തിരുമ്പി വന്തിട്ടേന്നു സൊല്ല്! സര്‍ക്കാരിന് ഓഹരികള്‍ കൈമാറില്ലെന്ന് ഈ ടാറ്റ കമ്പനി; വിലയില്‍ വന്‍കുതിപ്പ്!

തിരുമ്പി വന്തിട്ടേന്നു സൊല്ല്! വിപണിയില്‍ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് (ടിടിഎംഎല്‍) വീണ്ടും അപ്പര്‍ സര്‍ക്യൂട്ടിന് തുടക്കമിട്ടിരിക്കുകയാണ്. ബുധനാഴ്ച്ച രാവിലെത്തന്നെ കമ്പനിയുടെ ഓഹരി വില 5 ശതമാനം കുതിച്ചുകയറി. കേന്ദ്ര സര്‍ക്കാരിന് ഓഹരികള്‍ വില്‍ക്കില്ലെന്ന പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ ടെലിസര്‍വീസസിന്റെ തിരിച്ചുവരവ്.

ഓഹരി കൈമാറ്റം

നേരത്തെ, എജിആര്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശയൊടുക്കാന്‍ വേണ്ടി കമ്പനി കണ്ടെത്തിയ പോംവഴിയായിരുന്നു ഓഹരി കൈമാറ്റം. എന്നാല്‍ കമ്പനി കണക്കുകൂട്ടിയതിലും ഏറെ താഴെയാണ് നിശ്ചിത ശതമാനം പലിശതുക ഓഹരികളാക്കി മാറ്റാന്‍ കഴിയുക. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഓഹരികള്‍ കൈമാറാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി ടാറ്റ ടെലിസര്‍വീസസ് ഔദ്യോഗികമായി അറിയിച്ചു.

കണക്കുകൂട്ടൽ

എജിആആര്‍ കുടിശ്ശികയിലെ പലിശയ്ക്ക് തത്തുല്യമായ ഓഹരികള്‍ വില്‍ക്കാനുള്ള ആലോചനയ്ക്ക് കമ്പനിയാണ് ആദ്യം മുന്‍കയ്യെടുത്തത്. ഇക്കാര്യവുമായി മാനേജ്‌മെന്റ് ടെലികോം മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. പലിശയ്ക്ക് പകരം ഓഹരികള്‍ ഏറ്റെടുക്കുന്നതില്‍ ടെലികോം മന്ത്രാലയം പിന്നാലെ പച്ചക്കൊടി വീശി. എന്നാല്‍ നിലവിലെ പലിശമൂല്യം കണക്കാക്കുമ്പോള്‍ 195.2 കോടി രൂപ മാത്രമേ ഓഹരിയാക്കി മാറ്റാന്‍ കഴിയുകയുള്ളൂ. പലിശയിനത്തില്‍ ഒടുക്കാന്‍ ടാറ്റ ടെലിസര്‍വീസസ് കണക്കുകൂട്ടിയതകാട്ടെ, 850 കോടി രൂപയും.

 
വീഴ്ച്ച

എന്തായാലും ഈ ഇടപാടില്‍ നഷ്ടം ബാക്കിയാകുമെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ഓഹരികള്‍ കൈമാറില്ലെന്ന തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗമെടുത്തു. ഇപ്പോള്‍, എജിആര്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ അടയ്ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് കമ്പനി.
നേരത്തെ, വോഡഫോണ്‍ ഐഡിയക്കൊപ്പം ടാറ്റ ടെലിസര്‍വീസസിന്റെയും ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില താഴേക്ക് നിലംപതിച്ചിരുന്നു.

പ്രതീക്ഷ

ജനുവരിയില്‍ മാത്രം 30 ശതമാനത്തിലേറെയുള്ള തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍, ജനുവരി 11 തൊട്ട് വീഴ്ച്ചകളുടെ പരമ്പര സ്‌റ്റോക്കില്‍ കാണാം. 290 രൂപയില്‍ നിന്നും 140 രൂപയിലേക്ക് കമ്പനി മൂക്കുംകുത്തി വീണു. എന്തായാലും സര്‍ക്കാരിന് ഓഹരികള്‍ വില്‍ക്കില്ലെന്ന തീരുമാനം വിപണിയില്‍ നിക്ഷേപകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്.

അഭിപ്രായം

വീണ്ടും അപ്പര്‍ സര്‍ക്യൂട്ടുകളുടെ നീണ്ട നിരയ്ക്ക് ടാറ്റ ടെലിസര്‍വീസസ് സാക്ഷിയാകുമോയെന്ന സംശയത്തിലാണ് ഒരുവിഭാഗം നിക്ഷേപകര്‍. സ്റ്റോക്ക് ഇപ്പോള്‍ വാങ്ങണോ വേണ്ടയോ എന്ന സംശയം ഇവര്‍ പങ്കുവെയ്ക്കുന്നു.

വിഷയത്തില്‍ ഷെയര്‍ ഇന്ത്യ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റും റിസര്‍ച്ച് മേധാവിയുമായ രവി സിങ് അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

 
വിട്ടുനിൽക്കാം

ടാറ്റ ടെലിസര്‍വീസസ് സ്റ്റോക്കിലെ വോളിയം വളരെ കുറവാണ്. ഊഹക്കച്ചവടവുമായാണ് നിക്ഷേപകരില്‍ വലിയൊരു ശതമാനം സ്റ്റോക്ക് വാങ്ങിയിട്ടുള്ളത്. സര്‍ക്കാരിന് ഓഹരികള്‍ കൈമാറില്ലെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില സാവധാനം ഉയരുന്നുണ്ട്. 142-200 രൂപ നിലവാരത്തിലായിരിക്കും സ്റ്റോക്കിന്റെ ഇനിയുള്ള പ്രയാണം. ഉയര്‍ന്ന ചാഞ്ചാട്ടം സ്റ്റോക്കില്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് കുറച്ചുകാലം ടാറ്റ ടെലിസര്‍വീസസില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് രവി സിങ് വിലയിരുത്തുന്നു.

ടാറ്റ ടെലിസര്‍വീസസ്

ടാറ്റ ടെലിസര്‍വീസസ്

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ കച്ചവടം പൂട്ടിപ്പോയ കമ്പനികളില്‍ ഒന്നാണ് ടാറ്റ ടെലിസര്‍വീസസ്. ജിയോയുമായുള്ള നിരക്ക് 'യുദ്ധത്തില്‍' പിടിച്ചുനില്‍ക്കാന്‍ ടാറ്റ ടെലിസര്‍വീസസിന്റെ ഡോക്കോമോയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു. നഷ്ടക്കയത്തില്‍ മുങ്ങിയതോടെ 2017 ഓഗസ്റ്റില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ഡിവിഷന്‍ കമ്പനി പൂര്‍ണമായും നിര്‍ത്തി. തുടര്‍ന്ന് കണ്‍സ്യൂമര്‍ മൊബൈല്‍ ബിസിനസ് ഭാരതി എയര്‍ടെലിന് ടാറ്റ കൈമാറി. 2020 -ല്‍ ടാറ്റ ടെലിസര്‍വീസസിലെ 286 ബില്യണ്‍ രൂപയുടെ നിക്ഷേപം ടാറ്റ സണ്‍സിന് എഴുതിത്തള്ളേണ്ടതായും വന്നു.

 
പുതിയ ബിസിനസ്

എന്നാല്‍ ഇതൊക്ക പഴങ്കഥ. ടാറ്റ ടെലിസര്‍വീസസിനെ 'ടാറ്റ ടെലി ബിസിനസ് സര്‍വീസസ്' ആയി ടാറ്റ സണ്‍സ് പുനരവതരിപ്പിച്ചുകഴിഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമാക്കിയുള്ള ബിസിനസ് മോഡലാണ് ടാറ്റ ടെലി ബിസിനസ് സര്‍വീസസിന്റേത്. ക്ലൗഡ് ടെക്നോളജി അധിഷ്ഠിത കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം 'സ്മാര്‍ട്ട്ഫ്ളോയെ' കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 'സ്മാര്‍ട്ട് ഇന്റര്‍നെറ്റും' കമ്പനി പ്രഖ്യാപിക്കുകയുണ്ടായി. ക്ലൗഡ് അധിഷ്ഠിത സുരക്ഷയുള്ള ചെലവു കുറഞ്ഞ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളാണ് സ്മാര്‍ട്ട് ഇന്റര്‍നെറ്റിലൂടെ ടാറ്റ ടെലിസര്‍വീസസ് വാഗ്ദാനം ചെയ്യുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X