ആഗോള വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയേയും ബാധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ജൂൺ 4 ബുധനാഴ്ച, ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ കരകയറി. ഇന്നലെ സെൻസെക്സ് 260.74 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 80,998.25 ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 24,620.20 ലെവലിലും എത്തി.
ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തതിനാൽ ഇന്നത്തെ സെഷനിൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധയാകർഷിക്കും? വേദാന്ത, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, കെഇസി ഇന്റർനാഷണൽ തുടങ്ങിയ നിരവധി ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാവും. ഇന്ന് വാങ്ങാവുന്ന ഓരോ സ്റ്റോക്കിനെ കുറിച്ചും കൂടുതൽ അറിയാം...
ഇന്ന് ശ്രദ്ധയാകർഷിക്കുന്ന ഓഹരികൾ
- വേദാന്ത ലിമിറ്റഡ്
പുനരുപയോഗ ഊർജ്ജ ശേഷി 1.03 ജിഗാവാട്ടായി വർദ്ധിപ്പിച്ചുവെന്നും, 2030 എത്തുമ്പോൾ 2.5 ജിഗാവാട്ട് ഹരിത ഊർജ്ജം കൈവരിക്കുമെന്നും വേദാന്ത ലിമിറ്റഡ് ഇന്നലെ അറിയിച്ചു. ഇന്നലെ മികച്ച നേട്ടത്തോടെയാണ് ഓഹരി കുതിച്ചത്. നിലവിൽ ഓഹരിയുടെ വില 436.50 രൂപയാണ്.
- കോൾ ഇന്ത്യ ലിമിറ്റഡ്
2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച്, കോൾ ഇന്ത്യ ലിമിറ്റഡിന്റെ (CIL) അനുബന്ധ സ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (WCL) 4,375.55 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭം (PBT) റിപ്പോർട്ട് ചെയ്തു. അതിനാൽ തന്നെ ഇന്നലെ ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തു.

- അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഓഹരികൾ
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററുമായ അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) ഫസ്റ്റ് അബുദാബി ബാങ്ക്, ബാർക്ലേസ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയുൾപ്പെടെയുള്ള വിദേശ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 750 മില്യൺ യുഎസ് ഡോളർ ധനസഹായം നേടി. ഇത് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഓഹരികൾക്ക് നേട്ടം നൽകി.
- റിലയൻസ് ഇൻഫ്ര
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ ഇന്നലെ കുത്തനെ ഉയർന്നു. കമ്പനിക്കെതിരെ ഉയർന്ന വിവിധ നടപടികൾ NCLAT ഇന്നലെ ജൂൺ 4ന് സ്റ്റേ ചെയ്തതോടെ ഓഹരികളും നേട്ടത്തിൽ ക്ലോസ് ചെയ്തു.
- ഗ്ലാൻഡ് ഫാർമ
ഇന്നലെ ഗ്ലാൻഡ് ഫാർമ ഓഹരികൾ വിപണിയിൽ മികച്ച നേട്ടം സൃഷ്ടിച്ചു. തുടക്കത്തിൽ കനത്ത ഇടിവുണ്ടായെങ്കിലും പിന്നീട് 1,624.30 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ഇന്നും ഈ ഓഹരികൾ ശ്രദ്ധാ കേന്ദ്രമായി തുടരും.
- ഓയിസ്റ്റർ - ജിൻഡാൽ ഫോർജ് ഗ്രീൻ എനർജി
സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാതാക്കൾക്ക് മികച്ച വൈദ്യുതി നൽകുന്നതിനായി ജിൻഡാൽ സ്റ്റെയിൻലെസുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഊർജ്ജ ഉൽപ്പാദനത്തിലെ പ്രധാനികളായ ഓയിസ്റ്റർ റിന്യൂവബിൾ എനർജി ഇന്നലെ പ്രഖ്യാപിച്ചു. നിലവിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ഓഹരികൾ ശ്രദ്ധാ കേന്ദ്രമാവുന്നു.
- കെഇസി ഇന്റർനാഷണൽ
ഇന്നലെ ഓഹരി വിപണിയിൽ കെഇസി ഇന്റർനാഷണൽ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ 881 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നത്തെ വിപണിയിൽ ഈ ഓഹരികളും ശ്രദ്ധയാകർഷിക്കും.
- അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരികൾ
എയ്‌റോസ്‌പേസ്, പ്രതിരോധം എന്നീ മേഖലകളിലെ മുൻനിര ടെക്നോളജി സ്ഥാപനമായ അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരികളും ഇന്നലെ വമ്പൻ നേട്ടം കൈവരിച്ചു. 202.50 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തത്.


Click it and Unblock the Notifications