുമാനം ഇരട്ടിയും (60,000 കോടി രൂപ) അറ്റാദായം മൂന്നിരട്ടിയുമായി (3,600 കോടി രൂപ) വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
സെപ്തംബര്‍ പാദം മികച്ച 'പ്രോഗ്രസ് റിപ്പോര്‍ട്ടാണ്' ടാറ്റ പവര്‍ കാഴ്ച്ചവെച്ചത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 371 കോടി രൂപയില്‍ നിന്നും 506 കോടി രൂപയായി ഉയരുകയുണ്ടായി. ഇക്കാലഘട്ടത്തില്‍ വരുമാനവും 8,441.6 കോടി രൂപയില്‍ നിന്ന് 10,187.3 കോടി രൂപയായി വര്‍ധിച്ചു. എന്തായാലും മുന്നോട്ടുള്ള പാദങ്ങളില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് ബ്രോക്കറേജുകള്‍ കമ്പനിയില്‍ കാണുന്നത്.
അടുത്തിടെ അജ്മീര്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡുമായി (എവിവിഎന്‍എല്‍) ടാറ്റ പവര്‍ ധാരണയിലെത്തിയിരുന്നു. കരാര്‍ പ്രകാരം അടുത്ത 20 വര്‍ഷം എവിവിഎന്‍എല്ലിന്റെ ഉപഭോക്താക്കള്‍ക്ക് ടാറ്റ പവറാണ് വൈദ്യുതി വിതരണം ചെയ്യുക.
ഇന്തോനേഷ്യയിലെ പ്രമുഖ കല്‍ക്കരി പാടമായ പിടി കാല്‍ടിം പ്രിമ കോള്‍ കമ്പനിയില്‍ 30 ശതമാനം ഓഹരി പങ്കാളിത്തം വാങ്ങിയതും ടാറ്റ പവറുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസമാണ്.
ഈ നീക്കം ടാറ്റ പവറിന്റെ താപവൈദ്യുതനിലയങ്ങള്‍ക്ക് ഗുണം ചെയ്യും. ആവശ്യത്തിന് കല്‍ക്കരി ഉറപ്പുവരുത്താന്‍ ഇനി കമ്പനി ബുദ്ധിമുട്ടില്ല. ഭൂട്ടാന്‍ സര്‍ക്കാരുമായി ജലവൈദ്യുത പദ്ധതിക്കും ടാറ്റ പവര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
നിലവില്‍ 233.30 രൂപയാണ് ടാറ്റ പവറിന്റെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 267.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 86 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 48.85. ഡിവിഡന്റ് യീല്‍ഡ് 0.66 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications